ഹോട്ടല്‍വളപ്പിലെ തെങ്ങില്‍ നിന്ന് തന്നെ കള്ളെടുക്കണം ; പ്രതിസന്ധിയിലായി നക്ഷത്രക്കള്ള് വില്‍പന

#ബി. അജിത് രാജ്
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും നക്ഷത്രഹോട്ടലുകളില്‍ കള്ളുവില്‍പ്പന തുടങ്ങാന്‍ ആരും സന്നദ്ധരല്ല. 'കേരള ടോഡി' എന്ന പേരില്‍ കഴിഞ്ഞ അബ്കാരിനയത്തില്‍ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പരിഷ്‌കരണത്തെ ടൂറിസം മേഖല കൈയൊഴിഞ്ഞു.

ത്രീ സ്റ്റാറിനും മുകളിലേക്കുമുള്ള 900 ഹോട്ടലുകള്‍ക്ക് കേരള ടോഡി ലൈസന്‍സിന് അര്‍ഹതയുണ്ടായിരുന്നു. അബ്കാരിചട്ടത്തില്‍ ഭേദഗതിവരുത്തി ഒരുവര്‍ഷം പിന്നിടുമ്പോഴും അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല.

നിബന്ധനകളിലെ അപ്രായോഗികതയാണ് തിരിച്ചടിയായത്. ഹോട്ടല്‍വളപ്പിലെ തെങ്ങില്‍ നിന്നുവേണം കള്ളെടുക്കേണ്ടത്. തെങ്ങുകള്‍ എക്‌സൈസില്‍ രജിസ്റ്റര്‍ ചെയ്യുകയും വൃക്ഷക്കരം അടയ്ക്കുകയും വേണം. കള്ളിന്റെ അളവുരജിസ്റ്റര്‍ സൂക്ഷിക്കുകയും പരിശോധനയ്ക്കു വിധേയമാക്കുകയും വേണം.

വില ഹോട്ടലുകാര്‍ക്ക് നിശ്ചയിക്കാമെങ്കിലും താമസക്കാര്‍ക്ക് മാത്രമേ കള്ളുനല്‍കാന്‍ പാടുള്ളൂ. ചെത്താന്‍ തുടങ്ങിയാല്‍ എല്ലാദിവസവും കള്ളെടുക്കേണ്ടിവരും. ആവശ്യക്കാരില്ലെങ്കില്‍ നിര്‍ത്തിവെക്കാന്‍ കഴിയില്ല. ചെത്താന്‍ ആളെക്കിട്ടാത്തതും കൂലി കൂടുതലും പ്രതിബന്ധമായി.

ഫാമിലി റസ്റ്ററന്റുകള്‍ ഒഴികെയുള്ള മറ്റു ഭക്ഷണശാലകളിലും നടുമുറ്റത്തും നീന്തല്‍ക്കുളത്തിന് അരികിലും ഭക്ഷണത്തിനൊപ്പം കള്ളുനല്‍കാന്‍ അനുമതിയുണ്ട്. ഒക്ടോബറില്‍ തുടങ്ങുന്ന ടൂറിസം സീസണില്‍ ആവശ്യക്കാര്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു എക്‌സൈസ്. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റസ്റ്ററന്റുകളില്‍ ടൂറിസം സീസണില്‍ ബിയറും വൈനും വിളമ്പാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തിയെങ്കിലും അതിനും അപേക്ഷരില്ലാത്ത സ്ഥിതിയാണ്. സഞ്ചാരികളെ ആകര്‍ഷിക്കാനും അനധികൃത വില്‍പ്പന തടയാനുമായിരുന്നു നീക്കം. മൂന്നുമാസത്തേക്ക് ഒരു ലക്ഷം രൂപയാണ് ഫീസ്.

പതിനായിരത്തിലേറേ റസ്റ്ററന്റുകളുള്ളതിനാല്‍ പ്രധാന വരുമാനമാര്‍ഗമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍ ലൈസന്‍സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, സീസണ്‍ ആരംഭിച്ചതിനുപിന്നാലെ അനധികൃത വില്‍പ്പന ശക്തമായിട്ടുണ്ട്. എക്‌സൈസ് പരിശോധനയ്ക്കും പരിമിതിയുണ്ട്.ടൂറിസം സീസണിലെ ബിയര്‍ ലൈസന്‍സിനും ആവശ്യക്കാരില്ല

Content Highlights: No one is willing to start selling toddy in star hotels