ബ്രെഡില്‍ കിടിലന്‍ ചിത്രപ്പണികള്‍ നടത്തി ജാപ്പനീസ് കലാകാരി; അമൂല്യമായ കലാസൃഷ്ടിയെന്ന് കമന്റ്

വൈവിധ്യമേറിയ നിരവധി വീഡിയോകളും ചിത്രങ്ങളും ദിനംപ്രതി പങ്കുവയ്ക്കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. ഇത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. ബ്രെഡ് കാന്‍വാസാക്കിമാറ്റി കിടിലന്‍ ചിത്രപ്പണികള്‍ ഒരുക്കിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ഒരു കലാകാരി.
കിടിലന്‍ ചിത്രപ്പണികള്‍ തയ്യാറാക്കുന്ന മനാമി സസാകി എന്ന ഈ കലാകാരിക്ക് ഇന്‍സ്റ്റഗ്രാമില്‍ 50,000-ന് അടുത്ത് ഫോളോവേഴ്‌സ് ഉണ്ട്. മെക്‌സിക്കന്‍ ചിത്രകാരിയായ ഫ്രിഡ കാഹ്‌ലോ, പൂന്തോട്ടങ്ങള്‍, കാര്‍ട്ടൂണുകള്‍, ജാപ്പനീസ് സ്ത്രീകള്‍ എന്നിവരെയെല്ലാം മനാമി ബ്രെഡില്‍ അനായാസേന വരച്ച് ചേര്‍ക്കും. ഇവയ്‌ക്കൊപ്പം പാകത്തിന് മുറിച്ചെടുത്ത പഴങ്ങളും പച്ചക്കറികളുമെല്ലാം വെച്ചാണ് അലങ്കാരപ്പണികള്‍ ചെയ്യുന്നത്. ഇവ വെച്ച് വളരെ ഭംഗിയായി ചിത്രപ്പണികള്‍നടത്തുകമാത്രമല്ല, ബേക്ക് ചെയ്‌തെടുക്കുകയും ചെയ്യും.
ഏകദേശം മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് ഓരോ വര്‍ക്കും മനാമി പൂര്‍ത്തിയാക്കുന്നത്. മനാമിയുടെ കഴിവിനെ പുകഴ്ത്തി നിരവധിപേരാണ് ഇന്‍സ്റ്റഗ്രാമില്‍ അഭിനന്ദനം അറിയിക്കുന്നത്.
കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിലാണ് ബ്രെഡില്‍ ഇത്തരം ചിത്രപ്പണികള്‍ തുടങ്ങിയതെന്ന് വോഗിന് നല്‍കിയ അഭിമുഖത്തില്‍ മനാമി പറഞ്ഞു. 'രാവിലെ നേരത്തെ ഉറക്കമുണര്‍ന്ന് എന്നെ ഉത്തേജിപ്പിക്കുന്ന ദിനചര്യ തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് പ്രഭാതഭക്ഷണമായി ബ്രെഡ് ആര്‍ട്ട് തയ്യാറാക്കി തുടങ്ങിയത്'-അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ പ്രിയപ്പെട്ട ഭക്ഷണമാണ് ബ്രെഡ് എന്നും തന്റെ കലാവാസന ചിത്രീകരിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമമായി ബ്രെഡ് തിരഞ്ഞെടുത്തത് അതുകൊണ്ടാണെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: art on bread, japanese artist, food, viral video