ശരീരഭാരം കുറക്കാനുള്ള മാജിക് ഡ്രിങ്ക് : നല്ല ഉറക്കം ലഭിക്കാനും കുടിക്കാം

representative image|photo:canva
representative image|photo:canva

റോസാപൂക്കള്‍ക്ക് അടുക്കളയിലെന്ത് കാര്യമെന്ന് ചിന്തിക്കാന്‍ വരട്ടെ. 2000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നേ റോസാപ്പൂക്കള്‍ ഉപയോഗിച്ചുള്ള ചായകള്‍ ഇന്ത്യയിലും ചൈനയിലും പ്രചാരത്തിലുണ്ട്. റോസ് ടീ നമ്മള്‍ പതിവായി കുടിക്കുന്ന ഒന്നല്ലെങ്കിലും അതിനുള്ള ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. റോസ് ടീ കുടിക്കുന്നത് ആര്‍ത്തവ ദിവസങ്ങളിലെ വയര്‍ വേദന അകറ്റാന്‍ ഗുണം ചെയ്യും.

കൗമാരക്കാരിലെ ആര്‍ത്തവ വേദന അകറ്റുന്നതിന് വളരെ ഫലപ്രദമായ ഹെര്‍ബല്‍ ടീയാണ് റോസ് ടീ. ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഇത് ആര്‍ത്തവ വേദനയുമായി ബന്ധപ്പെട്ട വേദന ഒഴിവാക്കുന്നതായി ജേണല്‍ ഓഫ് മിഡ്വൈഫറി ആന്‍ഡ് വിമന്‍സ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നുണ്ട്. റോസ് ടീ ആര്‍ത്തവ വേദനയുടെ തീവ്രത കുറയ്ക്കുകയാണ് ചെയ്യുന്നത്.

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും റോസ് ടീ പതിവാക്കാം. ഇത് മെറ്റബോളിസം കൂട്ടാന്‍ സഹായിക്കും. രാത്രി റോസ് ടീ കുടിയ്ക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ നല്ലതാണ്. ഉറക്കമില്ലായ്മ പ്രശ്‌നമുള്ളവര്‍ക്കും ഇത് പതിവായി കുടിയ്ക്കാം.

കൂടാതെ ഇതില്‍ ഗാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവുമാണ് ഈ ടീ. വീക്കം കുറയ്ക്കുന്നതിനൊപ്പം വേദന കുറയ്ക്കാനും സഹായിക്കുന്നതായി ജേണല്‍ ഓഫ് ഫുഡ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

റോസ് ടീ കുടിക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഗുണം ചെയ്യും. ദഹനപ്രശ്‌നങ്ങള്‍ കുറയ്ക്കാനും മലബന്ധത്തെ പ്രതിരോധിക്കാനും റോസ് ടീ കുടിയ്ക്കുന്നത് നല്ലതാണ്. ആര്‍ത്തവം ആരംഭിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റോസ് ടീ കുടിക്കുന്നത് ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള മലബന്ധ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

റോസ് ടീ ഉണ്ടാക്കുന്ന വിധം

റോസ് ടീ ഉണ്ടാക്കുവാനായി ആദ്യം വെള്ളത്തില്‍ രണ്ടോ മൂന്നോ  റോസാപ്പൂവിന്റെ ഇതളുകള്‍ ഇടണം. നന്നായി തിളച്ച് വരുമ്പോള്‍ തീയണച്ച് അരിച്ച് മാറ്റാം. ശേഷം അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കാം. മധുരം പൊതുവേ ആവശ്യമില്ല. തേന്‍ ചേര്‍ക്കുന്നതിലും തെറ്റില്ല.


(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: health benefits of rose tea