ലോക ക്ഷീരദിനം; ലോകപ്രശസ്തമായ പാല്‍ പാനീയങ്ങള്‍ പരിചയപ്പെടാം

ജൂണ്‍-1 ലോക ക്ഷീരദിനമാണ്. ഐക്യരാഷ്ട്രസംഘടനയുടെയും ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും ആഹ്വാനമനുസരിച്ച് 2001-ലാണ് ഈ ദിവസത്തെ ക്ഷീരദിനമായി തിരഞ്ഞെടുത്തത്. പാലിന്റെ പോഷകമൂല്യത്തെ കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ പാല്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പൊതുസമൂഹത്തിലെത്തിക്കുക എന്നതാണ് ഈ ദിനാചരണംകൊണ്ട് ലക്ഷ്യമാക്കുന്നത്.
വൈറ്റമിന്‍ ഡി, പൊട്ടാസ്യം, കാത്സ്യം തുടങ്ങി ഒരുപാട് പോഷകഘടകങ്ങളടങ്ങിയ പാല്‍ നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണല്ലോ. ലോകമെമ്പാടും പ്രശസ്തമായ, പാലുകൊണ്ടുള്ള ആറ് പ്രശസ്ത പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഠണ്ഡായ്
ഇന്ത്യയില്‍ പ്രചാരത്തിലുള്ള പാനീയമാണിത്. പാലില്‍ പഞ്ചസാര, ബദാം, ഏലക്കായ, കുങ്കുമപ്പൂവ്, പെരുംജീരകം, റോസ്, എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നു. ഹോളി ആഘോഷത്തിലെ പ്രധാനിയായ ഈ പാനീയം ക്രീംപോലെ രുചികരമായ ഒന്നാണ്. ഒരുപാട് ഗുണങ്ങളുമുണ്ട്.
ലിക്വാദോ
മെക്‌സിക്കോയില്‍ പ്രശസ്തമായ പാനീയമാണിത്. സ്മൂത്തിയോട് സാദൃശ്യമുള്ള ലിക്വാദോ വിവിധ പഴങ്ങളും പാലും ഐസും ചേര്‍ത്താണ് തയ്യാറാക്കുന്നത്. ഇടവേളകളിലോ പ്രഭാതഭക്ഷണമായോ ലിക്വാദോ കഴിക്കാം. വേനല്‍ക്കാലത്താണ് ലിക്വാദോ കൂടുതലായി വിപണിയിലെത്താറുള്ളത്.
സാലെപ്
മിഡില്‍ ഈസ്റ്റില്‍ കണ്ടുവരുന്ന പാനീയമാണ് സാലെപ്. പാലും ഓര്‍ക്കിഡ് കിഴങ്ങുകളും ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
കൊസിയോ
ചോക്‌ളേറ്റ് മില്‍ക്ക് ഡ്രിങ്കാണ് കൊസിയോ. ഡെന്‍മാര്‍ക്കിലാണ് ഇതിന്റെ ഉറവിടം. കൊക്കോ, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്താണ് ഈ പനീയമുണ്ടാക്കുന്നത്. ഇവ കൂടാതെ പരമ്പരാഗത ഡച്ച് പാനീയമായ അനിജ്‌സ് മില്‍ക്ക്, റഷ്യന്‍ പാനീയമായ റാഷങ്ക എന്നിവയും പാല്‍ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.
Content Highlights: 6 popular milk-based beverages