ചെമ്പരത്തിയില കഴിച്ചിട്ടുണ്ടോ ? കര്‍ക്കിടകത്തില്‍ വേണം പത്തിലക്കറി

#പി.പി.അനീഷ് കുമാര്‍
photo|mathrubhumi
photo|mathrubhumi

കണ്ണൂര്‍:ചേന, ചേമ്പ്, താള്, തകര, കുമ്പളം, മത്തന്‍,വെള്ളരി,കൊടിത്തൂവ, ചീര,നെയ്യുണ്ണി...ഒരുകാലത്ത് തൊടികളിലും പാടങ്ങളിലും സമൃദ്ധമായിരുന്ന സസ്യങ്ങള്‍ ഇവയുെട ഇലകള്‍ കൊണ്ടാണ് കര്‍ക്കടകത്തില്‍ 'പത്തിലക്കറി' തയ്യാറാക്കിയിരുന്നത്. ഇന്ന് പല ഇലവര്‍ഗങ്ങളും സമൃദ്ധമല്ലാതായി.

എങ്കിലും വീട്ടുപരിസരങ്ങളില്‍ ലഭ്യമായ ഇലക്കറികള്‍കൊണ്ട് രുചികരവും പോഷകസമ്പുഷ്ടവുമായ കറിക്കൂട്ടുകള്‍ തയ്യാറാക്കാം. ദേശഭേദങ്ങളനുസരിച്ച് പത്തിലക്കൂട്ടിന്റെ അനുസാരിയില്‍ ചില മാറ്റങ്ങളുണ്ടാകാം.

ചിലയിടങ്ങളില്‍ പയറില, ഉഴുന്നില, തഴുതാമ, മുത്തിള്‍, പാവലില, കോവലില എന്നിവയും പത്തിലക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിപ്പോരുന്നു. പോഷണവും ഔഷധഗുണവും ഒത്തിണങ്ങിയ ഇലക്കറികള്‍ ഒന്നിച്ചുേചര്‍ത്ത് കഴിക്കുന്നതാണ് കൂടുതല്‍ അഭികാമം.ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, മൂലകങ്ങള്‍ എന്നിവയടങ്ങിയ ഇലക്കറികള്‍ ശരീരകോശങ്ങളുെട കേടുപാടുകള്‍ തടയുെമന്ന് ആയുര്‍േവദം പറയുന്നു.

സേവിക്കാം, മരുന്നുകഞ്ഞി

ശരീരം ശുദ്ധീകരിക്കാനും പുഷ്ടിപ്പെടുത്താനും ആയുര്‍വേദ ചികിത്സ നടത്താനും ഉത്തമമായ മാസമാണ് കര്‍ക്കടകം. മരുന്നുകഞ്ഞി ഇക്കാലയളവില്‍ സേവിക്കാവുന്ന ഒരിനമാണ്. നാട്ടാചാരപ്രകാരം മരുന്നുകഞ്ഞി പലയിടത്തും പല രീതിയിലാണ്. കുറുേന്താട്ടി വേര്, ജീരകം, പഴുത്ത പ്ലാവിലയുടെ ഞെട്ട് എന്നിവ അരച്ച്, ആട്ടിന്‍പാലും പശുവിന്‍പാലും ചേര്‍ത്തിളക്കി, വെള്ളവും  ചേര്‍ത്ത് തിളപ്പിച്ച് നവരയരിയിട്ട്  വെന്തുപാകമായാല്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഒരു രീതി.

ഉലുവയും അരിയും  ചേര്‍ത്തുണ്ടാക്കുന്ന ഉലുവക്കഞ്ഞിയും വടക്കേ മലബാറില്‍ പ്രധാനം. മുക്കുറ്റി, തിരുതാളി, വിഷ്ണുക്രാന്തി, പൂവാംകുറുന്തല്‍, കയ്യോന്നി, മുയല്‍െചവിയന്‍ തുടങ്ങി 30-ലധികം ഔഷധസസ്യങ്ങള്‍  ചേര്‍ത്തും കര്‍ക്കടകക്കഞ്ഞി തയ്യാറാക്കുന്നു. കര്‍ക്കടകക്കഞ്ഞി സേവിക്കുന്നവര്‍ ഉപ്പ്, പുളി, എരിവ് എന്നിവയുടെ ഉപയോഗം മിതമാക്കുകയും മത്സ്യമാംസാദികളും ലഹരിവസ്തുക്കളും വര്‍ജിക്കുകയും വേണം.


ശീലമാക്കാം ഇലക്കറികള്‍

മനുഷ്യശരീരത്തില്‍ പുതിയ കോശങ്ങളുണ്ടാകുന്ന സമയമാണ് മഴക്കാലം. ഇലച്ചെടികള്‍ പ്രോട്ടീന്‍ സമൃദ്ധമാകുന്നതും ഇക്കാലത്താണ്. പുതിയ കോശങ്ങള്‍ക്ക് അടുത്ത ഒരുവര്‍ഷത്തേക്കുള്ള സ്വാസ്ഥ്യമാണ് ഇലക്കറികളുടെ ഉപയോഗത്തിലൂടെ ലക്ഷ്യമിടുന്നത്. മഗ്‌നീഷ്യം, സിങ്ക്, അയേണ്‍, കാത്സ്യം തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികള്‍. ഇലക്കറികളില്‍ ചെമ്പരത്തിയില എടുത്തുപറയേണ്ട ഒരിനമാണ്. വിറ്റമിന്‍ ബി 12 അടങ്ങിയ ചെമ്പരത്തിയുടെ മൂത്തതോ തളിരോ അല്ലാത്ത ഇലയാണ് ഉത്തമം. കൊഴുത്ത സ്വഭാവം കുറയ്ക്കാന്‍ വെളിച്ചെണ്ണയില്‍ വഴറ്റി ഉപയോഗിക്കാം. ഫാസ്റ്റ്ഫുഡ് ശീലമാക്കിയ പുതുതലമുറ ഇലക്കറികളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ട്

ഡോ. എ.വി.സുരേഷ് (മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദം)

Content Highlights: pathila benefits