ആട്ടിയ വെളിച്ചെണ്ണയിൽ വറുത്ത ഉപ്പേരി, നല്ല ശര്‍ക്കരവരട്ടിയും; പുതിയ സംരംഭവുമായി ലതികാ സുഭാഷ്

ലതികാ സുഭാഷ്‌, ലതികാസ് കിച്ചണിന്റെ ലോഗോ | Photo: Facebook/ Lathika Subhash
ലതികാ സുഭാഷ്‌, ലതികാസ് കിച്ചണിന്റെ ലോഗോ | Photo: Facebook/ Lathika Subhash

രാഷ്ട്രീയത്തില്‍ കൈപ്പേറിയ അനുഭവങ്ങളുടെ രുചിയും അറിഞ്ഞ നേതാവാണ് എന്‍.സി.പി. സംസ്ഥാന ഉപാധ്യക്ഷ ലതിക സുഭാഷ്. എന്നാല്‍, തന്റെ കൈപ്പുണ്യംകൊണ്ട് ഒത്തിരിപ്പേരുടെ മനസ്സ് നിറയ്ക്കുകയാണ് ഇപ്പോഴവര്‍. മൂന്നുമാസം മുമ്പ് തുടങ്ങിയ സംരംഭത്തിന്റെ പേര് 'ലതികാസ് കിച്ചണ്‍'. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് ഏത്തയ്ക്കാ ഉപ്പേരിയും ശര്‍ക്കരവരട്ടിയും കേരളത്തില്‍ എവിടേയും എത്തിച്ചുകൊടുക്കും.

ഉപ്പേരികള്‍ രണ്ടുതരമാണ്- സാധാരണ ഏത്തയ്ക്കാ ഉപ്പേരിയും നാലായി കീറി അരിഞ്ഞ് വറുക്കുന്ന ഉപ്പേരിയില്‍ നല്ല നാടന്‍ കറിവേപ്പിലയിട്ടതും. ഇതില്‍ നാലായി കീറി വറുക്കുന്ന ഉപ്പേരിക്കാണ് മികച്ച അഭിപ്രായം കൂടുതല്‍ ലഭിച്ചതെന്ന് പറയുന്നു അവര്‍. ശര്‍ക്കരവരട്ടിയും ചക്കവറുത്തതും നിര്‍മിക്കുന്നുണ്ട്.

നിര്‍മാണത്തില്‍ ഗുണമേന്മയില്‍ ഒട്ടും വിട്ടുവീഴ്ചയില്ല. ആട്ടിയ വെളിച്ചെണ്ണയിലാണ് ഏത്തയ്ക്കാ വറുക്കുന്നത്. ഓര്‍ഡറിനനുസരിച്ച് മാത്രം വെളിച്ചെണ്ണ വാങ്ങിക്കും. ഒറ്റത്തവണയേ ഉപയോഗിക്കുകയുള്ളൂ. വെളിച്ചെണ്ണ വാങ്ങുന്ന കണ്ടെയ്‌നറില്‍പ്പോലുമുണ്ട് സൂക്ഷ്മത. സ്വന്തം പറമ്പിലെ കറിവേപ്പിലയാണ് ഉപയോഗിക്കുന്നത്.

'ടേസ്റ്റ് ദി ലഗസി' എന്നാണ് ലതികാസ് കിച്ചണിന്റെ ടാഗ്‌ലൈന്‍. അതിനെക്കുറിച്ച് ലതികാ സുഭാഷ് പറയുന്നത് ഇങ്ങനെ: 'അമ്മ നന്നായി പാചകംചെയ്യുമായിരുന്നു. ഓണത്തിന് ശര്‍ക്കരവരട്ടിയും ഉപ്പേരിയുമൊക്കെയുണ്ടാക്കും. അമ്മയുടെ രുചി അറിയുന്നതിനാല്‍ തന്നെ കടയില്‍നിന്ന് വാങ്ങുന്ന ചിപ്‌സ് പോലുള്ളവയില്‍ താത്പര്യമുണ്ടായിരുന്നില്ല. അമ്മ മരിച്ചതില്‍ പിന്നെ ഉപ്പേരിയും അച്ചാറുമൊക്കെ സ്വന്തമായി ഉണ്ടാക്കാന്‍ തുടങ്ങി'.

കഴിച്ചവര്‍ക്കൊക്കെ ഇഷ്ടമായി. അവര്‍ പ്രോത്സാഹിപ്പിച്ചു. വിദേശത്തുള്ള മകനും ഭാര്യയും ഒപ്പംനിന്നു. നേരത്തെ തുടങ്ങിയ ഡ്രൈവിങ് സ്‌കൂളും പൈനാപ്പിള്‍ കൃഷിയും കോവിഡ് കാലത്തോടെ നഷ്ടത്തിലായി. എന്നാല്‍, പാചകത്തില്‍ അമ്മ നേരിട്ട് ഇടപെടുന്നത് കാരണം വിജയിക്കാന്‍ സാധ്യതകൂടുതലാണെന്ന് മകനും ഭാര്യയും പ്രോത്സാഹിപ്പിച്ചു. പങ്കാളി സുഭാഷും പിന്തുണച്ചു.

ഒരിക്കല്‍ വാങ്ങിയവര്‍ ഇഷ്ടമായി വീണ്ടും തേടിയെത്തുന്നുണ്ടെന്ന് ലതികാ സുഭാഷ് പറയുന്നു. വിദേശത്തേക്കടക്കം പോകുന്ന മക്കള്‍ക്കുവേണ്ടി ആളുകള്‍ നേരത്തേ ഓര്‍ഡര്‍ചെയ്യാന്‍ തുടങ്ങി. കൂറിയര്‍ വഴി കേരളത്തില്‍ എവിടേയും എത്തിച്ചുനല്‍കും. ഒരാള്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യവുമുണ്ട് അവര്‍ക്ക്.

ഓണക്കാലത്ത് കൂടുതല്‍ ഓര്‍ഡര്‍ കിട്ടി. പൊതുപ്രവര്‍ത്തനത്തിന് അവധിയില്ല. ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞ് വൈകീട്ടും രാത്രിയുമായാണ് ജോലി. പൊതുപ്രവര്‍ത്തനം കാരണം വരുമാനത്തേക്കാള്‍ ചെലവുണ്ടായിരുന്നു. സ്വന്തം കൈയില്‍നിന്ന് പണമെടുത്ത് കേരളത്തില്‍ പലയിടത്തും ഓടിയെത്തിയിട്ടുണ്ട്. സാമ്പത്തിക മാനേജ്‌മെന്റില്‍ ബിഗ് സീറോയായിരുന്നു. എന്നാലിനി, മുന്നോട്ടുപോകാന്‍ ഉപാധിയായി ഉപയോഗിക്കണമെന്നാണ് പുതിയ സംരംഭത്തെ ആഗ്രഹമെന്നും ലതികാ സുഭാഷ് പറഞ്ഞു.

Content Highlights: Lathika Subash's new entrepreneurship, Banana chips making Lathika's Kitchen