ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

Representative Image| Photo: Canva.com
Representative Image| Photo: Canva.com

രീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. കൃത്യമല്ലാത്ത ഭക്ഷണരീതിയും വ്യായാമമില്ലായ്മയുമെല്ലാം ശരീരഭാരം കൂടുന്നതിന് കാരണമാണ്. ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുക്കുകയാണ്‌ ഇതിനായി ആദ്യം ചെയ്യേണ്ടത്.  വണ്ണം കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

ശരീരഭാരം കുറയ്ക്കാന്‍ കഴിക്കാവുന്ന മികച്ച ഭക്ഷണമാണ് വെള്ളരിക്ക. ഇതില്‍ 85 ശതമാനവും വെള്ളമാണ്. കൂടാതെ ഇത് ഫൈബറിന്റെ മികച്ച സ്രോതസുമാണ്‌. കലോറിയും  കുറവായതിനാല്‍ വെള്ളരിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്  തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ചീര. ചീര വേവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത്  വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഗുണം ചെയ്യും.

കടല, ബീന്‍സ് പോലുള്ള പയര്‍ വര്‍ഗങ്ങള്‍ തുടങ്ങിയവയും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവ അമിത വിശപ്പിനെ നിയന്ത്രിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

ഡയറ്റില്‍ നാരങ്ങ ഉള്‍പ്പെടുത്തുകയോ നാരങ്ങാ വെള്ളം കുടിക്കുകയോ ചെയ്യുന്നതും വളരെ നല്ലതാണ്. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ അധിക കൊഴുപ്പ് കളയാനും സഹായിക്കുന്നു.

തൈര് കഴിക്കുന്നതും ഗുണം ചെയ്യും. ഇവ ശരീരത്തില്‍ അടിഞ്ഞ് കിടക്കുന്ന  കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. തൈര് വിശപ്പ് ഇല്ലാതാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പഴങ്ങള്‍ കഴിക്കുന്നതും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ നിങ്ങളുടെ വയറു നിറയ്ക്കാന്‍ സഹായിക്കും. 

വണ്ണം കൂടുന്നവര്‍ ദിവസവും ഒരുപിടി വാല്‍നട്‌സ്  കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വര്‍ധിപ്പിക്കാന്‍ ഇത് ഗുണം ചെയ്യും. അതോടൊപ്പം ഇവ തലച്ചോറിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും.

(ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Content Highlights: Healthy Foods That Can Help You Lose Weight Sustainably