അടുത്ത ആഴ്ച എന്തു കഴിക്കുമെന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട; പരിഹാരമായി 'മീൽ പ്രെപ്പ്'

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ണിക്കൂറുകള്‍ നീണ്ട ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അടുക്കളയില്‍ സമയം ചെലവഴിക്കുന്നത് ബാലികേറാമലയായി തോന്നിയേക്കാം. ഇതിനേറ്റവും മികച്ച പരിഹാരം 'തയ്യാറെടുപ്പാണ്'. ഈ തയ്യാറെടുപ്പിനേയാണ് മീൽ പ്രിപ്പറേഷൻ അഥവാ 'മീൽ പ്രെപ്പ്' എന്നുപറയുന്നത്. ഉന്മേഷവും പാചകം ചെയ്യാനുള്ള മാനസികാവസ്ഥയും ഉള്ളപ്പോള്‍ ഒരാഴ്ചത്തേക്കുള്ള അടുക്കളക്കാര്യങ്ങള്‍ പരിഹരിച്ചു വെക്കുന്നതാണിത്. പാചകത്തിലെ തുടക്കക്കാര്‍ക്ക് മീല്‍ പ്രെപ്പിങ് വലിയ ആശ്വാസമായേക്കും.

പേരിട്ട് വിളിച്ചില്ലെങ്കില്‍ പോലും ഭക്ഷണം തയ്യാറാക്കിവെക്കുന്ന രീതി പലരും പിന്തുടരുന്നതാണ്. എന്നാലും തയ്യാറെടുപ്പിലും അറിഞ്ഞിരിക്കാനുണ്ട് ചില കാര്യങ്ങൾ. 

മീല്‍ പ്രെപ്പിങ്ങിൻ്റെ പ്രയോജനങ്ങള്‍

സമയ ലാഭം: ഒരു ദിവസം മുഴുവന്‍ ഭക്ഷണം തയ്യാറാക്കുന്നതിന് പകരം, ആഴ്ചയില്‍ ഒരു ദിവസം മീല്‍ പ്രെപ്പിങ്ങിനായി മാറ്റിവെക്കുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും. ഇത് തിരക്കുള്ള ദിവസങ്ങളില്‍ പാചകം ചെയ്യാനുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നു.

ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍: മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ, പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. ഇത് അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കും.

ഭക്ഷണത്തിൻ്റെ അളവ് നിയന്ത്രിക്കാം: മീല്‍ പ്രെപ്പിങ് ഭക്ഷണത്തിന്റെ അളവ് മുന്‍കൂട്ടി നിശ്ചയിക്കാന്‍ സഹായിക്കും. ഇതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് രക്ഷനേടാം.

അനാവശ്യ ചെലവ് ഒഴിവാക്കാം : മുന്‍കൂട്ടി ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കുന്നതിലൂടെ, ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണ പാഴാക്കലും കുറയ്ക്കുന്നു.

മീല്‍ പ്രെപ്പിങ് എങ്ങനെ തുടങ്ങാം?

മീല്‍ പ്രെപ്പിങ്ങിന് വിവിധ രീതികള്‍ ഉണ്ട്:

ബാച്ച് കുക്കിങ്

വലിയ അളവില്‍ ഭക്ഷണം ഒരുമിച്ച് തയ്യാറാക്കി ഫ്രിഡ്ജില്‍ അല്ലെങ്കില്‍ ഫ്രീസറില്‍ സൂക്ഷിക്കുക. കാരറ്റ്, ബീന്‍സ്, കാബേജ് എന്നിവ മസാലകള്‍ ചേര്‍ത്ത വേവിച്ച് സൂക്ഷിക്കാം. ചോറിന്റെ കൂടെയും മറ്റും സൈഡ് ഡിഷായി കഴിക്കാവുന്നതാണ്. ഇഡ്‌ലി, ദോശ മാവ് എന്നിവ തയ്യാറാക്കി വെക്കാം. ബീഫ്, ചിക്കന്‍ എന്നിവ ഡ്രൈ റോസ്റ്റ് ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എയര്‍ടൈറ്റ് കണ്ടൈനര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.

ഇന്‍ഗ്രീഡിയന്റ് പ്രെപ്പിങ്

പച്ചക്കറികള്‍ മുറിക്കുക, ധാന്യങ്ങള്‍ വേവിക്കുക തുടങ്ങിയ അവശ്യചേരുവകള്‍ മുന്‍കൂട്ടി തയ്യാറാക്കാം.

കുക്കറും ഓവനും കൈമുതല്‍

പാചക സമയം കുറഞ്ഞ റെസിപ്പികള്‍ ആദ്യം തയ്യാറാക്കുക. ഒരേസമയം ഒന്നിലധികം വിഭവങ്ങള്‍ തയ്യാറാക്കാന്‍ പ്രഷര്‍ കുക്കറോ ഓവനോ ഉപയോഗിക്കാം.

ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുക

3-4 ദിവസത്തിനുള്ളില്‍ കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ബാക്കിയുള്ളവ ലേബല്‍ ചെയ്ത് ഫ്രീസറില്‍ സൂക്ഷിക്കുക.

ഭക്ഷ്യ സുരക്ഷ

ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് 2019-ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏകദേശം 10 ലക്ഷം പേര്‍ ഓരോ വര്‍ഷവും ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നുണ്ട്,  700-ലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഭക്ഷണം തയ്യാറാക്കി വെക്കുമ്പോൾ ഇതൊഴിവാക്കാന്‍  ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ഫ്രിഡ്ജ് 5 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെ, ഫ്രീസറിലാണെങ്കിൽ -18ഡിഗ്രി സെൽഷ്യസ് അല്ലെങ്കില്‍ അതില്‍ താഴെ താപനില നിലനിര്‍ത്തുക.
  • വേവിച്ച ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഫ്രിഡ്ജില്‍ വെക്കുക. ആഴം കുറഞ്ഞ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് വേഗത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും.
  • മാംസം കുറഞ്ഞത് 75 ഡിഗ്രി സെല്‍ഷ്യസ് വരെ വേവിക്കുക, ഇത് ബാക്ടീരിയകളെ നശിപ്പിക്കാന്‍ സഹായിക്കും.
  • പച്ചക്കറികള്‍ വാങ്ങിയ ശേഷം നന്നായി കഴുകി വൃത്തിയാക്കുക.

Content Highlights: Optimize Your Week: Mastering Meal Prep for Efficiency and Well-being