45 മിനിട്ടിൽ തട്ടിയത് 5 പ്ലേറ്റ് ബിരിയാണി; പ്രമിതിന് ആജീവനാന്തം ഇനി ഫ്രീയായി ബിരിയാണി കഴിക്കാം

കൊൽക്കത്തക്കാരുടെ ബിരിയാണി പ്രേമം ആ നഗരത്തെ അടുത്തറിയുന്നവർക്ക് ഒരു പുതിയ വാർത്തയല്ല. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ഭക്ഷണ സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഒരു വികാരമാണ് ബിരിയാണി, പലതലമുറകളെ ഒന്നിപ്പിക്കുന്ന രുചിയുടെ മേളം.
ബിരിയാണിയോടുള്ള കൊൽക്കത്തയുടെ ഈ സ്നേഹത്തിന്റെ പ്രതിഫലനമായിരുന്നു ശിരാസ് ഗോൾഡൻ റെസ്റ്ററന്റിന്റെ വാർഷികാഘോഷം. തങ്ങളുടെ 85-ാം പിറന്നാൾ റെസ്റ്ററന്റ് ആഘോഷിച്ചത് ഒരു ബിരിയാണി തീറ്റമത്സരം സംഘടിപ്പിച്ചാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ജൂലൈ 1 മുതൽ 21 വരെ ശിരാസ് ഔട്ട്ലെറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും രജിസ്ട്രേഷൻ നടത്തി. തിരഞ്ഞെടുക്കപ്പെട്ട 25 ഫൈനലിസ്റ്റുകൾ ഒന്നുചേർന്ന തീറ്റപ്പോരാട്ടത്തിൽ വെറും 45 മിനിറ്റുകൊണ്ട് 5 മട്ടൺ ബിരിയാണി തട്ടിയാണ് പ്രമിത് കുമാർ ദാസ് എന്നയാൾ വിജയകിരീടമണിഞ്ഞത്. ലക്കി ഡ്രോ വഴിയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. സ്കോർ ചെയ്യാൻ കുറഞ്ഞത് രണ്ട് പ്ലേറ്റ് ബിരിയാണി മുഴുവനായും കഴിക്കണമായിരുന്നു.
5 പ്ലേറ്റ് കഴിച്ച പ്രമിത് കുമാർ ദാസിന് ലഭിച്ച സമ്മാനമാണ് അതിലേറെ വിശേഷം. ജീവിതകാലം മുഴുവൻ സൗജന്യ ബിരിയാണി കഴിക്കാനുള്ള കൂപ്പണാണ് ഇയാൾക്ക് ലഭിച്ചിരിക്കുന്നത്. ശിരാസിന്റെ ഏത് ഔട്ട്ലെറ്റിൽ നിന്നും ആഴ്ചയിൽ ഒരു പ്ലേറ്റ് മട്ടൺ ഇനി ബിരിയാണി സൗജന്യമായി കഴിക്കാം. മറ്റ് 24 ഫൈനലിസ്റ്റുകൾക്ക് മൂന്ന് വർഷത്തെ ലോയൽറ്റി കാർഡുകളാണ് ലഭിച്ചത്. ഇവർക്ക് എല്ലാ ഔട്ട്ലെറ്റുകളിലും ഡിസ്കൗണ്ട് ലഭിക്കും.
Content Highlights: Shiraz Golden Restaurant celebrated its 85th anniversary with a biryani eating contest., Pramit Kumar Das consumed 5 plates of mutton biryani in 45 minutes., The winner receives a lifetime supply of free biryani (one plate per week)., 24 other finalists were awarded 3-year loyalty discount cards.