ഗുണങ്ങളേറെ, ശ്രദ്ധിച്ചില്ലെങ്കില്‍ ദോഷമാകും; ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കുടിക്കാമോ?

രാവിലത്തെ ശീലങ്ങള്‍ അന്നത്തെ ദിവസം മുഴുവന്‍ സ്വാധീനം ചെലുത്തുമെന്ന് പറയാറുണ്ട്. രാവിലെ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യമാണെങ്കിലും അങ്ങനെത്തന്നെ. ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവരെല്ലാം അവരുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ പലതരം പാനീയങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. അത്തരമൊരു പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.
ബീറ്റ്‌റൂട്ട് ജ്യൂസില്‍ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുടിക്കുന്നത് ഊര്‍ജനില കൂട്ടാനും ആകെയുള്ള ആരോഗ്യം മെച്ചപ്പെടുത്താനും വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും. എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാവുന്ന പാനീയമാണിത്.
ബീറ്റ്‌റൂട്ട് ജ്യൂസ് ദിവസവും കുടിക്കാമോ?
വിദഗ്ധരുടെ നിര്‍ദേശപ്രകാരം ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാം. മിതത്വം പാലിക്കേണ്ടത് പ്രധാനമാണ്. അമിതമായി കുടിക്കുന്നത് നൈട്രേറ്റുകളുടെ അളവ് കൂടുന്നതിനും ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നതിനും ഇടയാക്കും.
ബീറ്റ്‌റൂട്ട് ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ നല്ലതാണോ?
ശരീരഭാരം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കും. കലോറി കുറവും നാരുകള്‍ കൂടുതലായതിനാലും ഇത് വിശപ്പ് കുറയ്ക്കാനും വയറു നിറഞ്ഞതായി തോന്നാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണക്രമം പിന്തുടരുന്നത് എളുപ്പമാക്കുന്നു.
രാവിലെ വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഉത്തമമാണ്. അങ്ങനെ ചെയ്യുന്നത് ബീറ്റ്‌റൂട്ടിലെ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. മറ്റ് ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
രക്തസമ്മര്‍ദം കുറയ്ക്കുന്നു
വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുമ്പോള്‍ അതിലെ നൈട്രേറ്റുകള്‍ വേഗത്തില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അവയുടെ പ്രവര്‍ത്തനം വേഗത്തില്‍ ആരംഭിക്കുകയും ചെയ്യുന്നു. ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വികസിപ്പിക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ജേണല്‍ ഓഫ് ഹ്യൂമന്‍ ഹൈപ്പര്‍ടെന്‍ഷനിലെ ഒരു പഠനം അനുസരിച്ച്, പതിവായി ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
ദഹനം മെച്ചപ്പെടുത്തുന്നു
വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളടകറ്റുന്നു. ജ്യൂസിലെ നാരുകള്‍ ദഹനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കാനും അതുവഴി പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.
ഊര്‍ജം നല്‍കുന്നു
ബീറ്റ്‌റൂട്ട് ജ്യൂസിലെ നൈട്രേറ്റുകള്‍ പേശികളിലേക്കുള്ള രക്തയോട്ടവും ഓക്‌സിജന്‍ വിതരണവും മെച്ചപ്പെടുത്തി കൂടുതല്‍ ഉന്മേഷം നല്‍കുന്നു. ക്ഷീണമകറ്റാന്‍ ഇത് ഈ ജ്യൂസ് സഹായിക്കും.
രാവിലത്തെ ഡീറ്റോക്‌സ്
വെറുംവയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന പ്രക്രിയകളെ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് വിഷവസ്തുക്കളെ പുറന്തള്ളാനും നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു
അണുബാധകളെ ചെറുക്കുന്നതിന് അത്യാവശ്യമായ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് രോഗപ്രതിരോധ ശേഷി കൂട്ടാനും രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover the amazing health benefits of beetroot juice, including boosting energy, aiding weight loss, and improving digestion.