എം.എഫ് ഹുസൈന്റെ പ്രിയപ്പെട്ട ഭക്ഷണശാല ; ശ്മശാനത്തിലെ ഹോട്ടലില്‍ പോയിട്ടുണ്ടോ

photo|Binulal G
photo|Binulal G

ന്ന് ഭക്ഷണം ഒരുക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് റെസ്റ്റോറന്റുകള്‍ എങ്ങനെ ഒരുക്കുന്നുവെന്നതും. അത്രയും സ്‌പെഷ്യലായി ഡൈനിങ് അനുഭവം വ്യത്യസ്തമാക്കാന്‍ റസ്റ്റോറന്റുകള്‍ പരസ്പരം മത്സരിക്കുകയാണ്. എന്നാല്‍ ശ്മശാനത്തിനെ നടുവില്‍ ഒരു റെസ്‌റ്റോറന്റ് നിര്‍മ്മിച്ചതിനെക്കുറിച്ചെന്താണ് തോന്നുന്നത്.

പേടിയും അസ്വസ്ഥതയുമൊക്കെയായിരിക്കും ആദ്യം നമുക്ക് തോന്നുക. എന്നാല്‍ അഹമ്മദാബാദിലെ ലാല്‍ ദര്‍വാസ മേഖലയില്‍ ഇത്തരത്തിലൊരു റെസ്‌റ്റോറന്റുണ്ട്. ശരിക്കും ഇതിന് 72 വര്‍ഷത്തെ കാലപ്പഴക്കവും ഉണ്ടെന്നുളളതാണ് വസ്തുത. ലക്കി റെസ്റ്റോറന്റെന്നാണ് ഇതിന്റെ പേര്.

72 വര്‍ഷമായി ശവപ്പറമ്പിന് നടുവിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ആളുകള്‍ മടികൂടാതെയിവിടെ എത്തുന്നുണ്ട്. ഇതിന്റെ ഉടമയായ കൃഷ്ണന്‍കുട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ സ്ഥലം വാങ്ങുമ്പോള്‍ ഇതൊരു ശ്മശാനത്തിന് നടുവിലാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് സത്യം അറിഞ്ഞപ്പോഴും ഭക്ഷണശാല നിര്‍മ്മിക്കാനുള്ള തന്റെ തീരുമാനത്തില്‍ നിന്നും അയാള്‍ പിന്‍വാങ്ങിയില്ല.

ശവമടക്കം ചെയ്ത സ്ഥലം ഒഴിവാക്കി ആ സ്ഥലത്തിനൊരു കേടുപാടുകളും വരുത്താതെയാണ് തന്റെ സ്ഥലത്ത് അയാള്‍ ഹോട്ടല്‍ പണിതത്. ശവപ്പറമ്പിന് സമീപത്തായി ഒരു ഇരിപ്പിടം നിര്‍മ്മിക്കുകയും ഹോട്ടലിലെ ജീവനക്കാര്‍ അവിടെ സ്ഥിരം പൂക്കള്‍ വെക്കുകയും ചെയ്യുന്നതും ഇവിടുത്തെ പതിവാണ്. അതേ പോലെ തന്നെ ഹോട്ടലില്‍ ജീവിച്ചിരിക്കുന്നവരെ ബഹുമാനിക്കുന്ന പോലെ മരിച്ചവരെയും ബഹുമാനിക്കുകയെന്നും എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്.

ഇതിഹാസ ചിത്രക്കാരനായ എം.എഫ്.ഹുസൈനേറെ പ്രിയപ്പെട്ട ഭക്ഷണശാലയായിരുന്നു ഇത്. അദ്ദേഹം സ്‌നേഹസൂചകമായ തന്റെ പെയിന്റിങ്ങും കൃഷ്ണന്‍കുട്ടിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ബണ്‍ മസ്‌കയും ചായയുമാണ് ഇവിടുത്തെ സ്‌പെഷ്യല്‍ കോംമ്പിനേഷന്‍. അതുതേടിയാണ് ആളുകളിവിടെയിന്നുമെത്തുന്നത്. 

ഹഗ്രിക്രൂയിസേഴ്‌സ് എന്നു പേരുള്ള ട്രാവല്‍ വ്‌ളോഗിങ് പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ഇത്തരത്തിലൊരു ഹോട്ടല്‍ നിര്‍മ്മിച്ചത് മരിച്ചവരോട് ചെയ്യുന്ന ക്രൂരതയാണെന്നും സാമ്പത്തിക താത്പര്യമാണ് ഇതിനു പിന്നിലെന്നും കമന്റ് ചെയ്തവരുണ്ട്. മരിച്ചവരുടെ കുഴിമാടം പ്രദര്‍ശനവസ്തുവാക്കരുത് എന്നുള്ള തരത്തിലൊക്കെയാണ് ഈ  കമന്റുകള്‍. എന്നാല്‍ ചിലര്‍ ഇതിനോട് യോജിച്ചും കമന്റുകളിട്ടിട്ടുണ്ട്.

Content Highlights: Restaurant In Ahmedabad,Grave,food,tea, bun maska,m.f. hussain