ഇന്ത്യയില്‍ ഏറ്റവും തിരഞ്ഞ ഫുഡ് റെസിപ്പികളിലൊന്ന് ദീപിക പദുകോണിന്റെ പ്രിയപ്പെട്ട വിഭവം

ഗൂഗിളിന്റെ വര്‍ഷാന്ത്യ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം തിരഞ്ഞ റെസിപ്പികളിലൊന്നായി എമ ദട്ഷി. ഭൂട്ടാന്‍ വിഭവമായ എമ ദട്ഷി വൈറലായതിനു പിന്നിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനും പങ്കുണ്ട്. ഒരു പരിപാടിക്കിടെ തന്റെ പ്രിയവിഭാവമാണിതെന്ന് ദീപിക പറഞ്ഞതിനു പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളിൽ എമ ദട്ഷി തയ്യാറാക്കുന്ന വീഡിയോകൾ വൈറലായത്.
ഭൂട്ടാന്‍ വിഭവമായ എമ ദട്ഷി ഒരു തരത്തില്‍ നമ്മുടെ സ്റ്റൂ തന്നെയാണ്. ചോറിനൊപ്പമാണ് ഇത് ഏറെയും കഴിക്കുന്നത്. ചീസാണ് പ്രധാനപ്പെട്ട ചേരുവ. വളരെ എളുപ്പത്തില്‍ തയ്യാറാക്കിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചോറിനൊപ്പം കഴിക്കാന്‍ ഏറെ രുചികരമായ വിഭവം കൂടിയാണിത്.
ഈ വിഭവം തയ്യാറാക്കുന്നതിനായി ചീസ്, പച്ചമുളക്, സവാള, ഓയില്‍, വെളുത്തുള്ളി എന്നിവയാണ് ആവശ്യമായ ചേരുവകള്‍. ആദ്യം തന്നെ ആവശ്യമായ പച്ചമുളകെടുത്ത് അത് നെടുകെ കീറി അരിയെല്ലാം വേര്‍പെടുത്തി മാറ്റി വയ്ക്കണം. ഇനിയൊരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് പൊടിയായി അരിഞ്ഞ വെളുത്തുള്ളിയും നീളത്തില്‍ അരിഞ്ഞ സവാളയും ചേര്‍ത്ത് വഴറ്റിയെടുക്കണം.
ഇതിലേക്ക് മാറ്റിവച്ച പച്ചമുളകും ചേര്‍ത്തുകൊടുക്കാം. എല്ലാം നന്നായി വഴണ്ടുവരുമ്പോള്‍ വെള്ളം ചേര്‍ത്തുകൊടുക്കാം. ശേഷം ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്തുകൊടുക്കാം. വെള്ളം തിളയ്ക്കുമ്പോഴേക്ക് ചീസ് ചേര്‍ക്കാം. ചീസ് കൂടി നന്നായി തിളച്ച് കറിയിലേക്ക് ചേര്‍ന്നുവരുമ്പോള്‍ തീയണയ്ക്കാം. ചൂട് ചോറിനൊപ്പം തന്നെ ഇത് കഴിക്കണം. എങ്കിലേ രുചി അറിയാന്‍ കഴിയുകയുള്ളൂ.
Content Highlights: Ema Datshi became one of India's most searched recipes