വെള്ളത്തേക്കാൾ കുറഞ്ഞ വിലയിൽ ഫ്രഷ് ബിയർ വിൽക്കുന്ന രാജ്യം; ബിയറിന് വെറും 16 രൂപ!

കുടിവെള്ളത്തിന് ബിയറിനേക്കാൾ വിലയുള്ള ഒരു രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും സംഭവം സത്യമാണ്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ വിയറ്റ്നാമിലാണ് കുടിവെള്ളത്തിന് നൽകുന്ന തുകയേക്കാൾ കുറഞ്ഞ വിലയിൽ ബിയർ ലഭ്യമാകുന്നത്.
വിയറ്റ്നാമിലെ തെരുവുകളിൽ സർവസാധാരണമായി ലഭിക്കുന്ന പ്രാദേശിക ബിയറായ 'ബിയ ഹോയ്' (Bia Hoi) ആണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഒരു ഗ്ലാസ് ബിയ ഹോയിക്ക് വിയറ്റ്നാമിൽ ഈടാക്കുന്നത് ഏകദേശം 5,000 മുതൽ 7,000 വരെ വിയറ്റ്നാം ഡോങ്ആണ്. അതായത് ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ ഏകദേശം 16 മുതൽ 20 രൂപ വരെ മാത്രം!
അതേസമയം, വിയറ്റ്നാമിലെ റസ്റ്റോറന്റുകളിലോ സൂപ്പർമാർക്കറ്റുകളിലോ ഒരു ലിറ്റർ കുടിവെള്ള കുപ്പി വാങ്ങണമെങ്കിൽ കുറഞ്ഞത് 10,000 മുതൽ 15,000 വിയറ്റ്നാം ഡോങ് വരെ (ഏകദേശം 30 മുതൽ 50 ഇന്ത്യൻ രൂപ) ചെലവഴിക്കേണ്ടി വരും. അതായത്, കുടിവെള്ളത്തേക്കാൾ പകുതിയിലധികം കുറഞ്ഞ വിലയിലാണ് ഇവിടെ ബിയർ ലഭിക്കുന്നത്.
എന്താണ് ഈ 'ബിയ ഹോയ്'?
സാധാരണ ബോട്ടിൽ ബിയറിനേക്കാൾ വ്യത്യസ്തമാണ് ബിയ ഹോയ്. ഫ്രഷ് ബിയറിൽ രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ചേർക്കാറില്ല. വിയറ്റ്നാമിന്റെ സ്ട്രീറ്റ് ഫുഡ് കൾച്ചറുമായി ബന്ധപ്പെട്ടുള്ള ബിയറാണ് ഇത്. പരമ്പരാഗത സ്നാക്സിനും പ്രാദേശിക ഡിഷുകൾക്കുമൊപ്പമാണ് ഈ ബിയർ വിളമ്പുന്നത്. അല്പം മാത്രം ആൽക്കഹോൾ അടങ്ങിയ (ഏകദേശം 3% മുതൽ 4% വരെ) ഈ ബിയർ നിർമിക്കുന്ന അന്നുതന്നെ ഉപയോഗിച്ചു തീർക്കേണ്ടതുണ്ട്.
ഹനോയ് ഉൾപ്പെടെയുള്ള പ്രമുഖ വിയറ്റ്നാം നഗരങ്ങളിലെ തെരുവോരങ്ങളിൽ ചെറിയ പ്ലാസ്റ്റിക് സ്റ്റൂളുകളിലിരുന്ന് പതഞ്ഞുപൊങ്ങുന്ന ഫ്രഷ് ബിയർ ആസ്വദിക്കുന്നത് സഞ്ചാരികളുടെ പ്രധാന വിനോദമാണ്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യുന്ന ബജറ്റ് ടൂറിസ്റ്റുകളെയും ബാക്ക്പാക്കർമാരെയും വിയറ്റ്നാമിലേക്ക് ആകർഷിക്കുന്നതിൽ ബിയറിന്റെ വിലക്കുറവിന് വലിയ പങ്കുണ്ട്.
Content Highlights: Bia Hoi is a popular fresh street beer in Vietnam., A glass of Bia Hoi costs between Rs 16 to Rs 20 (5,000 to 7,000 VND)., Bottled water in Vietnam is more expensive than the beer, costing up to Rs 50., Bia Hoi contains low alcohol (3-4%) and has no preservatives., It is a major attraction for budget tourists and backpackers visiting Hanoi and other cities.