കണ്ടാൽ അസ്സൽ ചോക്ലേറ്റ് കേക്ക്, മുറിച്ചപ്പോഴോ? എട്ടു മില്യണിൽപരം കാഴ്ച്ചക്കാരുമായി വീഡിയോ

കാഴ്ച്ചയിൽ കേക്ക് പോലെ തോന്നാത്ത നിരവധി ചിത്രങ്ങളാണ് അടുത്തിടെ വൈറലായിരുന്നത്. പച്ചക്കറിയുടെയും ബേക്കറി ഉത്പന്നങ്ങളുടെയും എന്തിനധികം ഷൂസിന്റെ വരെ രൂപത്തിലുള്ള കേക്കുകൾ കണ്ടുകഴിഞ്ഞു. പലതും മുറിക്കുമ്പോൾ മാത്രമാണ് കേക്ക് ആണെന്നു തിരിച്ചറിയുക. എന്നാൽ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ്. ഇവിടെ കാഴ്ച്ചയിൽ കേക്ക് പോലെ തോന്നുമെങ്കിലും സംഗതി അതല്ലെന്നതാണ് രസകരം.
പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുറിക്കുന്ന പെൺകുട്ടിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ആവേശത്തോടെ മുന്നിലിരിക്കുന്ന ചോക്ലേറ്റ് കേക്ക് മുറിക്കാനൊരുങ്ങുകയാണ് യുവതി. സമീപത്ത് സുഹൃത്തുക്കൾ പിറന്നാളാശംസ ചൊല്ലുന്നതും കേൾക്കാം. അങ്ങനെ കേക്ക് മുറിച്ചു തുടങ്ങിയപ്പോഴാണ് അമളി മനസ്സിലാവുന്നത്. സംഗതി കേക്കിന്റെ രൂപത്തിലുള്ള ഒരു ബലൂൺ ആയിരുന്നു.