ഗുണങ്ങളറിഞ്ഞാൽ പിന്നെ അവഗണിക്കില്ല; വേനലിൽ ദാഹവും വിശപ്പും അകറ്റാൻ പനനൊങ്ക്

വേനൽക്കാലത്തെ ചൂടിനെ തരണംചെയ്യാൻ തണ്ണിമത്തനും കരിക്കും കക്കരിയുമെല്ലാം കഴിക്കുന്നവരാണ് നമ്മളിൽ പലരും. മാങ്ങയും ചക്കയുമെല്ലാം സുലഭമായ വേനൽക്കാലത്ത് ആളുകൾ നൊങ്കും തേടിയെത്താറുണ്ട്.
മിക്കയിടങ്ങളിലും ലഭ്യമല്ലാത്ത നൊങ്ക് പലപ്പോഴായി കടകളിലും വഴിയോരക്കച്ചവടങ്ങളിലും കണ്ടിട്ടുണ്ടാകും. എന്തെല്ലാമാണീ പഴത്തിന്റെ ഗുണങ്ങളെന്ന് അറിയാമോ? പരിശോധിക്കാം.
എന്താണ് നൊങ്ക്?
പനമരത്തിലാണ് നൊങ്കുണ്ടാകുന്നത്. ഏത് ചൂടിനെയും വരൾച്ചയെയും അതിജീവിക്കാൻ ശേഷിയുള്ള പഴമാണിത്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, എന്നിവിടങ്ങളിലെല്ലാം ഇത് കാണപ്പെടുന്നു.
നാളികേരത്തോട് സാമ്യമുള്ള ഈ പഴത്തിന് കട്ടിയുള്ള ഇരുണ്ട പുറന്തോടാണുള്ളത്. ഇതിനകത്ത് വിത്തുകളുടെ അറകൾ പോലുള്ള ഭാഗവും അതിനകത്ത് ജെല്ലി പോലുള്ള മാംസളമായ ഭാഗവും കാണാം. വെളുത്തതോ നേരിയ മഞ്ഞയോ നിറമുള്ള തോടുകൾ അടത്തിമാറ്റിയാണ് നൊങ്കെടുക്കുക. ഇളനീർക്കാമ്പ് കഴിക്കുന്നതുപോലുള്ള രുചിയാണ് ഐസ് ആപ്പിൾ എന്നും അറിയപ്പെടുന്ന നൊങ്കിന്. ദാഹവും വിശപ്പും ശമിപ്പിക്കാൻ നൊങ്ക് ബെസ്റ്റാണ്. മാത്രമല്ല, ശരീരത്തിന് ജലാംശം നൽകുന്നു.
ജലാംശം
നൊങ്കിലെ ജലാംശമാണ് അതിന്റെ ഏറ്റവും സവിശേഷമായ ഗുണങ്ങളിലൊന്ന്. നൊങ്കിന്റെ സ്‌പെഷ്യൽ രുചി അധികമാരും നിരസിക്കാത്ത പഴമായി അതിനെ മാറ്റുന്നു.
പോഷകങ്ങൾ
നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ എ, സി, ഇ, കെ, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയ പഴമാണിത്. ഇത്രയും നേർത്തതും കുറഞ്ഞ കലോറിയുള്ള പഴം പോഷകങ്ങളും പ്രദാനംചെയ്യുന്നു.
തണുപ്പ് നൽകുന്ന പഴം
നൊങ്ക് തണുപ്പ് നൽകുന്ന പഴമാണെന്നാണ് ആയുർവേദത്തിലും പറയുന്നത്. ശരീരത്തിന്റെ ചൂട്, പിത്തം കുറയ്ക്കുന്ന ഒരു പഴമായി ഇതിനെ കണക്കാക്കുന്നു. നൊങ്കിലെ ഉയർന്ന ജലാംശം, സ്വാഭാവിക ഇലക്ട്രോലൈറ്റുകൾ എന്നിവയയെല്ലാമാണതിന് സഹായിക്കുന്നത്. അസിഡിറ്റി, ചൂടുകുരു, അല്ലെങ്കിൽ വേനൽക്കാലത്തെ നിർജലീകരണം മൂലമുണ്ടാകുന്ന തലവേദന എന്നിവ തടയാൻ നൊങ്ക് കഴിക്കുന്നത് ഗുണം ചെയ്യും.
കലോറി
ഇതിൽ സ്വാഭാവികമായും കലോറി കുറവാണ്. ഇടവേളകളിലെ ലഘുഭക്ഷണമായി നൊങ്ക് കഴിക്കാം. വയറിന് ഭാരം തോന്നിക്കാതെത്തന്നെ ഈ പഴം വിശപ്പകറ്റുന്നു.
എങ്ങനെ കഴിക്കാം
നൊങ്ക് അതിന്റെ തോലിൽ നിന്ന് അടർത്തി നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. ചിലർ പാൽ ചേർത്തും മധുരമുള്ള സിറപ്പുകൾ ചേർത്തും കഴിക്കാറുണ്ട്.
നൊങ്ക്‌കൊണ്ട് ചില വിഭവങ്ങൾ
നൊങ്ക് സർബത്ത്
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന പാനീയമാണ് നൊങ്ക് സർബത്ത്.
ആവശ്യമുള്ള സാധനങ്ങൾ
തൊലി കളഞ്ഞ 4-6 നൊങ്ക്, ഒരു കപ്പ് തണുത്ത വെള്ളം, അല്ലെങ്കിൽ തേങ്ങാവെള്ളം; ഒരു ടീസ്പൂൺ പഞ്ചസാര അല്ലെങ്കിൽ തേൻ, ഒരു നുള്ള് ബ്ലാക്ക് സോൾട്ട്, അൽപം പുതിനയില.
എങ്ങനെ തയ്യാറാക്കാം
നൊങ്ക് തണുത്ത വെള്ളത്തിൽ ബ്ലെൻഡ് ചെയ്‌തെടുക്കുക. അരിച്ചെടുത്തശേഷം ഇതിലേക്ക് പഞ്ചസാര, ബ്ലാക്ക് സോൾട്ട്, പുതിനയില കഷ്ണങ്ങൾ എന്നിവ ചേർക്കുക. ഐസിന് മുകളിൽ ഒഴിച്ച് കഴിക്കാം.
നൊങ്ക് പായസം
നാല് നൊങ്ക് തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞത്, രണ്ട് കപ്പ് പാൽ, ¼ കപ്പ് പഞ്ചസാര, 12 ബദാം, രണ്ട് ഏലയ്ക്ക എന്നിവയാണ് നൊങ്ക് പായസം തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങൾ.
എങ്ങനെ ഉണ്ടാക്കാം
ബദാമും ഏലയ്ക്കയും കുറച്ച് പാലും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ബാക്കിയുള്ള പാൽ കട്ടിയുള്ള അടിവശമുള്ള പാത്രത്തിൽ സാവധാനം തിളപ്പിക്കുക. ബദാം പേസ്റ്റ് ചേർത്ത് പാൽ ചെറുതായി കട്ടിയാകുന്നതുവരെ, ഏകദേശം 10 മുതൽ 12 മിനിറ്റ് വരെ, കുറഞ്ഞ തീയിൽ തുടർച്ചയായി ഇളക്കുക.
പഞ്ചസാര ചേർത്ത് മൂന്ന് മുതൽ നാല് മിനിറ്റ് കൂടി ഇളക്കുക. അടുപ്പത്തുനിന്ന് മാറ്റിവെച്ച് തണുക്കാൻ അനുവദിക്കുക. പൂർണമായി തണുത്ത ശേഷം, അരിഞ്ഞ നൊങ്കിന്റെ കഷണങ്ങൾ ചേർക്കുക. വിളമ്പുന്നതിന് മുമ്പ് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം.
Content Highlights: High water content provides excellent hydration during summer., Rich in essential vitamins (A, C, E, K) and minerals like zinc and potassium., Ayurvedic properties help reduce body heat and acidity., Low-calorie snack option suitable for weight management.