രാജ്യവ്യാപകമായി ഗിഗ് തൊഴിലാളികളുടെ പണിമുടക്ക്: സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ സേവനങ്ങളെ ബാധിച്ചേക്കും

#Lifestyle desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI
പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI

ന്യൂഡൽഹി: വിവിധ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കി രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ, ആമസോൺ, ബ്ലിങ്കിറ്റ്, സെപ്റ്റോ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിലെ ഗിഗ് തൊഴിലാളികൾ.  ഡിസംബർ 25, 31 തീയതികളാണ് രാജ്യവ്യാപക പണിമുടക്കിനായി ഇവർ തിരഞ്ഞെടുത്തത്.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്സും (IFAT) തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചത്. ബെംഗളൂരു, ന്യൂഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് ക്രിസ്മസ് ദിനമായ വ്യാഴാഴ്ച  വൈകീട്ട് തൊഴിലാളികൾ പ്രധാനമായും പണിമുടക്കിയത്. 

തൊഴിലാളികൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങൾ 

  • തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന '10 മിനിറ്റ് ഡെലിവറി' രീതി പിൻവലിക്കണം.
  • സുതാര്യമായ വേതന ഘടന ഉറപ്പാക്കുക, അപകട ഇൻഷുറൻസ് നൽകുക, പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയവ.

യൂണിയനുകളിൽ ചേരുന്ന തൊഴിലാളികളെ കമ്പനികൾ ഭീഷണിപ്പെടുത്തുന്നതായി ഐഎഫ്എടി (IFAT) ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഇനായത്ത് അലി ആരോപിച്ചു.

കർണാടക സർക്കാർ ഗിഗ് തൊഴിലാളികൾക്കായി സാമൂഹിക സുരക്ഷാ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. കുറഞ്ഞ വരുമാനവും അമിത ജോലിഭാരവും കാരണം തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലാണെന്നും ഗിഗ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടനടി ഇടപെടണമെന്നും തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടു. ഉത്സവ സീസണിലെ പണിമുടക്ക് രാജ്യത്തെ ഓൺലൈൻ ഡെലിവറി സേവനങ്ങളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

Content Highlights: Gig workers from Swiggy, Zomato, Amazon, Blinkit, Zepto, and Flipkart nationwide strike on Dec 25 & 31.