ലണ്ടനിലെ ഇന്ത്യന്‍ ഭക്ഷണം ഇന്ത്യയിലേതിനെക്കാള്‍ മികച്ചത്- കാള്‍ പി; പ്രതികരിച്ച് സോഷ്യല്‍മീഡിയ

കാൾ പി, കാൾ പി എക്സിൽ പങ്കുവെച്ച ചിത്രം | Photo: Instagram/getpeid, X.com
കാൾ പി, കാൾ പി എക്സിൽ പങ്കുവെച്ച ചിത്രം | Photo: Instagram/getpeid, X.com

സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി, വണ്‍പ്ലസിന്റെ സഹസ്ഥാപകനും നത്തിങ്ങിന്റെ സിഇഒയുമായ കാള്‍ പിയുടെ പോസ്റ്റ്. ഇന്ത്യയില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണത്തേക്കാള്‍ മികച്ചതാണ് ലണ്ടനില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണമെന്ന് കുറിച്ചുകൊണ്ട് എക്‌സില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് വൈറലായത്. 

മെയ്‌ഫെയറിലെ പുരസ്‌കാരത്തിനര്‍ഹമായ ജാമവര്‍ എന്ന റസ്റ്ററന്റില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ചിത്രമാണ് പോസ്റ്റിലുള്ളത്. കണ്ടാല്‍ ബട്ടര്‍ ചിക്കനാണെന്ന് തോന്നുന്ന തരത്തിലുള്ള ഒരു തരം കറിയും മറ്റ് വിഭവങ്ങളും പാത്രങ്ങളില്‍ നിരത്തിവെച്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം. 

മികച്ച ഇന്ത്യന്‍ ഭക്ഷണം ലണ്ടനിലാണ് ലഭിക്കുന്നതെന്ന പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. കാള്‍ പിയുടെ പ്രസ്താവനയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പ്രതികരണങ്ങളെത്തി. വിദേശത്ത് ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ നിരത്തിക്കൊണ്ടാണ് ഭക്ഷണപ്രേമികളില്‍ പലരും പോസ്റ്റിന് കമന്റിട്ടത്. 

ലണ്ടനില്‍ ലഭിക്കുന്ന ഇന്ത്യന്‍ ഭക്ഷണം ഇന്ത്യക്കാരല്ലാത്തവര്‍ക്ക് പ്രിയപ്പെട്ടതാകാമെന്നും എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അത് ഇഷ്ടപ്പെടണമെന്നില്ലെന്നും പ്രതികരണങ്ങളിലുണ്ട്. എടുത്തുചാടി കാര്യങ്ങള്‍ വിലയിരുത്തുന്നതിന് മുമ്പ് സത്യമറിയണമെങ്കില്‍ കാള്‍ പി ഇന്ത്യയിലെ ഭക്ഷണം കഴിക്കണമെന്നാണ് ചിലരുടെ പക്ഷം. 

Content Highlights: Carl Pei`s London Indian Food Post Goes Viral