വൈറ്റ് ചോക്ലേറ്റ് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?; എങ്ങനെ നല്ലത് തിരഞ്ഞെടുക്കാം?

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കൊക്കോയുടെ മണവും വെളുത്ത നിറവും മധുരവുമുള്ള വൈറ്റ് ചോക്ലേറ്റിനോട് പലര്‍ക്കും പ്രിയമാണ്. സാധാരണയായി നാം കണ്ടുവരുന്ന ചോക്ലേറ്റ് പോലെയല്ല വൈറ്റ് ചോക്ലേറ്റ്. ഈ ചോക്ലേറ്റിന്റെ നിറമെന്താണ് ഇങ്ങനെയെന്ന് എപ്പോഴെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ? 

മില്‍ക്ക് ചോക്ലേറ്റില്‍ നിന്നും ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും വ്യത്യസ്തമാണ് വൈറ്റ് ചോക്ലേറ്റ്. ചോക്ലേറ്റിന്റെ കടുത്ത നിറത്തിന് കാരണമായ കൊക്കോ സോളിഡുകള്‍ ഇതിലില്ല. കൊക്കോ ബീന്‍സില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫാറ്റ് ആയ കൊക്കോ ബട്ടറില്‍ നിന്നാണ് വൈറ്റ് ചോക്ലേറ്റ് ഉണ്ടാക്കുന്നത്. ഇതിലേക്ക് പഞ്ചസാരയും പാലും വാനിലയും ചേര്‍ത്ത് സ്വാദൂറുന്ന വൈറ്റ് ചോക്ലേറ്റ് തയ്യാറാക്കാം. 

വൈറ്റ് ചോക്ലേറ്റ് ശരിക്കും ചോക്ലേറ്റ് തന്നെയാണോ?

വൈറ്റ് ചോക്ലേറ്റ് യഥാര്‍ഥ ചോക്ലേറ്റ് തന്നെയാണ്. 2004-ല്‍ യുഎസ് ഫുഡ് ആന്റ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) ഒരു പദാര്‍ഥം വൈറ്റ് ചോക്ലേറ്റ് ആണെന്നതിന് ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അവ താഴെ പറയുന്നവയാണ്; 

  • 20% കൊക്കോ ബട്ടര്‍ ഉണ്ടായിരിക്കണം
  • 14% മില്‍ക്ക് സോളിഡുകള്‍ അടങ്ങിയിരിക്കണം
  • 3.5 % മില്‍ക്ക് ഫാറ്റ്
  • 55% -ല്‍ കൂടുതല്‍ പോഷകസമൃദ്ധമായ കാര്‍ബോഹൈഡ്രേറ്റ് മധുരം പാടില്ല
  • പാംഓയിലോ വെളിച്ചെണ്ണയോ ചേര്‍ക്കരുത്.

എങ്ങനെയാണ് വൈറ്റ് ചേക്ലേറ്റ് ഉണ്ടാക്കുന്നത്? 

എല്ലാ ചോക്ലേറ്റുകളുംപോലെ വറുത്തെടുത്ത കൊക്കോ ബീന്‍സില്‍നിന്നുമാണ് വൈറ്റ് ചേക്ലേറ്റ് ഉണ്ടാക്കുന്നത്. കൊക്കോ ബീനില്‍നിന്നും കൊക്കോ ബട്ടര്‍ വേര്‍തിരിച്ചെടുക്കുന്നു. ഡാര്‍ക്ക്, മില്‍ക്ക് എന്നീ ചോക്ലേറ്റുകള്‍ക്ക് ഇവ രണ്ടും ഉപയോഗിക്കുമെങ്കിലും വൈറ്റ് ചോക്ലേറ്റിന് കൊക്കോ ബട്ടര്‍ മാത്രം മതി. ഇതിലേക്ക് പഞ്ചസാര, പാല്‍പ്പൊടി, മറ്റ് ചേരുവകള്‍ എന്നിവ ചേര്‍ക്കുന്നു. 

ശരിയായ വൈറ്റ് ചോക്ലേറ്റ് ആണോ എന്ന് എങ്ങനെ അറിയാം?

കടയില്‍നിന്നും വാങ്ങിക്കഴിക്കുന്നത് നല്ല വൈറ്റ് ചോക്ലേറ്റ് ആണോ എന്ന് എങ്ങനെ അറിയാനാകും? അതിന് വഴിയുണ്ട്;

ലേബല്‍ ശ്രദ്ധിക്കുക

വെജിറ്റബിള്‍ ഓയില്‍സ് എന്നെഴുതിയിട്ടുള്ളവ ഒഴിവാക്കുക. 20% എങ്കിലും കൊക്കോ ബട്ടര്‍ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.

നിറം

നല്ല ഗുണമേന്മയുള്ള വൈറ്റ് ചോക്ലേറ്റ് പലപ്പോഴും മഞ്ഞനിറത്തില്‍ ക്രീം പോലുള്ളതായി കാണപ്പെടുന്നു. 

ചോക്ലേറ്റിന്റെ ഘടന

 വളരെ നേര്‍ത്ത ക്രീം ആയാണ് നല്ല വൈറ്റ് ചോക്ലേറ്റ് കാണപ്പെടുന്നത്. 

മണം

വൈറ്റ് ചേക്ലേറ്റിന് കൊക്കോയുടെ മണമാണ് ഉണ്ടാവുക. അത് ശ്രദ്ധിക്കുക.

Content Highlights: How to make white chocolate and how to identify quality white chocolate