ആവശ്യാനുസരണം നിറച്ചെടുക്കാം; സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങായി 'ഗോല്‍ഗപ്പ ഫൗണ്ടെയ്ന്‍'

ട്വിറ്ററിൽ വൈറലായ ഗോൽഗപ്പ ഫൗണ്ടെയ്ന്റെ ചിത്രം
ട്വിറ്ററിൽ വൈറലായ ഗോൽഗപ്പ ഫൗണ്ടെയ്ന്റെ ചിത്രം

ഇന്ത്യമുഴുവനുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ടപ്പെട്ട സ്‌നാക്‌സ് വിഭവമാണ് പാനീപൂരി. ഗോല്‍ഗപ്പ എന്നും അറിയപ്പെടുന്ന ഈ വിഭവത്തിന്റെ രുചി അതില്‍ നിറച്ച് നല്‍കുന്ന രണ്ട് തരം വെള്ളവും(പാനി) ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫില്ലിങ്ങുമാണ്. 

സമീര്‍ എസ്. എന്ന ട്വിറ്റര്‍ ഉപയോക്താവ് പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. പാനീപൂരിയുടെ പൂരിയില്‍ നിറയ്ക്കുന്ന പാനിയുടെ ഫൗണ്ടെയന്‍ ആണ് ചിത്രത്തിലുള്ളത്. പാര്‍ട്ടി സമയത്തും വിവാഹപാര്‍ട്ടികളിലും ചോക്ക്‌ലേറ്റ് ആണ് ഇത്തരം ഫൗണ്ടെയ്‌നുകളില്‍ കാണാന്‍ കഴിയുക. ഏറെ രുചികരമായ ഈ പാനി ആളുകള്‍ക്ക് ആവശ്യാനുസരണം പൂരിയ്ക്കുള്ളില്‍ നിറയ്ക്കാന്‍ കഴിയുമെന്നതാണ് വലിയ നേട്ടം. 

നാല് തട്ടുകളിലായി പാനി ഫൗണ്ടെയന്‍ രൂപത്തില്‍ നിറഞ്ഞൊഴുകുന്നതാണ് ചിത്രത്തിലുള്ളത്. ഏതായാലും ചിത്രത്തെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഭക്ഷണപ്രേമികള്‍. 4900 പേരാണ് വളരെക്കുറഞ്ഞ സമയം കൊണ്ട് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. നൂറ് കണക്കിന് കമന്റുകളും ഒട്ടേറെ റീട്വീറ്റുകളും ചിത്രത്തിന് ലഭിച്ചു.

ഇതാണ് കാത്തിരുന്ന കണ്ടുപിടിത്തമെന്ന് ഒരാള്‍ പറഞ്ഞു. താന്‍ പാര്‍ട്ടി നടത്തുമ്പോള്‍ ഇത്തരമൊരു ഫൗണ്ടെയ്ന്‍ സ്ഥാപിക്കുമെന്ന് മറ്റൊരാള്‍ പറഞ്ഞു. തന്റെ വിവാഹത്തിന് ഇത്തരമൊരു ഫൗണ്ടെയ്ന്‍ ഉറപ്പായുമുണ്ടാകുമെന്ന് വേറൊരാള്‍ അഭിപ്രായപ്പെട്ടു.
 

Content Highlights: this golgappa fountain, food, viral photo, viral tweet