14ചപ്പാത്തി കഴിക്കുന്ന ഹൃത്വിക്ക്,എന്തുകഴിച്ചാലും വണ്ണംവെക്കാത്ത വിക്കി; ബിടൗൺ താരങ്ങളുടെ രുചിവിശേഷം

#Lifestyle desk
യാമി ഗൗതം, റണ്‍വീര്‍ സിങ്‌
യാമി ഗൗതം, റണ്‍വീര്‍ സിങ്‌

ബോളിവുഡ് താരങ്ങളുടെ രസകരമായ ഭക്ഷണരീതികളെക്കുറിച്ച് പങ്കുവെച്ച് സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ മുസ്തഫ അഹമ്മദ്. ഹൃത്വിക് റോഷൻ മുതൽ രൺവീർ സിങ് വരെയുള്ളവരുടെ ഭക്ഷണശീലങ്ങളെക്കുറിച്ചാണ് മുസ്തഫ ഹിന്ദുസ്ഥാൻ ടൈംസിനോട് മനസ്സുതുറന്നത്.

ബോളിവുഡിലെ ഫിറ്റ്‌നസ് ഐക്കണായ ഹൃത്വിക് റോഷൻ കടുത്ത ഭക്ഷണപ്രേമിയാണെന്ന് മുസ്തഫ പറയുന്നു. ഒരിക്കൽ 14 നെയ്യൊഴിച്ച ചപ്പാത്തികൾ വരെ താരം കഴിച്ചിട്ടുണ്ട്. അടുത്ത ചപ്പാത്തി വരാൻ വൈകിയത് കൊണ്ട് മാത്രമാണ് അദ്ദേഹം അന്ന് കഴിപ്പ് നിർത്തിയതത്രേ!

"വിക്കിക്ക് ഒരു ഇഷ്ടിക കൊടുത്താൽ പോലും അയാൾ അത് ദഹിപ്പിക്കും," എന്നാണ് മുസ്തഫയുടെ തമാശരൂപേണയുള്ള കമന്റ്. അത്രയേറെ മികച്ച മെറ്റബോളിസമാണ് വിക്കിയുടേത്. എന്ത് കഴിച്ചാലും വിക്കി കൌശലിന് വണ്ണം വെക്കാൻ പ്രയാസമാണെന്ന് ട്രെയിനർ പറയുന്നു.

രൺവീറിന് ന്യൂടെല്ല കഴിഞ്ഞേ മറ്റെന്തുമുള്ളൂ. എവിടെയിരുന്നും ന്യൂടെല്ലയുടെ മണം പിടിച്ചെടുക്കാൻ രൺവീറിന് പ്രത്യേക കഴിവുണ്ടെന്ന് മുസ്തഫ പറയുന്നു. വീട്ടുഭക്ഷണത്തോടും ചായയോടുമാണ് യാമി ഗൌതത്തിന് പ്രിയം.

ധുരന്ധർ 2 എന്ന ചിത്രത്തിനായി രൺവീർ സിങ് പിന്തുടർന്ന ഭക്ഷണത്തെ പറ്റിയും അദ്ദേഹം സംസാരിക്കുന്നുണ്ട്. ദിവസം 4,000 മുതൽ 4,500 കലോറി വരെ അടങ്ങിയ ഭക്ഷണമാണ് രൺവീർ കഴിച്ചിരുന്നത്. വെറും 6 ആഴ്ച കൊണ്ട് 10 കിലോയോളമാണ് താരം വർധിപ്പിച്ചത്. 76 കിലോയിൽ നിന്നും 87 കിലോയിലേക്കായിരുന്നു മാറ്റം.

ദിവസവും രണ്ട് നേരം വെയ്റ്റ് ട്രെയിനിങ്ങും രാവിലെ കളരിപ്പയറ്റും രൺവീർ പരിശീലിച്ചിരുന്നു.

മാസം ഒരു ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന കോൾ സെന്റർ ജോലി ഉപേക്ഷിച്ചാണ് മുസ്തഫ ഫിറ്റ്‌നസ് രംഗത്തേക്ക് എത്തിയത്. ഏഷ്യയിലെ തന്നെ മികച്ച ട്രെയിനറായി മാറിയ മുസ്തഫയുടെ ആദ്യ സെലിബ്രിറ്റി ക്ലയന്റ് 2015-ൽ ഹൃത്വിക് റോഷനായിരുന്നു.

(സിനിമാ താരങ്ങൾ പ്രൊഫഷണലുകളുടെ മേൽനോട്ടത്തിലാണ് ഇത്തരം കഠിനമായ ഡയറ്റുകളും വ്യായാമങ്ങളും ചെയ്യുന്നത്. ആരോഗ്യകരമായ ജീവിതശൈലിക്ക് നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായ രീതികൾ മാത്രം പിന്തുടരുക)

Content Highlights: Celebrity trainer Mustafa Ahmed reveals unique dietary habits of top Bollywood actors.