ദിവസവും ചീര ജ്യൂസ് കുടിക്കുന്നവരാണോ? അപകടം മറഞ്ഞിരിപ്പുണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പോഷകഗുണങ്ങള്‍ അടങ്ങിയതിനാല്‍ ധാരാളം പേര്‍ ചീര ജ്യൂസ് കുടിക്കാറുണ്ട്. തിളങ്ങുന്ന ചര്‍മത്തിനും, മെച്ചപ്പെട്ട ദഹനത്തിനും, വിഷാംശം നീക്കം ചെയ്യാനുമെല്ലാം ചീര ജ്യൂസ് എന്നും കുടിക്കുന്നവരാണോ നിങ്ങളും? പോഷക സമ്പുഷ്ടമാണെങ്കിലും എല്ലാവര്‍ക്കും ഇതിന്റെ ഗുണങ്ങള്‍ ലഭിക്കില്ല. പച്ച ചീര ജ്യൂസ് ദിവസവും കഴിക്കുന്നത് വിപരീതഫലമുണ്ടാക്കാം.

ചീര ജ്യൂസടക്കമുള്ള സോഷ്യല്‍മീഡിയയിലെ ട്രെന്‍ഡുകളെ  അന്ധമായി പിന്തുടരുന്നതിനുപകരം ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ട് പോഷകാഹാര വിദഗ്ധയും മാക്രോബയോട്ടിക് ഹെല്‍ത്ത് കോച്ചുമായ ശില്‍പ അറോറ അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.
മറഞ്ഞിരിക്കുന്ന അപകടങ്ങള്‍
ചീരയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ടെങ്കിലും പച്ച ചീര ജ്യൂസ് ശരീരത്തിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനും വൃക്കകളുടെ ആരോഗ്യത്തെ നിശബ്ദമായി തടസ്സപ്പെടുത്തുന്നതിനും കാരണമായ സംയുക്തങ്ങള്‍ അടിഞ്ഞുകൂടാന്‍ കാരണമായേക്കാം.

ഓക്‌സലേറ്റുകള്‍: കാത്സ്യം, ഇരുമ്പ്, സിങ്ക് എന്നിവയുമായി ചേര്‍ന്ന് ശരീരത്തില്‍ അവ ആഗിരണം ചെയ്യുന്നത് തടയുന്ന പ്രകൃതിദത്ത സംയുക്തങ്ങളാണവ.

ഫൈറ്റേറ്റുകളും ലെക്റ്റിനുകളും: ആന്റി-ന്യൂട്രിയന്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ ദഹനത്തെയും ധാതുക്കളുടെ ആഗിരണത്തെയും തടസ്സപ്പെടുത്തും.

ഓക്‌സലേറ്റുകള്‍ക്ക് കാത്സ്യം ആഗിരണം ചെയ്യുന്നത് തടയാന്‍ കഴിയുമെന്നും അവ വൃക്കകളില്‍ അടിഞ്ഞുകൂടി കാത്സ്യം ഓക്‌സലേറ്റ് കല്ലുകളായി മാറാന്‍ സാധ്യതയുണ്ടെന്നും ക്ലിനിക്കല്‍ ന്യൂട്രീഷന്‍ ESPEN-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഫൈറ്റേറ്റുകള്‍ക്കും ലെക്റ്റിനുകള്‍ക്കും ഇരുമ്പ്, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കളുടെ ലഭ്യത കുറയ്ക്കാന്‍ കഴിയുമെന്നാണ് ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് വിശദമാക്കുന്നത്. ഊര്‍ജം, രോഗപ്രതിരോധശേഷി, ഹോര്‍മോണ്‍ സന്തുലിതാവസ്ഥ എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ പോഷകങ്ങളാണ് ഇവ.

ദിവസേന ഗ്രീന്‍ ജ്യൂസ് കുടിക്കുന്നത്, നന്നായി ഭക്ഷണം കഴിച്ചിട്ടും അസാധാരണമായ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായേക്കാം.

എന്താണ് പരിഹാരം?
ചീര പൂര്‍ണമായും ഉപേക്ഷിക്കുന്നതിന് മുമ്പ് പ്രശ്‌നം ഭക്ഷണത്തിലല്ല, അത് കഴിക്കുന്ന രൂപത്തിലാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജ്യൂസ് ആയി കഴിക്കുമ്പോള്‍ അതിലെ നാരുകള്‍ നഷ്ടപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും വയറുനിറഞ്ഞതായി തോന്നുന്നതിനും നാരുകള്‍ അത്യാവശ്യമാണ്. നാരുകളില്ലാതെ, പോഷകങ്ങളും ഓക്‌സലേറ്റുകളും ആന്റി-ന്യൂട്രിയന്റുകളും ശരീരത്തിലേക്ക് വളരെ വേഗത്തില്‍ പ്രവേശിക്കുകയും ഇത് പലപ്പോഴും അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

ചീര ചെറിയ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നത് വലിയ വ്യത്യാസമുണ്ടാക്കുമെന്നാണ് പോഷകാഹാര വിദഗ്ധ ശില്‍പ അറോറ വിശദീകരിക്കുന്നത്. 'ചീര ചെറുതായി പാകം ചെയ്യുന്നത് പോലും ഓക്‌സലേറ്റിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും,' അവര്‍ പറയുന്നു. പോഷകങ്ങള്‍ ശരീരത്തിന് കൂടുതല്‍ ലഭ്യമാകുകയും ചീര പതിവായി കഴിക്കുന്നത് സുരക്ഷിതമാവുകയും ചെയ്യുമെന്നാണ് അതിനര്‍ഥം.

പച്ച ചീരകൊണ്ടുള്ള ജ്യൂസ് പൂര്‍ണമായും ഒഴിവാക്കേണ്ടത് ആരെല്ലാമാണ്?

  • മുന്‍പ് വൃക്കയില്‍ കല്ലുകള്‍ ഉണ്ടായിട്ടുള്ളവര്‍.
  • തൈറോയ്ഡ് തകരാറുള്ളവര്‍; കാരണം പച്ച ചീരയില്‍ തൈറോയ്ഡ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജനുകള്‍ അടങ്ങിയിട്ടുണ്ട്.
  • ഇരുമ്പിന്റെ കുറവ് മൂലമുള്ള വിളര്‍ച്ചയുള്ളവര്‍.
  • ആരോഗ്യ വിദഗ്ധന്റെ പ്രത്യേക അനുമതിയില്ലാതെ ഗര്‍ഭിണികളും കുട്ടികളും ഇത് കഴിക്കരുത്.

ചീര കഴിക്കാനുള്ള ആരോഗ്യകരമായ വഴികള്‍

  • വെളുത്തുള്ളിയും ഒലിവ് ഓയിലും ചേര്‍ത്ത് ചെറുതായി വഴറ്റിയ ചീര
  • പ്രോട്ടീന്‍ സമ്പുഷ്ടമായ ഇന്ത്യന്‍ വിഭവമായ പാലക് പനീര്‍
  • ഉച്ചഭക്ഷണത്തിനൊപ്പം ഉപ്പേരിയായോ കറിവെച്ചോ കഴിക്കാം
  • പുഴുങ്ങിയതോ ചെറുതായി വേവിച്ചതോ ആയ ചീര റോളുകളിലോ സാലഡുകളിലോ ചേര്‍ത്ത് കഴിക്കാം.
  • ചീര ജ്യൂസ് കൂടുതല്‍ സുരക്ഷിതമായി ഉപയോഗിക്കാം
  • ജ്യൂസ് ചെയ്യുന്നതിന് മുമ്പ് ചീര ചെറുതായി വേവിക്കുക
  • കക്കിരി, പുതിന, മല്ലിയില തുടങ്ങിയ ഓക്‌സലേറ്റ് കുറഞ്ഞ പച്ചക്കറികളോടൊപ്പം കഴിക്കുക.
  • വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യുന്നതിനാല്‍ നാരങ്ങാനീര് ചേര്‍ക്കുക.
  • പച്ച ചീര ജ്യൂസ് ദിവസവും കുടിക്കാതെ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയായി പരിമിതപ്പെടുത്തുക.
  • വൃക്ക സംബന്ധമായ പ്രശ്‌നങ്ങളോ, തൈറോയ്ഡ് രോഗങ്ങളോ, ധാതുക്കളുടെ കുറവോ ഉണ്ടെങ്കില്‍ ഈ ജ്യൂസ് പൂര്‍ണമായും ഒഴിവാക്കുക.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Daily spinach juice can lead to nutrient absorption issues, kidney stones, and mineral deficiencies.