മുഖത്ത് നിറവ്യത്യാസമുണ്ടോ; പരിഹാരമായി 'ഹെല്‍ത്തി പാനീയം' പരീക്ഷിക്കാമെന്ന് ന്യൂട്രീഷനിസ്റ്റ്

representative image|photo:canva
representative image|photo:canva

മുഖത്ത് നിറവ്യത്യാസം നമ്മളില്‍ പലരിലും കണ്ടു വരുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇതിനെ നിസാരമായി തള്ളിക്കളയരുത്. മുഖചര്‍മ്മത്തിലെ നിറത്തില്‍ വരുന്ന മാറ്റങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ ആദ്യത്തെ സൂചനകളാകും. ചൂടുകാലത്ത് പ്രധാനമായും മുഖത്ത് നിറം മാറ്റമുണ്ടാകുന്നതിലേക്ക് നയിക്കുന്നത് അധികമായി വെയില്‍ കൊള്ളുന്നതുമാവാം. നിറവ്യത്യാസം വരുന്നതില്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങളുണ്ട്.

വെയിലേല്‍ക്കുന്നതിന് പുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ചില ചര്‍മരോഗങ്ങള്‍ എന്നിങ്ങനെയൊക്കെ കാരണങ്ങളും ഈ നിറം മാറ്റത്തിന് പിന്നിലുണ്ട്. എങ്കിലും അധികപേരിലും മുഖത്ത് നിറംമാറ്റം വരുന്നത് അമിതമായി വെയിലേല്‍ക്കുന്നത് മൂലമാണ്. ഇതിന് പരിഹാരമായി ചെയ്യാവുന്നൊരു പൊടിക്കൈ പങ്കുവയ്ക്കുകയാണ് ന്യൂട്രീഷനിസ്റ്റായ സിമ്രത് കതൂരിയ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഭക്ഷണത്തിലൂടെ ചര്‍മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനാണ് ഈ പരിഹാരം സിമ്രത് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചര്‍മത്തിന് ഗുണം ചെയ്യുന്ന ചേരുവകളാണ് ഇതിനായി അവര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മാതളം, ചെറുനാരങ്ങ, സാലഡ് കുക്കുമ്പര്‍, കറിവേപ്പില എന്നിവയാണ് ഇതിനായി എടുക്കുന്നത്. ഇവ വച്ച് തയ്യാറാക്കുന്നൊരു ആരോഗ്യപാനീയത്തെ  കുറിച്ചാണ് അവര്‍ പറയുന്നത്.

ചര്‍മ്മത്തിലെ നിറം മാറ്റം പരിഹരിക്കാന്‍ ഗുണകരമാണ് സാലഡ് കുക്കുമ്പര്‍. ഇതിലുള്ള ആന്റി-ഓക്‌സിഡന്റുകളാണ് നിറംമാറ്റം പരിഹരിക്കാന്‍ സഹായകമാകുന്നത്. മാതളത്തില്‍ വൈറ്റമിന്‍ സി, ആന്റി-ഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്.  അതും ചര്‍മത്തിന് ഏറെ ഗുണം ചെയ്യും. കറിവേപ്പിലയിലും വൈറ്റമിന്‍ സിയും ആന്റി-ഓക്‌സിഡന്റ്‌സും ധാരാളമായി അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാനീരിലും ചര്‍മ്മത്തിന് ഗുണകരമാകുന്ന വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

പാനീയം തയ്യാറാക്കുന്നത് ഈ രീതിയിലാണ്. ഒരു സാലഡ് കുക്കുമ്പര്‍, അര കപ്പ് മാതളം, 12 കറിവേപ്പിലകള്‍, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ നന്നായി ചേര്‍ത്ത് അടിച്ചെടുത്ത് സ്മൂത്തിയാക്കണം. ഇനി ചര്‍മത്തിലെ നിറമാറ്റം മാറാന്‍ ഇത് കുടിക്കാം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.) 

Content Highlights: simple home remedy reduce dark pigmentation on the skin