പേശികള്‍ ദുര്‍ബലമാകും, പ്രായം തോന്നിക്കും; ചില്ലറക്കാരനല്ല പ്രോട്ടീന്‍, ഇവ ശ്രദ്ധിക്കാം

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കുന്നവരോ അല്ലാത്തവരോ ആകട്ടെ, പ്രോട്ടീന്‍ എന്ന് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ഡയറ്റൊക്കെ ശ്രദ്ധിക്കുന്നവര്‍ പ്രോട്ടീനടങ്ങിയ ഭക്ഷണം കഴിക്കുന്നതിനെ കുറിച്ച് പറയുന്നത് കേട്ടിട്ടില്ലേ? ഒരിക്കലെങ്കിലും ഡോക്ടര്‍മാര്‍ നിങ്ങളോട് അക്കാര്യം പറഞ്ഞിട്ടില്ലേ?
ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ് പ്രോട്ടീന്‍. നല്ല പേശികള്‍ക്കും ഹോര്‍മോണ്‍ ഉത്പാദനം, മുടി, ചര്‍മം എന്നിവയുടെ ആരോഗ്യത്തിനുമെല്ലാം പ്രോട്ടീന്‍ ആവശ്യമാണ്. എന്നാല്‍ നമ്മള് കഴിക്കുന്ന പല ഭക്ഷണത്തിലൂടെയും ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാകുന്നില്ല.
ഒരു ദിവസം ശരീരത്തിന് എത്ര പ്രോട്ടീന്‍ വേണം?
പ്രായം, ഭാരം, ഫിറ്റ്നസ്, രോഗങ്ങള്‍, എത്രത്തോളം ആരോഗ്യവാനാണ് എന്നിവയെല്ലാം ആശ്രയിച്ചാണ് ഒരു വ്യക്തിക്ക് എത്രത്തോളം പ്രോട്ടീന്‍ ആവശ്യമുണ്ടെന്ന് പറയാനാവുക. മുതിര്‍ന്ന ഒരാള്‍ക്ക് ഒരു കിലോ ഗ്രാം ഭാരത്തിന് 0.8 ഗ്രാം പ്രോട്ടീന്‍ എന്ന ക്രമത്തിലാണ് ആവശ്യമായി വരുന്നത്. ആ വ്യക്തി എത്രത്തോളം കായികാധ്വാനമുള്ളയാളാണ് എന്നതു കൂടി അടിസ്ഥാനമാക്കിയാണിത്. 65 കിലോ ഭാരമുള്ള ഒരാള്‍ക്ക് 52-65 ഗ്രാം പ്രോട്ടീന്‍ ആണ് ഒരു ദിവസം ആവശ്യമായി വരുന്നത്.
നമ്മള് ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍ ശരീരത്തിനെന്താണ് സംഭവിക്കുക എന്നറിയാമോ? പരിശോധിക്കാം...
ഭക്ഷണത്തിലെ പ്രോട്ടീന്റെ കുറവ് ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. പ്രാതലില്‍ നിന്നും ലഭിക്കാത്ത പ്രോട്ടീന്‍ ഉച്ചഭക്ഷണത്തിലോ രാത്രിഭക്ഷണത്തോടൊപ്പമോ ഉള്‍പ്പെടുത്താം എന്ന് കരുതിയാലും ആ ദിവസം ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നില്ല. ഇത് സ്ഥിരമായി സംഭവിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരം അത് പേശികളില്‍നിന്നും എല്ലുകളില്‍നിന്നും വലിച്ചെടുക്കും. ക്രമേണ പേശികള്‍ ദുര്‍ബലമാവുകയും ശരീരത്തിന് പ്രായം തോന്നിപ്പിക്കുകയും ചെയ്യുന്നു. ഇത് തടയാന്‍ പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ കഴിക്കുകയേ മാര്‍ഗമുള്ളു.
പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ എന്തെല്ലാം ചെയ്യാം...
കൃത്യമായ അളവില്‍ ശരീരത്തില്‍ പ്രോട്ടീന്‍ എത്തിയാല്‍ അത് നന്നായി ദഹിക്കാനും ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം...
1. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക
വായില്നിന്നുമാണല്ലോ ദഹനപ്രക്രിയ ആരംഭിക്കുന്നത്. ഭക്ഷണത്തിന്റെ ആദ്യ കടിയേല്‍ക്കുമ്പോള്‍ തന്നെ ഉമിനീരും എന്‍സൈമുകളും അവയെ വിഘടിപ്പിക്കാന്‍ തുടങ്ങുന്നു. ഭക്ഷണം ചവച്ചരച്ച് കഴിക്കുമ്പോള്‍ ഇത് ആമാശയത്തിലേയും കുടലിലേയും ദഹനപ്രക്രിയയെ സഹായിക്കുന്നു.
2. ധാരാളം വെള്ളം കുടിക്കുക
ദഹനപ്രക്രിയയില്‍ പ്രധാനമാണ് വെള്ളം. ഇത് വയറ്റിലെ എന്‍സൈമുകളേയും ദ്രാവകങ്ങളേയും തുലനപ്പെടുത്തുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ദഹനത്തിന് സഹായിക്കുന്നു.
3. കുടലിന്റെ ആരോഗ്യം
ആരോഗ്യമുള്ള കുടലിന് പ്രോട്ടീന്‍ കൃത്യമായി ആഗിരണം ചെയ്യാന്‍ സാധിക്കുന്നു. ഇതിനായി പ്രീബയോട്ടിക്, പ്രോബയോട്ടിക് ഭക്ഷണങ്ങളായ യോഗട്ട്, കെഫീര്‍, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ കഴിക്കാം.
4. മാനസിക സമ്മര്‍ദം
കടുത്ത സമ്മര്‍ദങ്ങള്‍ ദഹനത്തെ ബാധിക്കുന്നു. ഭക്ഷണം സമാധാനത്തോടെ അറിഞ്ഞ് കഴിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ഇത് നല്ല ദഹനത്തിന് സഹായിക്കുന്നു.
5. എന്സൈമുകളടങ്ങിയ ഭക്ഷണം
തേന്‍, പഴം, മാമ്പഴം, പപ്പായ എന്നിവ കഴിക്കുന്നത് ദഹനത്തിന് സഹായകമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇവ പ്രോട്ടീന്‍ വിഘടിപ്പിച്ച് അമിനോ ആസിഡുകളാക്കുന്നതിനാല് ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Discover protein-rich foods and tips for better digestion