ഭക്ഷണത്തില്‍ പ്രാണിയോ മുടിയോ പെടുന്നത് ജോലിയുടെ ഭാഗം- ഗൗരി ഖാന്റെ റസ്റ്ററന്റിന്റെ സഹസ്ഥാപകന്‍

പ്രശസ്ത ഇന്റീരിയര്‍ ഡിസൈനറും ഷാരൂഖ് ഖാന്റെ ഭാര്യയുമായ ഗൗരി ഖാന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റായ ടോരിയില്‍ വ്യാജ പനീര്‍ വിളമ്പുന്നുവെന്ന ആരോപണവുമായി യൂട്യൂബര്‍ രംഗത്തെത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം. വ്‌ളോഗറുടെ വീഡിയോയ്ക്ക് സ്ഥാപനം വിശദീകരണവുമായെത്തിയിരുന്നു. 'ടോരിയിലെ ഞങ്ങളുടെ പനീറിന്റെ ശുദ്ധതയിലും ചേരുവകളുടെ ഗുണമേന്മയിലും ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു'വെന്നാണ് അവര്‍ കമന്റ് ചെയ്ത്.
ഒരു ഉയര്‍ന്ന നിലവാരത്തിലുള്ള റസ്റ്ററന്റ് നടത്തുന്നതിലെ വെല്ലുവിളികളെക്കുറിച്ച് വിശദമാക്കിയിരിക്കുകയാണിപ്പോള്‍ ടോരിയുടെ സഹസ്ഥാപകനായ അഭയ്രാജ് കോലി. ടോരിയില്‍ കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും, ഇടയ്ക്ക് ചില വീഴ്ചകള്‍ സംഭവിക്കാമെന്ന് അഭിമുഖത്തില്‍ അഭയ്രാജ് കോലി തുറന്നുപറഞ്ഞു.
'ഭക്ഷണത്തില്‍ ഒരു ചെറിയ ഈച്ചയോ പ്രാണിയോ ഒരു മുടിയിഴയോ വീഴുന്നത് ജോലിയുടെ ഭാഗമാണ്. അത് നിങ്ങളുടെ വീടുകളിലും ജോലിസ്ഥലങ്ങളിലും സംഭവിക്കാം, ഒരു റസ്റ്ററന്റിലും സംഭവിക്കും, അതിലൊന്നും മാറ്റം വരുത്താന്‍ സാധിക്കില്ല', അദ്ദേഹം പറഞ്ഞു.
'പല റസ്റ്ററന്റുകളും ചെയ്യുന്ന കാര്യങ്ങളില്‍ അത്ര ശുചിത്വം പാലിക്കുന്നില്ല, എന്നാല്‍ ഞങ്ങളെപ്പോലുള്ള നിലവാരമുള്ള റെസ്റ്ററന്റുകള്‍ ഭക്ഷണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന് അതീവ പ്രാധാന്യം നല്‍കുന്നു. അടുക്കളയുടെ ശുചിത്വമോ വൃത്തിയോ മാത്രമല്ല വിതരണക്കാരില്‍ നിന്ന് ലഭിക്കുന്ന സമയം മുതല്‍ ഒരാളുടെ പ്ലേറ്റില്‍ എത്തുന്നതുവരെ ഭക്ഷണം എങ്ങനെ സൂക്ഷിക്കുന്നു എന്നതും പ്രധാനമാണ്.'
ലാറ്റിന്‍-ഏഷ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ടോരിയിലെ സുഷി, സാഷിമി, സെവിചെ തുടങ്ങിയ വേവിക്കാത്ത ഭക്ഷണങ്ങളുടെ സംഭരണ സംവിധാനത്തെക്കുറിച്ചും അഭയ്രാജ് കോലി സംസാരിച്ചു.
'ടോരിയില്‍ ഞങ്ങള്‍ വേവിക്കാത്ത മാംസം വിളമ്പുന്നു. സുഷി, സഷീമി, സെവിചെ തുടങ്ങിയ വേവിക്കാത്ത മാംസ വിഭവങ്ങളുണ്ട്. ഫ്രീസറില്‍ നിന്ന് മാംസം എടുത്ത് അതേപടി വിളമ്പുന്നത് സുരക്ഷിതമല്ല. ഭക്ഷണം സൂപ്പര്‍ഫ്രീസര്‍ എന്ന പ്രത്യേക ഉപകരണത്തില്‍ സൂക്ഷിക്കണം. സൂപ്പര്‍ഫ്രീസറില്‍ 60, 70 ഡിഗ്രിയിലുള്ള ഭക്ഷണത്തില്‍ ബാക്ടീരിയ വളരില്ല, അദ്ദേഹം പറഞ്ഞു.
മുംബൈയിലെ ബാന്ദ്രയിലാണ് ടോരി സ്ഥിതി ചെയ്യുന്നത്.
Content Highlights: Gauri Khan`s Tori Restaurant Responds to Fake Paneer Claims