മലൈക അറോറയ്ക്ക് ബിരിയാണി അയച്ചു നല്‍കി കരീന; ബിരിയാണിയോടുള്ള ഇഷ്ടം വെളിപ്പെടുത്തി താരങ്ങള്‍

മലൈക അറോറ, മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം
മലൈക അറോറ, മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം

2021-ല്‍ തങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിതരണം ചെയ്ത വിഭവം ബിരിയാണിയാണെന്ന് പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗി വ്യക്തമാക്കിയിരുന്നു. ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു  കണക്കുകള്‍. കരീന കപൂര്‍, പ്രിയങ്കാ ചോപ്ര എന്നിവരുള്‍പ്പടെയുള്ള സിനിമാ താരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട സുഹൃത്തായ മലൈക അറോറയ്ക്ക് ബിരിയാണി അയച്ചു നല്‍കിയിരിക്കുകയാണ് കരീന കപൂര്‍.

ഏതാനും ദിവസത്തെ വിദേശപര്യടനത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയിരിക്കുകയാണ് മലൈക. കരീന തനിക്ക് അയച്ചുനല്‍കിയ ബിരിയാണിയുടെ ചിത്രം മലൈക തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കരീന നല്‍കിയ ബിരിയാണിയാണ് ഇന്ത്യയില്‍ തിരികെയെത്തിയശേഷം ആദ്യം കഴിച്ചതെന്ന് മലൈക സ്റ്റോറിയില്‍ വ്യക്തമാക്കി. 

ഇതേ ചിത്രം കരീന കപൂറും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. 

ഇരുവരും തങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. ബിരിയാണിയോടുള്ള തന്റെ ഇഷ്ടം പതിവായി ചിത്രങ്ങള്‍ പങ്കുവെച്ച് മലൈകയും ആരാധകരെ അറിയിക്കാറുണ്ട്. അടുത്തിടെയാണ് അമ്മയുണ്ടാക്കിയ മട്ടണ്‍ ബിരിയാണിയുടെ ചിത്രം മലൈക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. 

തന്റെ പ്രിയപ്പെട്ട ഭക്ഷണത്തിന് മുന്നില്‍ തീരെ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് കരീന. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് ഇഷ്ടംപോലെ വര്‍ക്കൗട്ട് ചെയ്യുന്നതാണ് കരീനയുടെ പോളിസി. തന്റെ യോഗാ ടീച്ചര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നുണ്ടെന്നും ഇഷ്ടഭക്ഷണമായ ബിരിയാണിയും ഹല്‍വയും ഒഴിവാക്കാതെ പറ്റില്ലെന്നും വ്യക്തമാക്കി അടുത്തിടെ കരീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
 

Content Highlights: biriyani, malika arora, kareena kapoor, love for biriyani, food