ബാഗിന്റെ കൈയും സിപ്പറുമെല്ലാം കടിച്ചുപൊട്ടിച്ച് കഴിക്കാം; വൈറലായി ലൂയി വീറ്റൊണിന്റെ ചോക്ലേറ്റ് ബാഗ്

വീഡിയോയില്‍നിന്നുള്ള ഭാഗങ്ങള്‍ | Photo: Screengrab: touchdalight/Instagram
വീഡിയോയില്‍നിന്നുള്ള ഭാഗങ്ങള്‍ | Photo: Screengrab: touchdalight/Instagram

നമുക്കിടയില്‍ ചോക്ലേറ്റ് കൊതിയില്ലാത്തവര്‍ അപൂര്‍വമാണ്. പല രൂപത്തിലും ഭാവത്തിലും ഉപഭോക്താക്കളുടെ മുമ്പിലെത്തിയ ചോക്ലേറ്റുകള്‍ക്കിടയിലേക്ക് വ്യത്യസ്തമായ ലുക്കിലെത്തിയിരിക്കുകയാണ് ലൂയി വീറ്റൊണിന്റെ ചോക്ലേറ്റ് ബാഗ്. ചോക്ലേറ്റുകൊണ്ടുള്ള ഒരു ഹാന്‍ഡ് ബാഗ്. വൈവിധ്യമാര്‍ന്ന ബാഗുകളുടെ കളക്ഷനുകള്‍ പുറത്തിറക്കാറുള്ള ഫ്രഞ്ച് ആഡംബര ഫാഷന്‍ ഹൗസ് കമ്പനിയായ ലൂയി വീറ്റൊണിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് ഈ ചോക്ലേറ്റ് ബാഗ്. 

ഇതു തിരഞ്ഞുചെന്ന് വാങ്ങി കടിച്ചുപൊട്ടിച്ച് കഴിക്കുന്ന ഫുഡ് വ്‌ളോഗറായ കാര്‍മി സെല്ലീത്തോയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാര്‍മി പങ്കുവെച്ച വീഡിയോയില്‍ ചോക്ലേറ്റ് ബാഗിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 

സമീപത്തെ സ്റ്റോറുകളില്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പാരീസില്‍ നിന്നാണ് കാര്‍മി ചോക്ലേറ്റ് ബാഗ് വാങ്ങിയത് എന്ന് വീഡിയോയില്‍ പറയുന്നു. ആഡംബരം വിളിച്ചോതുന്ന ചോക്ലേറ്റ് ബാഗിന്റെ പൊതി തുറന്ന് അത് പുറത്തെടുത്ത് ബാഗ് പൊട്ടിച്ച് കഴിക്കുന്നതായാണ് വീഡിയോയിലുള്ളത്. ബാഗിന്റെ പിടിയില്‍ കടിച്ചപ്പോള്‍ രണ്ടും പൊട്ടിത്തകര്‍ന്ന് ടേബിളിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. ക്രീമി ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്നാണ് ചോക്ലേറ്റ് ബാഗ് രുചിച്ചശേഷം അദ്ദേഹം പറയുന്നത്. 

പേസ്ട്രി ഷെഫ് ആയ മാക്‌സിം ഫ്രെഡറിക് ആണ് ലൂയി വീറ്റൊണിന്റെ ചോക്ലേറ്റ് ബാഗ് ഡിസൈന്‍ ചെയ്തത്. ഫാഷന്‍ ഡിസൈനറായ നിക്കോളാ ഴിസ്‌ക്കിയ ഡിസൈന്‍ ചെയ്ത മേയ്‌സണ്‍സിന്റെ ഐകോണിക് എഗ്ഗ് ബാഗില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് മാക്‌സിം ഫ്രെഡറിക് ചോക്ലേറ്റ് ബാഗ് തയ്യാറാക്കിയിരിക്കുന്നത്. 

ലൂയി വീറ്റൊണ്‍ ചോക്ലേറ്റ് ബാഗ്

70% ഡാര്‍ക്ക് ചോക്ലേറ്റാണ് ലൂയി വീറ്റൊണ്‍ ചോക്ലേറ്റ് ബാഗില്‍ അടങ്ങിയിട്ടുള്ളത്. ബാഗിന്റെ കൈയും സ്ട്രാപ്പും സിപ്പറും 40% മില്‍ക്ക് ചോക്ലേറ്റുകൊണ്ടാണ് ഉണ്ടാക്കിയത്. ലൂയി വീറ്റൊണിന്റെ ലോഗോയും ബാഗില്‍ ഒന്നിലധികം തവണ പ്രിന്റ് ചെയ്തിട്ടുണ്ട്. 

ഏകദേശം ഒരു കിലോഗ്രാം ഭാരമുള്ള ബാഗിന്റ വില 225 യൂറോ(21,846.60 രൂപ)യാണ്. കാര്‍മി സെല്ലീത്തോയുടെ ചോക്ലേറ്റ് ബാഗിന്റെ വീഡിയോ കണ്ട് നിരവധിപേരാണ് വ്യത്യസ്തമായ കമന്റുകളുമായെത്തിയത്. നിങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഭൂമിയിലെ ഏറ്റവും വലിയ പണം പാഴാക്കലെന്നുമെല്ലാം കമന്റുകളുണ്ട്. 

Content Highlights: Louis Vuitton Chocolate Bag