ദൗത്യത്തിനിടെ കുടിക്കാവുന്നത് 43 കപ്പ് കാപ്പി; ആർട്ടെമിസ് II മെനുവിൽ നാരങ്ങാവെള്ളം മുതൽ കേക്ക് വരെ!

#Lifestyle desk
നാസ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ചിത്രം. വ്യാഴാഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് നാസ മിഷൻ കൺട്രോളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്ന ആർട്ടെമിസ് II ദൗത്യസംഘം. (ഇടത്തുനിന്ന്) കനേഡിയൻ ബഹിരാകാശ സഞ്ചാരിയും മിഷൻ സ്പെഷ്യലിസ്റ്റുമായ ജെറമി ഹാൻസൺ, കമാൻഡർ റീഡ് വൈസ്മാൻ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക്, പൈലറ്റ് വിക്ടർ ഗ്ലോവർ| ഫോട്ടോ: AP
നാസ പുറത്തുവിട്ട വീഡിയോയിൽ നിന്നുള്ള ചിത്രം. വ്യാഴാഴ്ച ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് നാസ മിഷൻ കൺട്രോളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്ന ആർട്ടെമിസ് II ദൗത്യസംഘം. (ഇടത്തുനിന്ന്) കനേഡിയൻ ബഹിരാകാശ സഞ്ചാരിയും മിഷൻ സ്പെഷ്യലിസ്റ്റുമായ ജെറമി ഹാൻസൺ, കമാൻഡർ റീഡ് വൈസ്മാൻ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോക്ക്, പൈലറ്റ് വിക്ടർ ഗ്ലോവർ| ഫോട്ടോ: AP

അപ്പോളോ ദൗത്യം കഴിഞ്ഞ് അമ്പതു വർഷങ്ങൾക്ക് ശേഷം ആദ്യമായി ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യരെ വഹിച്ചൊരു ബഹിരാകാശപേടകം യാത്രപുറപ്പെട്ടിരിക്കുകയാണ്. ദൗത്യത്തിലെ സഞ്ചാരികളുടെ ഭക്ഷണക്രമം ഇപ്പോൾ ശ്രദ്ധനേടുകയാണ്. 189 തരം ഭക്ഷണസാധനങ്ങളാണ് പേടകത്തിൽ സൂക്ഷിച്ചിരിക്കുന്നത്. രുചിയോടൊപ്പം തന്നെ പോഷകഗുണത്തിനും മുൻഗണന നൽകിയാണ് ഓരോ വിഭവവത്തിന്റെയും തിരഞ്ഞെടുപ്പ്. 

ബഹിരാകാശത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് മൂന്ന് തരത്തിലുള്ള ഭക്ഷണങ്ങളാണ് സഞ്ചാരികൾക്ക് നൽകുന്നത്:

  1. ഫ്രീസ്-ഡ്രൈഡ് ഭക്ഷണങ്ങൾ: വെള്ളം ചേർത്ത് ഉപയോഗിക്കാവുന്നവ.

  2. തെർമോസ്റ്റെബിലൈസ്ഡ് മീൽസ്: ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ പാകത്തിൽ തയ്യാറാക്കിയവ.

  3. റെഡി-ടു-ഈറ്റ്: പാക്കറ്റ് തുറന്ന് നേരിട്ട് കഴിക്കാവുന്ന ലഘുഭക്ഷണങ്ങൾ.

ഭക്ഷണപ്പട്ടികയിലെ താരം ടോർട്ടില ആണ്. സാധാരണ ബ്രെഡ് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പൊടികൾ ബഹിരാകാശ പേടകത്തിനുള്ളിലെ യന്ത്രങ്ങൾക്ക് തകരാർ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് 58 ടോർട്ടിലകൾ ദൗത്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  • പ്രഭാതഭക്ഷണം: ബ്രേക്ക്ഫാസ്റ്റ് സോസേജ്, വെജിറ്റബിൾ കിഷ്, ഗ്രനോള.

  • പ്രധാന ഭക്ഷണം: ബാർബിക്യൂ ബീഫ് ബ്രിസ്ക്കറ്റ്, മക്രോണി ആൻഡ് ചീസ്

  • പച്ചക്കറികൾ: ബ്രൊക്കോളി, സ്പൈസി ഗ്രീൻ ബീൻസ്, കോളിഫ്ലവർ.

സഞ്ചാരികൾക്കായി 10-ലധികം ഡ്രിങ്കുകൾ മെനുവിലുണ്ട്. കോഫി, ഗ്രീൻ ടീ, മാംഗോ-പീച്ച് സ്മൂത്തി, ലെമണെയ്ഡ്, ആപ്പിൾ സൈഡർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദൗത്യത്തിനിടെ ഏകദേശം 43 കപ്പ് കാപ്പി സഞ്ചാരികൾ കുടിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. കൂടാതെ പുഡിങ്, കേക്ക്, കുക്കീസ്, ചോക്ലേറ്റ് തുടങ്ങിയ മധുരപലഹാരങ്ങളും യാത്രികരുടെ മാനസികോല്ലാസത്തിനായി കരുതിയിട്ടുണ്ട്.

രുചി കൂട്ടാൻ 5 തരം സോസുകൾ

ബഹിരാകാശത്ത് സഞ്ചാരികളുടെ രുചി മുകുളങ്ങളിലും ഗന്ധം തിരിച്ചറിയാനുള്ള ശേഷിയിലും മാറ്റം വരാൻ സാധ്യതയുണ്ട്. ഇത് പരിഹരിക്കാനായി അഞ്ച് തരം ഹോട്ട് സോസുകൾ, മാപ്പിൾ സിറപ്പ്, പീനട്ട് ബട്ടർ, ഹണി, സിറപ്പ് എന്നിവയും നാസ നൽകിയിട്ടുണ്ട്.

ഭാവിയിൽ ചൊവ്വയിലേക്കും മറ്റും നടത്തുന്ന ദീർഘദൂര ബഹിരാകാശ യാത്രകൾക്ക് ഈ ഭക്ഷണക്രമം വലിയൊരു മാതൃകയാകുമെന്നാണ് നാസയുടെ വിലയിരുത്തൽ. 

2026 ഏപ്രിൽ ഒന്നിനാണ് നാല് സഞ്ചാരികളെ വഹിച്ചുള്ള ആർട്ടെമിസ് 2 പേടകം വിജയകരമായി വിക്ഷേപിച്ചത്. തൊട്ടടുത്ത ദിവസംതന്നെ ഭൂമിയുടെ ഭ്രമണപഥത്തിൽനിന്ന് മാറ്റിയ പേടകം ചന്ദ്രനരികിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു.


Content Highlights: What Do Astronauts Eat in Space? The Ultimate Moon Mission Menu