'ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യൻ' രഘുനന്ദൻ കമ്മത്ത് അന്തരിച്ചു

രഘുനന്ദൻ കമ്മത്ത്| Photo: x.com/Naturalicecream
രഘുനന്ദൻ കമ്മത്ത്| Photo: x.com/Naturalicecream

മുംബൈ: നാച്ചുറൽ ബ്രാൻഡ് ഐസ്ക്രീമിന്റെ സ്ഥാപകൻ രഘുനന്ദൻ കമ്മത്ത് (75) അന്തരിച്ചു. ആരോ​ഗ്യപരമായ പ്രശ്നങ്ങളേത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. നാച്ചുറൽ ഐസ്ക്രീമിന്റെ ട്വിറ്റർ പേജിലൂടെയാണ് മരണവാർത്ത പുറത്തുവിട്ടത്. 

ഇന്ത്യയുടെ ഐസ്ക്രീം മനുഷ്യൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മാങ്ങാ വിൽപനക്കാരന്റെ മകനായിരുന്നു രഘുനന്ദൻ. ​കർണാടകയിലെ മം​ഗളൂരുവിൽ അച്ഛനെ മാങ്ങ വിൽക്കാൻ സഹായിച്ചതാണ് സംരംഭം തുടങ്ങുന്നതിലേക്ക് അദ്ദേഹത്തെ നയിച്ചത്. 

പഴുത്ത പഴങ്ങൾ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമൊക്കെയുള്ള രീതി പഠിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. പതിനാലാം വയസ്സിൽ വിദ്യാഭ്യാസം ഉപേക്ഷിച്ച് സഹോദരന്റെ ഭക്ഷ്യസ്ഥാപനത്തിൽ സ്വന്തമായി വികസിപ്പിച്ച ഐസ്ക്രീം അവതരിപ്പിച്ചു. പഴങ്ങളുടെ പൾപ്പ് ഉൾപ്പെടുത്തിക്കൊണ്ട് ഐസ്ക്രീം തയ്യാറാക്കുന്ന രീതിയാണ് കമ്മത്തിന്റെ രുചികളെ വ്യത്യസ്തനാക്കിയത്. 

1984-ൽ മുംബൈയിലേക്ക് പോവുകയും അവിടെ ഐസ്ക്രീം പാർലർ ആരംഭിക്കുകയും ചെയ്തു. വെറും ആറ് സ്റ്റാഫുകളാണ് അന്നുണ്ടായിരുന്നത്. പന്ത്രണ്ട് രുചിവൈവിധ്യങ്ങളോടെയാണ് തുടക്കമിട്ടത്. വൈകാതെ രഘുനന്ദൻ അവതരിപ്പിച്ച രുചികൾക്ക് ആവശ്യക്കാർ ഏറുകയും 1994 ആയതോടെ അഞ്ച് പുതിയ ഔട്ട്ലെറ്റുകൾ ആരംഭിക്കുകയും ചെയ്തു. ഇന്ന് പതിനഞ്ചോളം ന​ഗരരങ്ങളിലായി 165 ഔട്ട്ലെറ്റുകളാണ് അദ്ദേഹത്തിനുള്ളത്. 

Content Highlights: natural ice cream founder raghunandan kamath dies