ഏറ്റവും ‘പ്രിയം’ ചോറിനോട്, പ്രോട്ടീൻ ഉപഭോഗത്തിൽ പിന്നിൽ കേരളവും ഗോവയും- ICMR പഠനം

പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

വ്യായാമവും ഭക്ഷണവും കൃത്യമായി പിന്തുടരുന്നവർ നിരവധിയുണ്ടെങ്കിലും പ്രോട്ടീൻ ഉപഭോഗത്തിൽ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിന്നിലാണെന്നുള്ള വിവരങ്ങൾ പങ്കുവെക്കുന്ന പഠനം പുറത്ത്. പ്രമേഹം, അമിതവണ്ണം തുടങ്ങിയ സാംക്രമികേതക രോഗങ്ങളിൽ ഇന്ത്യക്കാരുടെ ഭക്ഷണരീതിയുടെ പങ്ക് വെളിപ്പെടുത്തുന്നതാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്–ഇന്ത്യ ഡയബറ്റിസ് (ICMR–INDIAB) സർവേ, നേച്ചർ മെഡിനിലൂടെ പുറത്തുവിട്ട റിപ്പോർട്ട്. പ്രായപൂർത്തിയായ 18,090 പേരിൽ നടത്തിയ ദേശീയതല പഠനം കാർബോഹൈഡ്രേറ്റുകളുടെ അമിതമായ ഉപഭോഗം, ടൈപ്പ് 2 പ്രമേഹം (T2D), അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു.

കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ മേഖലയേക്കുറിച്ചുള്ള വിലയിരുത്തൽ

സംസ്ഥാനങ്ങളെ ആറ് മേഖലകളായി തിരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയിലെ ഭക്ഷണരീതികളേക്കുറിച്ചും പഠനത്തിൽ എടുത്ത് പറയുന്നുണ്ട്. നാലാം ഘട്ടത്തിൻ്റെ ഭാഗമായി 2018- 19 കാലയളവിലാണ് കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ പഠനം നടന്നത്. 

  • അരിയാഹാരങ്ങൾ: ദക്ഷിണേന്ത്യൻ മേഖലയിലെ 87% ആളുകളും ആശ്രയിക്കുന്നത് ശുദ്ധീകരിച്ച ധാന്യങ്ങളാണ്. ഈ മേഖലയിൽ നിന്നുള്ളവരുടെ ഭക്ഷണത്തിലെ പ്രധാന കാർബോഹൈഡ്രേറ്റ് സ്രോതസ്സ് ഇവയാണ്. 
  • ഏറ്റവും കുറഞ്ഞ പ്ലാന്റ് പ്രോട്ടീൻ: കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ പ്ലാന്റ് പ്രോട്ടീൻ ഉപഭോഗം രേഖപ്പെടുത്തിയത്. ആകെ ഊർജ്ജത്തിന്റെ 5.7 ശതമാനം ഊർജ്ജമാണിത്. പടിഞ്ഞാറൻ മേഖലയിലെ ഗോവയിലും (5.9%) ഇത് കുറവാണ്.
  • കൊഴുപ്പിൻ്റെ അളവ്: ദക്ഷിണ മേഖലയിൽ പാമോയിലിന്റെയും വെളിച്ചെണ്ണയുടെയും ഉപയോഗം കാരണം പൂരിത കൊഴുപ്പ് (saturated fat) കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. 
  • ഉപാപചയ അപകട ഘടകങ്ങൾ: തെക്കേ ഇന്ത്യയിൽ  41% പേർക്ക് കുടവയർ (Abdominal Obesity) ഉണ്ടെന്നാണ് കണക്കുകൾ. കൂടാതെ, ദക്ഷിണ മേഖലയിൽ പുതുതായി രോഗനിർണയം നടത്തിയ ടൈപ്പ് 2 പ്രമേഹ വ്യാപനം 11% ആണ്. പ്രമേഹ പൂർവ്വ അവസ്ഥ (prediabetes) 46% പേരിലുണ്ട്. ടൈപ്പ് 2 പ്രമേഹം കുടുംബപരമായി രേഖപ്പെടുത്തിയത് ദക്ഷിണ മേഖലയിൽ (16%) മറ്റു മേഖലകളെ അപേക്ഷിച്ച് കൂടുതലാണ്. 

ദേശീയതലത്തിലെ പ്രധാന കണ്ടെത്തലുകളും രോഗസാധ്യതകളും:

  •  ഭക്ഷണക്രമം: ഇന്ത്യക്കാരുടെ ഭക്ഷണത്തിൽ കുറഞ്ഞ ഗുണമേന്മയുള്ള കാർബോഹൈഡ്രേറ്റുകൾ (വെളുത്ത അരി, പൊടിച്ച ധാന്യങ്ങൾ, പഞ്ചസാര), ഉയർന്ന പൂരിത കൊഴുപ്പ്, കുറഞ്ഞ പ്രോട്ടീൻ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുന്നത്.
  • കാർബോഹൈഡ്രേറ്റ് ഉപഭോഗം: രാജ്യവ്യാപകമായി ആകെ ഊർജ്ജ ഉപഭോഗത്തിന്റെ 62.3% കാർബോഹൈഡ്രേറ്റിൽ നിന്നാണ് ലഭിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്.
  • ഉയർന്ന രോഗ സാധ്യത: ഏറ്റവും കൂടുതൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നവർക്ക് (ഏറ്റവും കുറവ് കഴിക്കുന്നവരെ അപേക്ഷിച്ച്) ടൈപ്പ് 2 പ്രമേഹം, പ്രമേഹ പൂർവാവസ്ഥ, അമിതവണ്ണം (Generalized Obesity), കുടവയറ് എന്നിവയ്ക്കുള്ള സാധ്യത 15% മുതൽ 30% വരെ കൂടുതലാണ്.
  • പൊടിച്ച ധാന്യങ്ങൾ: ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം തുല്യ അളവിൽ പൊടിച്ച മുഴുധാന്യങ്ങളോ (milled whole grains) അല്ലെങ്കിൽ മില്ലറ്റ് പൊടിയോ ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ അമിതവണ്ണം കുറയ്ക്കുന്നതുമായി ബന്ധമില്ലെന്നും പഠനത്തിൽ പറയുന്നു. ധാന്യങ്ങൾ പൊടിക്കുമ്പോൾ അവയുടെ ഗ്ലൈസെമിക് റെസ്പോൺസ് (glycemic response) ശുദ്ധീകരിച്ച ധാന്യങ്ങളുടേതിന് സമാനമാകുന്നതാണ് ഇതിന് കാരണം.
  • പ്രോട്ടീൻ അപര്യാപ്തത: ദേശീയതലത്തിൽ, ആകെ പ്രോട്ടീൻ ഉപഭോഗം കുറവാണ് (12%), ഇത് ദേശീയ ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങളുടെ (National Dietary Guideline) ശുപാർശ ചെയ്യുന്ന 15%-നും താഴെയാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിലെ അരിയാഹാര ഉപഭോഗം ( ICMR പഠനത്തിൽ നിന്ന്)

പ്രമേഹ സാധ്യത കുറയ്ക്കാൻ ശുപാർശ ചെയ്യുന്ന ഭക്ഷണമാറ്റങ്ങൾ:

ഈ ആരോഗ്യപ്രതിസന്ധി നേരിടുന്നതിനായി ICMR–INDIAB പഠനം ശുപാർശ ചെയ്യുന്ന ഭക്ഷണരീതിയിലെ മാറ്റങ്ങൾ

  • പ്രോട്ടീൻ ഉപഭോഗം: കാർബോഹൈഡ്രേറ്റിൽ നിന്ന് ലഭിക്കുന്ന 5% ഊർജ്ജത്തെ സസ്യാഹാരങ്ങൾ, പാലുത്പനങ്ങൾ, മുട്ട, അല്ലെങ്കിൽ മത്സ്യം, മാംസം എന്നിവയിൽനിന്നൊക്കെ ലഭിക്കുന്ന പ്രോട്ടീൽനിന്ന് ലഭിക്കുന്ന രീതിയിൽ ഭക്ഷണക്രമം മാറ്റുന്നത് പുതുതായി രോഗനിർണയം ചെയ്യുന്ന ടൈപ്പ് 2 ഡയബറ്റീസ്, പ്രമേഹ പൂർവാവസ്ഥ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തി.
  • പ്രത്യേകിച്ച്, പയറുവർഗ്ഗങ്ങളിൽ നിന്നും പയർപ്പരിപ്പുകളിൽ നിന്നുമുള്ള പ്രോട്ടീൻ (Pulses and legumes protein) കാർബോഹൈഡ്രേറ്റിന് പകരമായി ഉപയോഗിക്കുന്നത് ടൈപ്പ് 2 ഡയബറ്റിസ്, പ്രമേഹ പൂർവാവസ്ഥ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
  • പൊതുവിതരണ സമ്പ്രദായത്തിലെ പരിഷ്കരണം : സംസ്ഥാനങ്ങൾ അവരുടെ പൊതുജനാരോഗ്യ നയങ്ങളുടെ ഭാഗമായി പൊതുവിതരണ സംവിധാനത്തിൽ വെളുത്ത അരി പോലുള്ള ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം പയറുവർഗ്ഗങ്ങൾ പോലുള്ള ആരോഗ്യകരമായ പ്രോട്ടീൻ സ്രോതസ്സുകൾക്ക് മുൻഗണന നൽകണം.
  • പൂരിത കൊഴുപ്പ് നിയന്ത്രിക്കുക: ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം, പൂരിത കൊഴുപ്പ് കുറവായ ആരോഗ്യകരമായ ഭക്ഷ്യ എണ്ണകളുടെ (edible oils) ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നും പഠനം ശുപാർശ ചെയ്യുന്നു. 
പ്രദേശം / സംസ്ഥാനം ആകെ പ്രോട്ടീൻ  പ്ലാൻ്റ് പ്രോട്ടീൻ  പാലുത്പന്നങ്ങളിൽ നിന്നുള്ള പ്രോട്ടീൻ മാംസം/മത്സ്യം/മുട്ട എന്നിവയിൽ നിന്നുള്ള (Animal) പ്രോട്ടീൻ 
ഇന്ത്യ ~12.0 8.9 2.1 1.0
കേരളം  ~8.7 (ഏറ്റവും കുറവ്) 5.7 (ഏറ്റവും കുറവ്) ~1.6–2.0 ~1.0–1.2
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (ശരാശരി) 13.6 (ഏറ്റവും കൂടുതൽ) ~9.5 1.1 2.9 (ഏറ്റവും കൂടുതൽ)
ഹിമാചൽ/ഝാർഖണ്ഡ് ~12.5 10.2 (ഏറ്റവും കൂടുതൽ) ~1.5–2.0 ~0.8–1.0


 

Content Highlights: New ICMR-INDIAB study reveals low protein intake, high carbs in Indian diets contribute to diabetes & obesity.