തിളങ്ങുന്ന ചര്‍മ്മവും യുവത്വവും നിലനിര്‍ത്താം ; അറിഞ്ഞിരിക്കാം ബ്രൊക്കോളിയുടെ ഗുണങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

പ്രായം കൂടുന്നതും സൗന്ദര്യത്തിന് മങ്ങലേല്‍ക്കുന്നതും അത്ര സുഖകരമായ കാര്യമല്ല. പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ നമുക്ക് ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ സാധിക്കും. ഡയറ്റില്‍ അതിനായി ഉള്‍പ്പെടുത്തേണ്ട പച്ചക്കറിയാണ്  ബ്രൊക്കോളി.

വിറ്റാമിന്‍ സി അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. കൊളാജിന്‍ ഉത്പാദനം കൂടുമ്പോള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറുകയും ചര്‍മ്മം ദൃഢമായിത്തീരുകയും ചെയ്യും. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ മുഖക്കുരു വരാതിരിക്കാനും സഹായകരമാണ് ഇത്.  ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. അതിനാല്‍ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. 

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍  ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ബ്രൊക്കോളി പതിവായി കഴിക്കാം. സ്ഥിരമായി  കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും. 

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ചില ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായകരമാകുന്നത്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Skin Health,Broccoli ,Rich source of vitamin C,Skin Care,food,vitamin C