ഇനി ആ പരാതി വേണ്ട... തീവണ്ടിയാത്രയിൽ കുടുംബശ്രീ ഭക്ഷണം കഴിക്കാം

ആലപ്പുഴ: നല്ല നാടൻരുചിയുള്ള ഭക്ഷണവുമായി കുടുംബശ്രീ വനിതകളുടെ ‘ടെയ്ക്ക് എവേ കൗണ്ടർ’ റെയിൽവേ സ്റ്റേഷനുകൾക്കു സമീപമെത്തുന്നു. ട്രെയിൻയാത്രയ്ക്കിടെ പലപ്പോഴും നല്ലഭക്ഷണം കിട്ടാറില്ലെന്ന പരാതി വ്യാപകമാണ്. ഇതിനു പരിഹാരമായാണ് പാഴ്സൽ കൗണ്ടർ തുറക്കുന്നത്.
പ്ലാറ്റ്ഫോമിൽ കൗണ്ടർ തുടങ്ങാൻ റെയിൽവേയുടെ അനുമതി വേണം. ഇതിനായി കുടുംബശ്രീ മിഷൻ ശ്രമം തുടങ്ങി. അനുമതി ലഭിക്കാത്തയിടങ്ങളിൽ സ്റ്റേഷനു പുറത്തുള്ള കെട്ടിടങ്ങളിൽ ഒരുക്കും. അല്ലെങ്കിൽ വാഹനത്തിൽനിന്നു വിതരണം ചെയ്യുന്ന ഫുഡ് ട്രക്ക് സംവിധാനമൊരുക്കും.
പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിൽ ഓരോ കൗണ്ടർ വീതമാണു തുടങ്ങുക. ആദ്യം കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ്. ഇവ സ്റ്റേഷനുകൾക്കു പുറത്താണ്. രാവിലെ മുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ സ്റ്റേഷനുകളിലേക്കു വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
Content Highlights: kudumbashree food railway station