ഒരു പേരിലെന്തിരിക്കുന്നു; മന്തി എന്ന മഞ്ഞുതുള്ളി

ചിക്കൻ മന്തി
ചിക്കൻ മന്തി

യെമെനില്‍ പിറന്ന മന്തി(Mandi)യെ ഗള്‍ഫ് പരിചയത്തിലൂടെയാണ് മലയാളി സ്വീകരിച്ചത്. കിഴക്കന്‍ യെമെനിലെ ഹധ്രമൗത്ത് പ്രവിശ്യയിലാണ് പിറവി. അറബിയില്‍ മഞ്ഞുതുള്ളി എന്നാണത്രെ ഈ വാക്കിനര്‍ഥം. കുഴിയില്‍ ഉണ്ടാക്കുന്നതിനാലാണ് കുഴിമന്തി എന്ന പേരു വന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ട് കെട്ടിയുണ്ടാക്കിയ കുഴിയടുപ്പുകളിലാണ് പാകംചെയ്യുന്നത്. പ്രത്യേക മസാലക്കൂട്ടുകളില്‍ നെയ്യോ എണ്ണയോ അധികമായി ചേര്‍ക്കാതെ ഒരുക്കിയെടുക്കുന്ന മന്തി ആരോഗ്യത്തിനും ഭീഷണിയല്ലെന്നാണ് മന്തിപ്രിയരുടെ പക്ഷം.

മന്തിയിലെ മലപ്പുറം പെരുമ

ബിരിയാണിയും കോഴിപൊരിച്ചതും നിറഞ്ഞാടിയിരുന്ന സമയത്ത് മലബാറിന്റെ തീന്‍മേശയിലേക്ക് മന്തിയുടെ കടന്നുകയറ്റം വളരെ പെട്ടെന്നായിരുന്നു. കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഹോട്ടലുകളിലാണ് കുഴിമന്തി ആദ്യമായെത്തിയതെന്നാണു കരുതുന്നത്. മലപ്പുറം മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി പുള്ളിശ്ശേരി മുഹമ്മദലി 'മന്തി കാക്ക' ആണ് ഇതിവിടെ അവതരിപ്പിച്ചതില്‍ പ്രധാനി.

പേരിലെന്നപോലെ അത് സമ്മാനിക്കുന്ന രുചിയും വൈവിധ്യത്തിന്റേതായതിനാല്‍ ജനങ്ങള്‍ മന്തിക്ക് നല്‍കിയ വരവേല്‍പ്പ് സമാനതകളില്ലാത്തതാണ്. ഒരോതവണ കഴിക്കുമ്പോഴും മന്തി രുചിയുടെ വൈവിധ്യങ്ങള്‍ സമ്മാനിച്ചു; ഒരദ്ഭുതമെന്നപോലെ. വഴിനീളെ കുഴിമന്തി ഹോട്ടലുകള്‍ പിറന്നു.

മന്തിയിലെ മലയാളിത്തം

വിരുന്നുകാരെ വീട്ടുകാരാക്കാനുള്ള മലയാളിയുടെ വൈഭവം ഒന്നു വേറെ തന്നെയാണ്. യെമെന്‍ സ്വദേശിയായ മന്തിക്കും കേരളക്കരയിലെത്തിയപ്പോള്‍ അതിന്റെ തട്ടുകേട് പറ്റി. യഥാര്‍ഥ മന്തി മസാലയ്ക്ക് അമിതപ്രാധാന്യമുള്ള ഭക്ഷണമല്ല. പക്ഷേ, മലയാളി മന്തിയില്‍ നമ്മുടെ സ്വന്തം കുരുമുളക് കേറിയങ്ങ് സ്ഥാനം പിടിച്ചു. മലയാളി ഫുഡീസ് ഒരു മടിയുമില്ലാതെ മന്തിയുടെ ആരാധകരുമായി. കുഴിമന്തിക്കുപുറമെ യന്ത്രമുപയോഗിച്ച് ഉണ്ടാക്കുന്ന മന്തിയും രുചിലോകം പിടിച്ചു. മന്തിയുടെ പേരില്‍ ബ്രാന്‍ഡുകള്‍ പലതുണ്ടായി. കോവിഡ് കാലത്ത് പ്രവാസികളുടെ തിരിച്ചുവരവും മന്തിപ്രിയരുടെ എണ്ണംകൂട്ടി.

Content Highlights: kuzhi manthi, manthi controversy, V.K. Sreeraman, food