മുഖത്തെ ചുളിവുകൾക്കും പാടുകൾക്കും കാരണം മൊബൈൽ ഫോണോ; പരിഹാരമിങ്ങനെ

നമ്മൾ ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയവും സ്മാർട്ട്‌ഫോണുകളിൽ നോക്കിയാണ് ചെലവഴിക്കുന്നത്. എന്നാൽ സൂര്യപ്രകാശം പോലെ തന്നെ നമ്മുടെ ഫോൺ സ്‌ക്രീനുകളിൽ നിന്നുള്ള പ്രകാശവും ചർമത്തിന് ഹാനികരമാണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ ഫോൺ സ്‌ക്രീൻ ചർമത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അതിൽ നിന്ന് എങ്ങനെ സംരക്ഷണം നേടാമെന്നും അറിഞ്ഞിരിക്കാം.
സ്മാർട്ട്‌ഫോൺ സ്‌ക്രീനുകൾ പുറത്തുവിടുന്ന ബ്ലൂ ലൈറ്റ് ചർമത്തിന്റെ ആഴങ്ങളിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ളതാണ്. ഇത് ചർമത്തിലെ പ്രകൃതിദത്ത കോശങ്ങളെ നശിപ്പിക്കുകയും, ചർമത്തിന് ഇലാസ്തികത നൽകുന്ന കൊളാജൻ എലാസ്റ്റിൻ എന്നിവയുടെ ഉത്പ്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ചർമത്തിന്റെ ഇലാസ്തികതയും തിളക്കവും നഷ്ടപ്പെടാമെന്നും നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഫോൺ സ്‌ക്രീനിൽ നിന്നുള്ള നിരന്തരമായ ബ്ലൂ ലൈറ്റ് എക്‌സ്‌പോഷർ ചർമത്തിൽ ഫ്രീ റാഡിക്കലുകൾ ഉത്പ്പാദിപ്പിക്കുന്നു. ഇത് ചർമത്തിൽ ചുളിവുകൾ , ഫൈൻ ലൈൻ, ചർമം തൂങ്ങിപ്പോകൽ എന്നിവയ്ക്ക് കാരണമാകുമെന്നും അവർ പറയുന്നു.സൂര്യപ്രകാശം ഏൽക്കുമ്പോൾ ഉണ്ടാകുന്നപോലെ ചർമത്തിന്റെ പ്രായമാകൽ ഇവിടെയും സംഭവിക്കുന്നു.
ഫോണിൽ നിന്നുള്ള വെളിച്ചം ചർമത്തിലെ മെലാനിൻ ഉത്പ്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ചർമത്തിൽ കറുത്ത പാടുകൾ , പിഗ്മെന്റേഷൻ, ചർമത്തിന്റെ നിറത്തിൽ വ്യത്യാസം എന്നിവയുണ്ടാക്കാൻ കാരണമാകുന്നു. പ്രത്യേകിച്ച് സെൻസിറ്റീവ് സ്‌കിൻ ഉള്ളവർക്ക് ഈ പ്രശ്‌നം പെട്ടെന്ന് ബാധിക്കാം.
തുടർച്ചയായി തല താഴ്ത്തി ഫോണിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് കഴുത്തിന് ചുറ്റും ആഴത്തിലുള്ള ചുളിവുകൾ വീഴാൻ കാരണമാകും. തിനെയാണ് 'ടെക് നെക്ക്'എന്ന് വിളിക്കുന്നത്. കഴുത്തിലെ ചർമം വളരെ നേർത്തതായതിനാൽ ഇവിടെ ചുളിവുകൾ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു.
സ്‌ക്രീൻ വെളിച്ചം മാത്രമല്ല, ഫോൺ സ്‌ക്രീനിലെ അഴുക്കും പ്രശ്‌നമാണ്. നമ്മൾ എപ്പോഴും തൊടുന്ന ഫോൺ സ്‌ക്രീനിൽ ധാരാളം ബാക്ടീരിയകളും അഴുക്കും എണ്ണമയവും അടിഞ്ഞുകൂടുന്നു. ഫോണിൽ സംസാരിക്കുമ്പോൾ സ്‌ക്രീൻ മുഖത്ത് തട്ടുന്നതിലൂടെ ഈ ബാക്ടീരിയകൾ ചർമത്തിലേക്ക് പടരുകയും മുഖക്കുരു, ചർമ്മത്തിൽ തടിപ്പ് എന്നിവ ഉണ്ടാക്കുകയും ചെയ്യും.
ചർമത്തെ എങ്ങനെ സംരക്ഷിക്കാം
ഫോണിൽ 'നൈറ്റ് മോഡ്' (അല്ലെങ്കിൽ ബ്ലൂ ലൈറ്റ് ഫിൽട്ടർ) എപ്പോഴും ഓൺ ചെയ്തു വെക്കുന്നത് ഗുണം ചെയ്യും. ഇൻഡോറുകളിൽ ഇരിക്കുമ്പോഴും ബ്ലൂ ലൈറ്റിൽ നിന്ന് സംരക്ഷണം നൽകുന്ന ബ്രോഡ് സ്‌പെക്ട്രം സൺസ്‌ക്രീൻ ഉപയോഗിക്കുക. ഫോൺ വൃത്തിയായി സൂക്ഷിക്കുക.ദിവസവും ഫോൺ സ്‌ക്രീൻ സാനിറ്റൈസർ വൈപ്പുകൾ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. കൈകൾ ഉപയോഗിക്കാതെ ഫോണിൽ സംസാരിക്കുന്നതും നല്ലതാണ്. ഫോൺ മുഖത്ത് ചേർത്തുപിടിക്കുന്നതിന് പകരം എയർപോഡുകളോ സ്പീക്കറോ ഉപയോഗിക്കാം.
Content Highlights: Blue light penetrates deep into the skin, reducing collagen and elastin production., Constant screen exposure leads to free radical generation, causing premature aging., Tech neck is caused by repetitive downward posture while using smartphones., Bacteria on phone screens trigger acne and skin inflammation., Prevention includes using blue light filters, broad-spectrum sunscreen, and regular phone sanitization.