ഫ്രിഡ്ജിലെ ഭക്ഷണം ചൂടാക്കി കഴിക്കാറുണ്ടോ? ഈ 5 തെറ്റുകൾ ഒഴിവാക്കാം

തലേദിവസത്തെ ബിരിയാണിയോ, ചോറും കറിയോ, പാസ്തയോ ഒക്കെ ഫ്രിഡ്ജിൽ ഇരിപ്പുണ്ടെങ്കിൽ പിറ്റേന്ന് അടുക്കളയിലെ പണി എളുപ്പമായി. സമയം ലാഭിക്കാനും ഭക്ഷണം പാഴാക്കാതിരിക്കാനും ഇത് സഹായിക്കുമെങ്കിലും ഫ്രിഡ്ജിലിരിക്കുന്ന ഭക്ഷണം എടുത്ത് നേരെ അടുപ്പത്തോ ഓവനിലോ വെച്ച് ചൂടാക്കുന്നതിന് മുൻപ് ഒന്നു ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അത് ശരിയായ രീതിയിൽ വീണ്ടും ചൂടാക്കുന്നതുമെന്ന് വ്യക്തമാക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ.
ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ സാധാരണയായി സംഭവിക്കുന്ന തെറ്റുകളും അത് ഒഴിവാക്കാനുള്ള വഴികളും എഫ്.എസ്.എസ്.എ.ഐ പങ്കുവെക്കുന്നു:
1. പുതിയ ഭക്ഷണവും പഴയതും ഒരുമിച്ച് ചേർക്കരുത്
പലരും ചെയ്യുന്ന ഒരു തെറ്റാണിത്. തലേദിവസത്തെ കറി ചൂടാക്കുമ്പോൾ അതിലേക്ക് അപ്പോൾ ഉണ്ടാക്കിയ പുതിയ കറി കൂടി ഒഴിച്ച് മിക്സ് ചെയ്യാറുണ്ട്. എന്നാൽ രണ്ട് ഭക്ഷണങ്ങളുടെയും താപനിലയും ഫ്രഷ്നസും വ്യത്യസ്തമായിരിക്കും. അതിനാൽ പഴയ ഭക്ഷണം പ്രത്യേകം ചൂടാക്കിയ ശേഷം മാത്രം പുതിയതുമായി വേണമെങ്കിൽ മിക്സ് ചെയ്യുക.
2. ഒരേ ഭക്ഷണം പലതവണ ചൂടാക്കരുത്
ഒരു വലിയ പാത്രത്തിലിരിക്കുന്ന കറി മുഴുവനായി എടുത്ത് ചൂടാക്കി, അതിൽ നിന്ന് കുറച്ച് കഴിച്ച ശേഷം ബാക്കി വീണ്ടും ഫ്രിഡ്ജിൽ വെക്കുന്ന ശീലം പലർക്കുമുണ്ട്. ഭക്ഷണം ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് ചൂടാക്കി വീണ്ടും തണുപ്പിക്കുമ്പോൾ, ബാക്ടീരിയകൾ അതിവേഗം വളരാൻ സാധ്യതയുള്ള താപനിലയിലാണ് അത് കൂടുതൽ സമയവും ഇരിക്കുന്നത്.
3. കഴിക്കാൻ ആവശ്യമുള്ള അളവ് മാത്രം ചൂടാക്കുക
പാത്രത്തിലുള്ള ഭക്ഷണം മുഴുവനായി ചൂടാക്കുന്നതിന് പകരം, നിങ്ങൾക്ക് അപ്പോൾ കഴിക്കാൻ ആവശ്യമുള്ള അളവ് മാത്രം ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റി ചൂടാക്കുക. ബാക്കി ഭാഗം ഫ്രിഡ്ജിൽ സുരക്ഷിതമായി തന്നെ ഇരിക്കട്ടെ.
4. ചൂടാക്കുമ്പോൾ നന്നായി ഇളക്കിക്കൊടുക്കുക
പ്രത്യേകിച്ച് ഓവനിലും മറ്റും ഭക്ഷണം ചൂടാക്കുമ്പോൾ മുകൾഭാഗം നല്ല ചൂടും ഉൾഭാഗം തണുത്തിരിക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം ഒരേപോലെ ചൂടാകാതിരുന്നാൽ തണുത്തിരിക്കുന്ന ഭാഗങ്ങളിൽ ബാക്ടീരിയകൾ നശിക്കാതെ അവശേഷിക്കും. അതിനാൽ ചൂടാക്കുന്നതിനിടയിൽ ഭക്ഷണം നന്നായി ഇളക്കിക്കൊടുക്കാൻ ശ്രദ്ധിക്കണം.
5. ഫ്രോസൺ ഭക്ഷണങ്ങൾ നേരിട്ട് ചൂടാക്കരുത്
ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ നേരിട്ട് അടുപ്പത്തോ മൈക്രോവേവ് ഓവനിലോ വെച്ച് ചൂടാക്കുന്നത് വഴി ഭക്ഷണം എല്ലാ ഭാഗത്തും ഒരേപോലെ ചൂടാവില്ല. അതിനാൽ ഇവ പുറത്തുവെച്ച് ഐസ് പൂർണ്ണമായും ഉരുകിയ ശേഷം മാത്രം വീണ്ടും ചൂടാക്കുക.
ശ്രദ്ധിക്കുക: കേടായ ഭക്ഷണം എപ്പോഴും കണ്ടാലോ മണത്താലോ മനസ്സിലാകണമെന്നില്ല. ശരിയായ രീതിയിൽ ചൂടാക്കാത്തതും പലതവണ ചൂടാക്കിയതുമായ ഭക്ഷണങ്ങളിൽ ദോഷകരമായ ബാക്ടീരിയകൾ ഉണ്ടാകാം. ഇത് വയറുവേദന, ഛർദ്ദി, വയറിളക്കം, പനി തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം.
Content Highlights: The Food Safety and Standards Authority of India (FSSAI) highlights five common mistakes people make while reheating leftover food and shares essential guidelines to prevent bacterial growth and food poisoning.