ഓട്‌സോ മ്യൂസ്ലിയോ, ഏതാണ് നല്ലത്? ഗുണങ്ങളും ദോഷങ്ങളും അറിയാം

#Lifestyle desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പ്രഭാതഭക്ഷണമായോ ഇടവേളയില്‍ കഴിക്കുന്ന ഭക്ഷണമായോ ഓട്‌സോ മ്യൂസ്ലിയോ തിരഞ്ഞെടുക്കുന്നവരുണ്ട്. കുടലിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കാനും ഇതില്‍ ഏതാണ് മികച്ചത്? 

ഓട്സും മ്യൂസ്ലിയും കാഴ്ചയില്‍ ഒരുപോലെ തോന്നുമെങ്കിലും ശരീരത്തില്‍ വളരെ വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഭക്ഷണവസ്തുക്കളാണ് അവ. ഒന്ന് ഊഷ്മളവും, മൃദുവുമാണ്, മറ്റൊന്ന് മൊരിഞ്ഞതും, നാരുകള്‍ നിറഞ്ഞതും, പലതരം ചേരുവകള്‍ ചേര്‍ന്നതുമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ദഹനത്തിനും സ്ഥിരമായ ഊര്‍ജത്തിനും ഇവ രണ്ടും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. 

ഓട്‌സും മ്യൂസ്ലിയും പോഷകങ്ങളും

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചറിന്റെ (USDA) ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 81 ഗ്രാം അസംസ്‌കൃത ഓട്സില്‍ നിന്ന് ലഭിക്കുന്ന പോഷകങ്ങള്‍ താഴെ നല്‍കിയിരിക്കുന്ന ക്രമത്തിലാണ്.

കലോറി: 307 kcal
വെള്ളം: 8.7 ഗ്രാം
പ്രോട്ടീന്‍: 10.7 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്: 54.8 ഗ്രാം
പഞ്ചസാര: 0.8 ഗ്രാം
നാരുകള്‍: 8.1 ഗ്രാം
കൊഴുപ്പ്: 5.3 ഗ്രാം

മ്യൂസ്ലി (100 ഗ്രാം)
കലോറി: ഏകദേശം 380 kcal
പ്രോട്ടീന്‍: 10-12 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്: 65-70 ഗ്രാം
നാരുകള്‍: 6-8 ഗ്രാം
പഞ്ചസാര: 15-20 ഗ്രാം (ഇതിലെ ഉണങ്ങിയ പഴങ്ങളെ ആശ്രയിച്ച് വ്യത്യാസപ്പെടാം)
കൊഴുപ്പ്: 7-10 ഗ്രാം (നട്‌സ്/വിത്തുകളെ ആശ്രയിച്ച്)

പ്രഭാതഭക്ഷണത്തിന് ഓട്‌സ് പ്രയോജനകരമാണോ?
സാവധാനം ദഹിക്കുന്നതുമായ ഒരു പ്രഭാതഭക്ഷണമാണ് ഓട്‌സ്. അതുകൊണ്ടുതന്നെ ഓട്‌സ് കഴിച്ചാല്‍ കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നുന്നു. 2023-ലെ ഒരു ഗവേഷണ പ്രബന്ധം അനുസരിച്ച്, ഇതിലെ ബീറ്റാ-ഗ്ലൂക്കന്‍ ഫൈബര്‍ വയറ്റില്‍ ഒരു ജെല്‍ രൂപപ്പെടുത്തുന്നു.

ഇത് വിശപ്പ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും സഹായിക്കുന്നു. ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നതിന് ഇത് പ്രധാനമാണ്. 

ഓട്സിന്റെ ഗുണങ്ങളിൽ ചിലത് 

  • ഓട്സ് ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ്
  • ഓട്സില്‍ പഞ്ചസാരയുടെ അളവ് കുറവാണ്
  • പഴങ്ങള്‍, നട്‌സ്, അല്ലെങ്കില്‍ വിത്തുകള്‍ എന്നിവ ഉപയോഗിച്ച് ഇവ ഇഷ്ടാനുസൃതമാക്കാന്‍ എളുപ്പമാണ്

ഓട്‌സ് കഴിക്കുന്നതിന്റെ ദോഷങ്ങള്‍ എന്തൊക്കെയാണ്

  • ടോപ്പിങ്ങുകള്‍ അമിതമായി ചേര്‍ത്താല്‍ ഓട്സില്‍ കലോറി കൂടാം
  • വിപണിയില്‍ ലഭ്യമായ ഇന്‍സ്റ്റന്റ് ഫ്‌ളേവേഡ് ഓട്സില്‍ പലപ്പോഴും  പഞ്ചസാര അടങ്ങിയിട്ടുണ്ട്
  • മധുരം ചേര്‍ത്തില്ലെങ്കില്‍ ചിലര്‍ക്ക് ഇത് വളരെ രുചിയില്ലാത്തതായി തോന്നാം

മ്യൂസ്ലി പ്രഭാതഭക്ഷണത്തിന് നല്ലതാണോ?
മ്യൂസ്ലി ഓട്സ്, നട്സ്, വിത്തുകള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവയുടെ ഒരു മിശ്രിതമായതിനാല്‍ ഇത് പോഷക സമ്പന്നമാണ്. മ്യൂസ്ലിയില്‍ നാരുകള്‍ കൂടുതലാണ്.

ആരോഗ്യകരമായ നട്സിന്റെ സാന്നിധ്യം കാരണം സ്വാഭാവികമായ ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു. കൂടുതല്‍ സൂക്ഷ്മപോഷകങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കഞ്ഞിയേക്കാള്‍ നല്ല ഘടന ഇഷ്ടപ്പെടുന്ന ആളുകള്‍ മ്യൂസ്ലി തിരഞ്ഞെടുക്കാറുണ്ട്.

മ്യൂസ്ലി കഴിക്കുന്നതിന്റെ ദോഷങ്ങള്‍

  • പഞ്ചസാരയുടെ അംശം മ്യൂസ്ലിയെ അത്ര അനുയോജ്യമല്ലാത്ത ഒരു ഓപ്ഷനാക്കി മാറ്റുന്നു.
  • ഉണങ്ങിയ പഴങ്ങള്‍ക്ക് കലോറി വര്‍ധിപ്പിക്കാന്‍ കഴിയും
  • ചില മിശ്രിതങ്ങളില്‍ എണ്ണയോ മധുരമോ ചേര്‍ത്തിട്ടുണ്ടാവാം
  • വിളമ്പുന്ന അളവില്‍ കവിഞ്ഞ് കഴിച്ചാല്‍ ദോഷകരമായി ബാധിക്കാം.

കുടലിന്റെ ആരോഗ്യത്തിന് ഓട്‌സ് ആണോ, മ്യൂസ്ലിയാണോ മികച്ചത്?
നാരുകള്‍ അടങ്ങിയതിനാല്‍ ഇവ രണ്ടും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഓട്സിലെ ബീറ്റാ-ഗ്ലൂക്കന്‍, ദഹനം മെച്ചപ്പെടുത്തുന്നതിനും നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും പ്രയോജനകരമാണ്. മ്യൂസ്ലിയും സഹായിക്കും, എന്നാല്‍ ഉണങ്ങിയ പഴങ്ങള്‍ ദഹനപ്രശ്‌നങ്ങളുള്ളവരില്‍ വയറുവേദനയ്ക്ക് കാരണമായേക്കാം. അതിനാല്‍ സെന്‍സിറ്റിവ് വയറുള്ളവര്‍ക്ക്, ഓട്‌സ് കൂടുതല്‍ സൗകര്യപ്രദമായ ഓപ്ഷനാണ്.

പ്രഭാതഭക്ഷണത്തിന് ഇതിലേതാണ് ഏതാണ് മികച്ചത്?
ഓട്സും മ്യൂസ്ലിയും വയറുനിറയ്ക്കുന്നതും പോഷകസമൃദ്ധവുമാണ്. രണ്ട് ഓപ്ഷനുകളും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും, എന്നാല്‍ തിരഞ്ഞെടുപ്പ് നിങ്ങളുടെ ഭക്ഷണ ശീലങ്ങളെ ആശ്രയിച്ചിരിക്കുന്നു.

കുറഞ്ഞ പഞ്ചസാരയും നിയന്ത്രിതവുമായ പ്രഭാതഭക്ഷണം വേണമെങ്കില്‍, ഓട്‌സോ, ഉയര്‍ന്ന നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും വേണമെങ്കില്‍ മ്യൂസ്ലിയോ തിരഞ്ഞെടുക്കാം. 

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Compare oats and muesli for your breakfast. Discover their health benefits, drawbacks, and which is best for weight loss and gut health.