മോര് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം; ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കാം

നമ്മുടെ ഭക്ഷണമേശയില്‍ സാധാരണമായി കാണുന്ന വിഭവമാണ് മോര്. മോരിന് നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. പാലിനേക്കാള്‍ കലോറി കുറവും കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നവുമാണിത്. പതിവായി മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
ദഹനപ്രശ്‌നങ്ങളും വയറുവേദനയുമൊക്കെ അലട്ടുന്നവരാണ് നിങ്ങളെങ്കില്‍ പതിവായി ഭക്ഷണത്തില്‍ മോര് ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ഇത് ഗുണകരമാണ്. പ്രോബയോട്ടിക് ആയതിനാല്‍, വയറിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും കുടലിന്റെ ആരോഗ്യത്തിനും മോര് നല്ലതാണ്.
മോരിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.പ്രോട്ടീന്‍ ധാരാളം അടങ്ങിയ മോരില്‍ കലോറിയും ഫാറ്റും കുറവാണ്. അതിനാല്‍ മോര് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും. ഫാറ്റും കൊളസ്‌ട്രോളും കുറഞ്ഞ മോര് കുടിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഗുണകരമാണ്. മോരില്‍ ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.കൂടാതെ അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയെ തടയാനും മോര് സഹായിക്കും.
നിര്‍ജ്ജലീകരണത്തെ തടയാനും മോര് കുടിക്കുന്നത് നല്ലതാണ്. കാത്സ്യത്തിന്റെ മികച്ച ഉറവിടമായതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും മോര് ഗുണം ചെയ്യും.
Content Highlights: Buttermilk,Boosts immunity,weight loss,bone health,Enhances skin health,food