നിങ്ങൾ കുടിക്കുന്നത് ‘ചായയാണോ’? കാണുന്നതെല്ലാം ചായ ആവില്ലെന്ന് FSSAI

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ലേബലിങ്ങിന് തടയിടാൻ നിർണായക നീക്കവുമായി ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ). കമീലിയ സിനിസിസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന യഥാർഥ  തേയിലച്ചെടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ മാത്രമേ ഇനി മുതൽ നിയമപരമായി 'ചായ' എന്ന പേരിൽ വിപണനം ചെയ്യാൻ പാടുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി.

എന്തുകൊണ്ടാണ് ഈ നിയന്ത്രണം?

നിലവിൽ വിപണിയിലുള്ള പല ഹെർബൽ ഇൻഫ്യൂഷനുകളും (ഔഷധ സസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിട്ട് തിളപ്പിച്ചെടുക്കുന്ന  പാനീയങ്ങൾ) പൂക്കളിൽ നിന്നുള്ള പാനീയങ്ങളും ഹെർബൽ ടീ, ഫ്ലവർ ടീ, റൂയിബോസ് ടീ എന്നീ പേരുകളിൽ വിപണിയിലുണ്ട്. എന്നാൽ ഇവയൊന്നും യഥാർഥ തേയിലച്ചെടിയിൽ നിന്നുള്ളവയല്ലെന്ന് എഫ്എസ്എസ്ഐ നിരീക്ഷിച്ചു. ഗ്രീൻ ടീ, കാംഗ്ര ടീ, ഇൻസ്റ്റന്റ് ടീ എന്നിവയുൾപ്പെടെയുള്ളവ തേയിലയിൽ നിന്നുതന്നെ തയ്യാറാക്കിയവയാകണമെന്നും ഡിസംബർ 24-ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

നിയമലംഘകർക്കെതിരെ കർശന നടപടി

ഓരോ പാക്കറ്റിന്റെയും മുൻവശത്തും ഉൽപ്പന്നത്തിൻ്റെ പേര് നൽകിയിരിക്കണമെന്നും തേയില അല്ലാത്ത സസ്യങ്ങളിൽ നിന്നുള്ള മിശ്രിതങ്ങളെ ചായ എന്ന് വിശേഷിപ്പിക്കുന്നത് മിസ്ബ്രാൻഡിങ്ങായി കണക്കാക്കുമെന്നും ഇത് 2006-ലെ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. 

ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നവർക്കും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കും പുതിയ നിബന്ധന ബാധകമാണ്.

Content Highlights: FSSAI introduces strict new rules for tea labeling