'കൈകൊണ്ട് കഴിക്കുമ്പോഴാണ് രുചി'; ബിരിയാണി ആസ്വദിച്ച് ജപ്പാൻ സ്ഥാനപതി, പിന്തുണച്ച് ഇന്ത്യക്കാർ

#Lifestyle desk
ജാപ്പനീസ് അംബാസഡറായ ഓനോ കെയ്ചി പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo:X.com,@JapanAmbIndia
ജാപ്പനീസ് അംബാസഡറായ ഓനോ കെയ്ചി പങ്കുവെച്ച വീഡിയോയിൽനിന്ന് | Photo:X.com,@JapanAmbIndia

ഇന്ത്യൻ വിഭവങ്ങൾ പരീക്ഷിക്കുന്ന ജാപ്പനീസ് അംബാസഡറായ ഓനോ കെയ്ചി ഇപ്പോഴിതാ ഡൽഹിയിൽനിന്നും ബിരിയാണി കഴിച്ചതിന്റെ അനുഭവവും പങ്കുവെച്ചിരിക്കുകയാണ്. ബിരിയാണി കൈകൊണ്ട് കഴിച്ചശേഷം അതിന്റെ രുചി സുഷിയുമായി താരതമ്യം ചെയ്യുകയും കൈകൊണ്ട് കഴിക്കുന്ന പരമ്പരാഗത ഇന്ത്യൻ രീതിയെ പ്രശംസിക്കുകയും ചെയ്തു അദ്ദേഹം.

'ഇന്ത്യൻ സുഹൃത്തുക്കളെപ്പോലെ കൈകൊണ്ട് ബിരിയാണി കഴിക്കാൻ ശ്രമിച്ചു. സുഷി പോലെ, കൈകൊണ്ട് കഴിക്കുമ്പോൾ ഇതിന് കൂടുതൽ രുചിയാണ്,' ഓനോ എക്‌സിൽ കുറിച്ചു. ന്യൂഡൽഹിയിലെ ആന്ധ്രാ ഭവനിൽ നിന്ന് ബിരിയാണി കഴിക്കുന്ന വീഡിയോയും ചിത്രവും പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

'ഞാനെന്റെ സുഹൃത്തുക്കളോട് കൂടുതൽ അടുത്തെന്ന് തോന്നുന്നു!' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് തെലങ്കാന സന്ദർശനത്തിനിടെ ഹൈദരാബാദി ബിരിയാണി കഴിച്ചെന്നു പറഞ്ഞുകൊണ്ട് അതിന്റെ ചിത്രവും ഓനോ പോസ്റ്റ് ചെയ്തിരുന്നു.

'തെലങ്കാന സന്ദർശന വേളയിൽ ഹൈദരാബാദി ബിരിയാണി കഴിച്ചു. അതിന്റെ സമൃദ്ധമായ മസാലകളും രുചികളും എന്നെ അത്ഭുതപ്പെടുത്തി. ശരിക്കും അടിമപ്പെട്ടു പോകുന്ന തരം രുചിയാണത്!' അദ്ദേഹം പോസ്റ്റിൽ കുറിച്ചു.

കൈകൊണ്ട് കഴിക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇത് രുചി വർധിപ്പിക്കാനും ആളുകളെ അവരുടെ ഭക്ഷണവുമായി ബന്ധിപ്പിക്കാനും സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആയുർവേദത്തിൽ വേരൂന്നിയ ഒരു പാരമ്പര്യമാണ് കൈകളുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന രീതി.

ഓനോ കെയ്ചിയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഏറെപ്പേർ കമന്റുകളുമായെത്തി. 'കൈകൊണ്ട് കഴിക്കാൻ വളരെ ഇഷ്ടപ്പെടുന്നു. അത് ഒരു പ്രത്യേക സംതൃപ്തിയാണ്, ഇത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ്,' ഒരാൾ അഭിപ്രായപ്പെട്ടു.

'നിങ്ങൾ വളരെ മനോഹരമായി മറ്റൊരു സംസ്‌കാരത്തെ സ്വീകരിക്കുന്നത് കാണാൻ സന്തോഷം. ഇതുകൊണ്ടാണ് ഇന്ത്യക്കാർക്ക് ജപ്പാൻകാരെയും നിങ്ങളുടെ സംസ്‌കാരത്തെയും ഇത്രയധികം ഇഷ്ടപ്പെടുന്നത്. നിങ്ങളുടെ സ്പിരിറ്റിന് അഭിനന്ദനങ്ങൾ!' മറ്റൊരാൾ കമന്റ് ചെയ്തു.

Content Highlights: Japanese Ambassador ONO Keiichi savors biryani in Delhi, comparing it to sushi and praising the traditional Indian way of eating by hand.