ദീപാവലിക്ക് സ്വര്‍ണംകൊണ്ട് മധുരപലഹാരങ്ങള്‍; ഒരു കിലോഗ്രാമിന് വില 1.1 ലക്ഷം രൂപ

ദീപാവലിക്ക് മുന്നോടിയായി ആളുകള്‍ സ്വര്‍ണം, വെള്ളി നാണയങ്ങളും ആഭരണങ്ങളും ലോഹ പാത്രങ്ങളും വാങ്ങാറുണ്ട്. ആഘോഷങ്ങള്‍ ഏതായാലും മധുരപലഹാരങ്ങള്‍ കൈമാറാറുമുണ്ട്. എന്നാല്‍ അവ സ്വര്‍ണം പൂശിയതാണെങ്കിലോ?
ജയ്പൂരിലെ കടയിലെ സ്വര്‍ണം പൂശിയ മധുരപലഹാരങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്. ഒരു കിലോഗ്രാമിന് 1,00,000 രൂപയിലധികമാണ് വില.
ഫുഡ് ഇന്നൊവേറ്ററും 'ത്യോഹാര്‍' എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമായ അഞ്ജലി ജെയിന്‍ ആണ് കാഴ്ചയില്‍ ആഡംബരം നിറഞ്ഞതും വില കൂടിയതുമായ ഈ ദീപാവലി മിഠായി തയ്യാറാക്കിയത്.
ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് ജയ്പൂരില്‍ 'ത്യോഹാര്‍' സ്വര്‍ണവും വെള്ളിയും പൂശിയ ആഡംബര മധുരപലഹാരങ്ങള്‍ പുറത്തിറക്കിയത്. സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ മാത്രമല്ല മധുരപലഹാരത്തിന്റെ രൂപത്തില്‍ ആസ്വദിക്കാനും കഴിയുമെന്നതാണ് പ്രത്യേകത.
'ഗോള്‍ഡ് സീരീസ് ബൈ ത്യോഹാര്‍'-ന്റെ ഭാഗമായാണ് ഈ മധുരപലഹാരങ്ങള്‍. 'സ്വര്‍ണ പ്രസാദം' ആണ് ഈ പട്ടികയിലെ ഏറ്റവും വിലകൂടിയ വിഭവങ്ങളിലൊന്ന്. കിലോഗ്രാമിന് 1,11,000 രൂപയാണ് വില’ – അഞ്ജലി ജെയിന്‍ പറഞ്ഞു,
'കേവലം ഒരു മധുരം എന്നതിലുപരി, ആരോഗ്യത്തിന്റെയും രാജകീയതയുടെയും കൂടിച്ചേരലാണ് ഈ പലഹാരമെന്നും അഞ്ജലി പറയുന്നു.
പട്ടികയിലെ മറ്റ് ആഡംബര വിഭവങ്ങള്‍
- ചാന്ദി ഭസ്മ് ഭരത് - ഒരു കഷ്ണത്തിന് 1,150 രൂപ
- സ്വര്‍ണ ഭസ്മ് ഭരത് - ഒരു കഷ്ണത്തിന് 1,950 രൂപ / ഒരു കിലോഗ്രാമിന് 85,000 രൂപ
- 24 കാരറ്റ് കാജു കട്ലി - ഒരു കിലോഗ്രാമിന് 3,500 രൂപ
- 24 കാരറ്റ് പിസ്ത ലോഞ്ച് - ഒരു കിലോഗ്രാമിന് 7,000 രൂപ
- 24 കാരറ്റ് ലഡ്ഡു - ഒരു കിലോഗ്രാമിന് 2,500 രൂപ
സ്വര്‍ണത്തിന്റെ പൊടി ഉപയോഗിക്കുന്നത് അലങ്കാരത്തിന് വേണ്ടി മാത്രമല്ലെന്ന് അഞ്ജലി ജെയിന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. ആയുര്‍വേദത്തിലെ, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സ്വര്‍ണ ഭസ്മം സഹായിക്കുമെന്ന വിവരത്തില്‍നിന്നാണ് ഇതിന് പ്രചോദനം ലഭിച്ചതെന്ന് അവര്‍ പറയുന്നു.
Content Highlights: Discover luxurious gold and silver-plated Diwali sweets from Jaipur, blending royal indulgence with health benefits. A unique festive treat priced at over ₹1 Lakh per kg.