ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ശരിയായ രീതിയിലാണോ? നിർദേശങ്ങളുമായി FSSAI

ഭക്ഷ്യവസ്തുക്കൾ കേടുകൂടാതെ സൂക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വീട്ടിലെ റഫ്രിജറേറ്ററിനെയാണ് എല്ലാവരും ആ ഉത്തരവാദിത്വം ഏൽപ്പിക്കാറുള്ളത്. എന്നാൽ ഭക്ഷണം ഫ്രിഡ്ജിൽ വെച്ചാൽ മാത്രം പോര അത് വളരെ ശ്രദ്ധയോടെ വേണം എന്ന് ഓർമിപ്പിക്കുകയാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). റഫ്രിജറേറ്ററിൽ ശരിയായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിലൂടെ ബാക്ടീരിയകളുടെ വ്യാപനം തടയാനും ഭക്ഷണം കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുമെന്ന് അതോറിറ്റി പറയുന്നു.
ഫ്രിഡ്ജിലെ ഭക്ഷണം കേടുകൂടാതെ ഇരിക്കുന്നത് വിവിധ ഭക്ഷ്യവസ്തുക്കൾ എത്ര ശ്രദ്ധയോടെ വേർതിരിച്ച് സൂക്ഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നാണ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി പറയുന്നത്. പച്ച മാംസം, കോഴിയിറച്ചി, മത്സ്യം എന്നിവ മറ്റ് ഭക്ഷ്യവസ്തുക്കളിൽ നിന്ന് വേർതിരിച്ച് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വേനൽക്കാലത്തെ ചൂട് ഹാനികരമായ ബാക്ടീരിയകൾ വേഗത്തിൽ വളരാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഭക്ഷണം വളരെ നേരം ചൂടായ താപനിലയിൽ തുറന്നുവെച്ചാൽ കേടാവാനുള്ള സാധ്യത വർധിക്കും.
നിങ്ങളുടെ റഫ്രിജറേറ്റർ ഭക്ഷ്യവസ്തുക്കൾ ശീതീകരിക്കുമെങ്കിലും തെറ്റായ സംഭരണ രീതികൾ കാരണം ക്രോസ്-കണ്ടാമിനേഷൻ സംഭവിക്കാം. പച്ച മാംസത്തിൽ നിന്നുള്ള ബാക്ടീരിയകൾ പഴങ്ങൾ, പച്ചക്കറികൾ, പാചകം ചെയ്ത ഭക്ഷണം എന്നിവയിലേക്ക് വ്യാപിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് പലപ്പോഴും ശ്രദ്ധയിൽപ്പെട്ടെന്ന് വരില്ല. ഭക്ഷണം തികച്ചും സുരക്ഷിതമായി തോന്നാം, അസാധാരണ ഗന്ധം ഉണ്ടാകണമെന്നില്ല. എന്നാൽ ഭക്ഷ്യവിഷബാധയ്ക്കും വയറുവേദന, ഛർദ്ദി, മറ്റ് ദഹന പ്രശ്‌നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ ഉൾക്കൊള്ളാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
FSSAI-യുടെ നിർദേശങ്ങൾ ഇവയാണ്:
1. പച്ച മാംസം, കോഴിയിറച്ചി, മത്സ്യം എന്നിവയിൽ ഹാനികരമായ ബാക്ടീരിയകൾ ഉണ്ടാകാം. ഇവയിൽനിന്നുള്ള വെള്ളം പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, പാചകം ചെയ്ത ഭക്ഷണം എന്നിവയിലേക്ക് വീണാൽ ബാക്ടീരിയ ഉടനടി പടരാൻ സാധ്യതയുണ്ട്. അതിനാൽ ഈ വസ്തുക്കൾ വാങ്ങുന്ന സമയത്തും ഫ്രിഡ്ജിൽ വെയ്ക്കുമ്പോഴും വേർതിരിച്ച് സൂക്ഷിക്കണമെന്ന് FSSAI നിർദ്ദേശിക്കുന്നു.
2. ബാക്ടീരിയകളുടെ വളർച്ച മന്ദഗതിയിലാക്കാൻ നിങ്ങളുടെ റഫ്രിജറേറ്റർ 5 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കി സൂക്ഷിക്കണം. അൽ്പം ഉയർന്ന താപനില പോലും ബാക്ടീരിയകൾ വേഗത്തിൽ വളരുന്ന സാഹചര്യം സൃഷ്ടിക്കും.
3. താപനില മാറ്റങ്ങൾ മുട്ടയെ വളരെവേഗം ബാധിക്കും. മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പച്ചയോ പാതി വെന്തതോ ആയ മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കാനും FSSAI നിർദേശിക്കുന്നു. ശരിയായ റഫ്രിജറേഷൻ ബാക്ടീരിയൽ മലിനീകരണത്തിന്റെ അപകടം കുറയ്ക്കുകയും മുട്ടകൾ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
Freshness of food in your fridge depends on how carefully different foods are kept segregated.
Keep raw meat, poultry & seafood separate from other foods, both in your shopping cart and in your refrigerator.
This simple step goes a long way in ensuring food safety.#FSSAITips pic.twitter.com/4ExAdG8m6M— FSSAI (@fssaiindia) May 13, 2026
Content Highlights: Keep raw meat, poultry, and seafood strictly separated from ready-to-eat foods., Maintain refrigerator temperature below 5 degrees Celsius to inhibit bacterial growth., Store eggs inside the refrigerator to prevent salmonella and spoilage., Understand the risks of cross-contamination during high summer temperatures.