ഇറ്റാലിയന്‍ അറേബ്യാറ്റ പാസ്ത വീട്ടിലുണ്ടാക്കിയാലോ

ഫോട്ടോ: ശ്രീജിത്ത് പി. രാജ്‌
ഫോട്ടോ: ശ്രീജിത്ത് പി. രാജ്‌

റിജിനല്‍ പാസ്ത കഴിക്കാന്‍ ഇറ്റാലിയന്‍ റെസ്റ്റോറന്റ് തേടി നടക്കേണ്ട, ഇറ്റലിക്ക് പോവുകയും വേണ്ട. രുചിയോടെ വീട്ടില്‍ തന്നെ തയ്യാറാക്കാം.

  1. പാസ്ത - ഒരു പാക്കറ്റ് (500 ഗ്രാം)
  2. തക്കാളി - ഒരു കിലോ
  3. ഒലിവ് ഓയില്‍ - 200 മില്ലി
  4. ഒലിവ് കായ - 50 ഗ്രാം (ചെറുതായി മുറിച്ചത്)
  5. ഒറിഗാനോ - മൂന്ന് ടീസ്പൂണ്‍
  6. ചീസ് (ഗ്രേറ്റഡ്) - 250 ഗ്രാം
  7. വെളുത്തുള്ളി - 50 ഗ്രാം (വളരെ ചെറുതായി അരിഞ്ഞത്)
  8. സവാള - രണ്ടെണ്ണം (വളരെ ചെറുതായി അരിഞ്ഞത്)
  9. കുരുമുളകുപൊടി - രണ്ട് ടീസ്പൂണ്‍
  10. വറ്റല്‍മുളക് ചതച്ചത് - രണ്ട് സ്പൂണ്‍
  11. പഞ്ചസാര - ഒരു ടീസ്പൂണ്‍
  12. പാര്‍സ്‌ലി - ഒരു പിടി
  13. ഉപ്പ് - ആവശ്യത്തിന്
  14. സെലറി - അല്‍പം (ചെറുതായി അരിഞ്ഞത്)

പാസ്ത സോസ് തയ്യാറാക്കുന്ന വിധം:

തക്കാളി നന്നായി വേവിക്കുക. ഇതില്‍ മുക്കാല്‍ഭാഗം തക്കാളിയെടുത്ത് മിക്‌സിയില്‍ അരയ്ക്കുക. ബാക്കിയുള്ളത് വലുതായി മുറിക്കുക. സോസ്പാനില്‍ കുറച്ച് ഒലിവ് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ സവാളയും വെളുത്തുള്ളിയും ചേര്‍ത്ത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വഴറ്റുക. ഇതിലേക്ക് അരച്ച തക്കാളി ചേര്‍ക്കുക. പത്ത് മിനിറ്റ് നന്നായി വേവിച്ചശേഷം ഇതിലേക്ക് വറ്റല്‍മുളക്, ഒറിഗാനോ, കുരുമുളകുപൊടി, ഒലിവ്, ഉപ്പ്, പഞ്ചസാര എന്നിവയും ചേര്‍ത്തിളക്കി മാറ്റിവെക്കുക.

സ്റ്റെപ്പ് രണ്ട്:

ഒരു പാത്രത്തില്‍ രണ്ടുലിറ്റര്‍ വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് 50 മില്ലി ഒലിവ് ഓയിലും ഉപ്പും ചേര്‍ക്കുക. അതിലേക്ക് പാസ്ത ഇട്ട് പത്ത് മിനിറ്റ് നന്നായി തിളപ്പിക്കുക. ഈ പാസ്ത അരിപ്പയിലേക്ക് ഇട്ട് വെള്ളം മാറ്റുക.
ഇനി നേരത്തെ തയ്യാറാക്കിവെച്ച സോസ് ഒന്നുകൂടി ചൂടാക്കി പകുതി ചീസ് ചേര്‍ത്തിളക്കുക. അതിലേക്ക് പാസ്ത ഇട്ട്  മുറിച്ചുവെച്ച തക്കാളിയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം പാര്‍സ്‌ലിയും ബാക്കിയുള്ള ചീസും മുകളില്‍ വിതറി ചൂടോടെ വിളമ്പാം.

തയ്യാറാക്കിയത്: രാജേഷ് കരോട്ടില്‍ 
(സീനിയര്‍ ഷെഫ്, അമേരിക്കന്‍ എംബസി സ്‌കൂള്‍, ഡല്‍ഹി)

Content Highlight: Italian Pasta Recipe

Content Highlights: