പ്രോട്ടീൻ ഡയറ്റ് പിന്തുടരുന്നവരാണോ? ഈ തെറ്റുകൾ വരുത്താതിരിക്കാം

#Lifestyle desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ക്ഷണങ്ങളിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ ആളുകളിന്ന് ശ്രദ്ധാലുക്കളാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട് വളരെപ്പെട്ടെന്നാണ് പല ട്രെൻഡുകളും പ്രചാരംനേടുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്ന ലക്ഷ്യത്തോടെ ഡയറ്റ് പ്ലാനുകളിലും ലഘുഭക്ഷണങ്ങളിലും പലരും പ്രോട്ടീൻ ഉൾപ്പെടുത്താറുണ്ട്.

എന്നാൽ ആളുകൾ സമീകൃതമായ ഭക്ഷണത്തിന് പകരം പ്രോട്ടീൻ കൂടിയ അളവിൽ കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കുന്നു.

പ്രോട്ടീന്‍റെ പ്രാധാന്യം 
ശരീരത്തിന്റെ പല പ്രധാന പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ അത്യാവശ്യമാണ്. കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നതിനും പ്രതിരോധശേഷിക്കും പേശികൾ ദൃഢമാക്കാനും സഹായിക്കുന്നതിൽ പ്രോട്ടീൻ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ ആളുകൾ മറ്റ് കാര്യങ്ങളിൽ ശരിയായ ക്രമീകരണം നടത്താതെ കൂടിയ അളവിൽ പ്രോട്ടീൻ കഴിക്കുമ്പോഴാണ് അത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

ശരീരത്തിന് കൂടുതൽ വെള്ളം, നാരുകളുടെ ലഭ്യത, ദഹനം കൃത്യമായി നടക്കാനും മൊത്തത്തിലുള്ള സന്തുലിതാവസ്ഥ നിലനിർത്താനും ആവശ്യമായ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ആവശ്യമാണ്. ഇവ ഉൾപ്പെടുത്തിയില്ലെങ്കിൽ ശരീരം സമ്മർദം അനുഭവിക്കുന്നു. ഉയർന്ന തോതിലുള്ള പ്രോട്ടീൻ-ഡയറ്റെടുക്കുന്നവർ വരുത്തുന്ന ചില പ്രധാന തെറ്റുകളാണ് താഴെ നൽകിയിരിക്കുന്നത്.

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് കൂടുതൽ യൂറിയ ഉണ്ടാകാൻ കാരണമാകുന്നു. വൃക്കകൾ പുറന്തള്ളേണ്ട ഒരു മാലിന്യ ഉത്പ്പന്നമാണിത്. പ്രോട്ടീന് അനുസരിച്ച് വെള്ളം കുടിക്കുന്നതിന്റെ അളവ് കൂട്ടിയില്ലെങ്കിൽ, ശരീരത്തിന് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇത് തലവേദന, ക്ഷീണം, ഇരുണ്ടനിറത്തിലുള്ള മൂത്രം, മലബന്ധം എന്നിവയ്ക്ക് കാരണമാകും.

നാരുകൾ (Fibre) കുറയ്ക്കുന്നത്
പ്രോട്ടീന്റെ അളവിൽ ശ്രദ്ധചെലുത്തുമ്പോൾ പലരും ഭക്ഷണത്തിൽ ആവശ്യത്തിന് ഫൈബർ അടങ്ങിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ മറക്കുന്നു. പ്രോട്ടീൻ ഷേക്കുകളും പൗഡറുകളും നാരുകൾ വളരെ കുറവായതോ ഇല്ലാത്തവയോ ആയിരിക്കാം. അതിനാൽ അവയെ പ്രധാന ഭക്ഷണത്തിന് പകരമായി ഉപയോഗിക്കുന്നത് ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടിലാക്കുന്നു.

പഴങ്ങളും പച്ചക്കറികളും ഒഴിവാക്കുന്നത്
പലരും ശ്രദ്ധിക്കാതെ പോകുന്ന തെറ്റുകളിൽ ഒന്നാണിത്. ചില മൃഗജന്യ പ്രോട്ടീനുകൾ ശരീരത്തിലെ ആസിഡിന്റെ അളവ് വർധിപ്പിക്കുന്നു. പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പൊട്ടാസ്യം ലഭിക്കുന്നതിനാൽ ഈ ആസിഡിനെ പ്രതിരോധിക്കാൻ സാധിക്കുന്നു.

പൊട്ടാസ്യം കുറയുന്നത് അസിഡിറ്റി, ബ്ലോട്ടിങ്, പേശീവേദന, രക്തസമ്മർദത്തിലെ ഏറ്റക്കുറച്ചിലുകൾ, വൃക്കകളിലെ അധിക സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. പ്രോട്ടീന്റെ അളവ് കൂടുതലും പൊട്ടാസ്യം കുറവുമാകുമ്പോൾ അത് ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക)

Content Highlights: High-protein diet? Learn about simple mistakes that can cause discomfort and hinder your health goals. Discover how to balance your intake for optimal results.