ഉച്ചയ്ക്ക് മുമ്പ് 40 ഗ്രാം പ്രോട്ടീൻ; അനാവശ്യ വിശപ്പ് ഒഴിവാക്കാൻ റോഷ്നി ചോപ്രയുടെ റെസിപ്പി

ദിവസവും ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിൽ ചിലർക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയേക്കാം. നമ്മുടെ പേശികൾക്ക് കരുത്തേകുന്നതും മണിക്കൂറുകളോളം വിശപ്പ് നിയന്ത്രിക്കുന്നതുമായ പ്രോട്ടീൻ ബൗൾ റെസിപ്പി പങ്കുവെച്ചിരിക്കുകയാണ് ടിവി അവതാരകയും ഡിജിറ്റൽ ക്രിയേറ്ററുമായ റോഷ്നി ചോപ്ര. തൻ്റെ വ്യക്തിപരമായ അനുഭവവും റോഷ്നി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നുണ്ട്.
‘ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി 40 ഗ്രാം പ്രോട്ടീൻ ശരീരത്തിൽ എത്തിയാൽ അനാവശ്യമായ ആഹാരത്തോടുള്ള കൊതി കുറയുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്’- റോഷ്നി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
പ്രോട്ടീൻ ബൗൾ തയ്യാറാക്കുന്ന വിധം
- ഗ്രീക്ക് യോഗർട്ട്: 1 കപ്പ്
വാനില വേ പ്രോട്ടീൻ : 1 സ്കൂപ്പ്
സ്ട്രോബെറി: 5 എണ്ണം (അല്ലെങ്കിൽ ഇഷ്ടമുള്ള സീസണൽ പഴങ്ങൾ)
കുതിർത്ത ചിയ വിത്തുകൾ: 1 ടേബിൾസ്പൂൺ
തേൻ: പാകത്തിന്
സിനമൺ പൌഡർ(കറുവപ്പട്ട പൊടി): അര ടീസ്പൂൺ
(ഏകദേശം 420 കലോറിയും 42-45 ഗ്രാം പ്രോട്ടീനും ഇതിൽ നിന്ന് ലഭിക്കും)
തയ്യാറാക്കേണ്ട രീതി
എല്ലാ ചേരുവകളും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഫ്രഷ് പഴങ്ങൾ കൂടി ചേർത്ത് കഴിക്കാം.
നേരത്തെ പ്രോട്ടീൻ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമോ?
പ്രോട്ടീൻ കഴിക്കുന്നത് വയർ നിറഞ്ഞ അനുഭവം നൽകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. വിശപ്പ് ഉണ്ടാക്കുന്ന ഗ്രെലിൻ ഹോർമോണിനെ നിയന്ത്രിക്കാനും വയർ നിറഞ്ഞെന്ന് തോന്നിപ്പിക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കാനും പ്രോട്ടീന് കഴിയും. രാവിലെയും ഉച്ചയ്ക്കും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നവർക്ക് വൈകുന്നേരങ്ങളിൽ അമിതമായി ആഹാരം കഴിക്കാനുള്ള തോന്നൽ കുറവായിരിക്കും.
പതിവായി വ്യായാമം ചെയ്യുന്നവർക്കും പേശീബലം നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കും ഉച്ചയ്ക്ക് മുൻപ് തന്നെ ഏകദേശം 40 ഗ്രാം പ്രോട്ടീൻ ശരീരത്തിൽ എത്തുന്നത് ഏറെ ഗുണകരമാണ്. എന്നാൽ ഓരോരുത്തരുടെയും പ്രായം, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി എന്നിവ അനുസരിച്ച് പ്രോട്ടീന്റെ ആവശ്യകതയിൽ മാറ്റം വരാമെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
ശ്രദ്ധിക്കുക:
അമിതമായി തേൻ ചേർക്കുന്നത് പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇടയാക്കും. ലാക്ടോസ് ഇൻടോളറൻസ്, വൃക്ക സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർ വിദഗ്ധ നിർദ്ദേശപ്രകാരം മാത്രം ഇത്തരം ഭക്ഷണക്രമം പിന്തുടരുക.
Content Highlights: Roshni Chopra’s Secret to Curbing Cravings With One Protein Bowl