മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ! ഡയറ്റില്‍ നിന്നും ഇവ ഒഴിവാക്കാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങളും നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യവും തമ്മില്‍ വലിയ ബന്ധമുണ്ട്. പലരും മുഖക്കുരു കാരണം ബുദ്ധിമുട്ടാറുണ്ട്. നമ്മുടെ ഭക്ഷണക്രമം മുഖക്കുരു വരാനുള്ള സാധ്യതയെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ മുഖക്കുരു വരാനുള്ള സാധ്യതയെ കൂട്ടും. അത്തരത്തില്‍ മുഖക്കുരുവിന് കാരണമാകുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.

ബര്‍ഗര്‍ പോലെയുള്ള സംസ്‌കരിച്ച ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ നിങ്ങള്‍ക്ക് ഇഷ്ടമാണോ? അനാരോഗ്യകരമായ കൊഴുപ്പും, അമിത കലോറിയും കാര്‍ബോഹൈട്രേറ്റും ഇതില്‍ അടങ്ങിയിട്ടുണ്ട്. ജങ്ക് ഫുഡുകള്‍ അമിതമായി കഴിക്കുന്നത് മുഖക്കുരുവിന്റെ സാധ്യതയെ കൂട്ടും. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ മുഖക്കുരുവിനുള്ള സാധ്യതയെ കൂട്ടാം. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക.

മധുരമുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതും നല്ലതല്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ കൂട്ടുകയും ഇന്‍സുലിന്‍ ഉത്പാദനം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. ഇതുമൂലം ചര്‍മത്തിലെ ഗ്രന്ഥികളില്‍ എണ്ണ അമിതമായി ഉല്‍പാദിപ്പിക്കപ്പെടും. ഈ അധിക എണ്ണ സുഷിരങ്ങള്‍ അടയ്ക്കുകയും മുഖക്കുരു രൂപപ്പെടാന്‍ കാരണമാകുകയും ചെയ്യും.

മുഖക്കുരുവിന് കാരണമാകുന്ന ചര്‍മത്തിലെ ബാക്ടീരിയകളുടെ വളര്‍ച്ചയെയും പഞ്ചസാര പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. പാലും പാലുത്പ്പന്നങ്ങളും ഇന്‍സുലിന്‍ ഉത്പാദനത്തെ കൂട്ടും. ഇത് ചര്‍മത്തില്‍ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യുന്നു. അതിനാല്‍ ക്രീം, ചീസ്, കോട്ടേജ് ചീസ് തുടങ്ങിയവ ഒഴിവാക്കുന്നതും നല്ലതാണ്.

ചോക്ലേറ്റില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് ഇന്‍സുലിന്‍ വര്‍ധനവിന് കാരണമാകും, ഇത് മുഖക്കുരുവിനും കാരണമാകും. അതിനാല്‍ ചോക്ലേറ്റും അമിതമായി കഴിക്കരുത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: These Foods That Can Cause Acne