കുട്ടികളുടെ ഡയറ്റില്‍ നിര്‍ബന്ധമായും വേണം ഈ ഭക്ഷണങ്ങള്‍

Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

കുട്ടികളുടെ ആരോഗ്യകാര്യം പലപ്പോഴും മാതാപിതാക്കളെ അലട്ടുന്ന വിഷയമാണ്. ഇതില്‍ കുട്ടികളുടെ ഭക്ഷണകാര്യത്തിലും ആശങ്കകളും ഏറെയാണ്. വളരുന്ന പ്രായത്തില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ അവരുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നു. എന്നാല്‍ കുഞ്ഞുങ്ങള്‍ പലപ്പോഴും എല്ലാ ഭക്ഷണവും കഴിച്ചെന്നു വരില്ല. ഇത്തരത്തില്‍ കുട്ടികളുടെ എല്ലുകളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും നിര്‍ണയിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. ഈ ഭക്ഷണങ്ങള്‍ കുട്ടികളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുത്തിരിക്കേണ്ട ഒന്നാണ് പാല്‍. കാത്സ്യം, ഫോസ്ഫറസ് എന്നിങ്ങനെ എല്ലുകള്‍ക്ക് അവശ്യം വേണ്ടുന്ന ധാതുക്കളുടെ ലഭ്യതയ്ക്ക് പാല്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ പല്ല്, നഖം എന്നിവയുടെ വളര്‍ച്ചയ്ക്കും പാല്‍ അത്യാവശ്യമാണ്. വൈറ്റമിന്‍ ഡിയുടെ കലവറ കൂടിയാണ് പാല്‍. പ്രോട്ടീന്‍, സിങ്ക്, വൈറ്റമിന്‍-എ, ബി2, ബി12 എന്നിവയും പാലിലടങ്ങിയിട്ടുണ്ട്.

കട്ടിയുള്ള തൈരും കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ടതുണ്ട്. ഇതില്‍ കാത്സ്യം, വൈറ്റമിന്‍-ഡി എന്നിവ നല്ല അളവില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണശീലങ്ങളില്‍ കട്ടത്തൈരും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. 

കുട്ടികള്‍ പതിവായി കഴിക്കേണ്ട മറ്റൊന്നാണ് ബീന്‍സ്. പലതരത്തിലുള്ള ബീന്‍സുകള്‍ അവര്‍ക്ക് നല്‍കി ശീലിപ്പിക്കണം. അമരപ്പയര്‍, വന്‍പയര്‍, ബ്ലാക്ക് ബീന്‍സ് തുടങ്ങിയവയെല്ലാം അവര്‍ക്ക് നല്‍കാം. കാത്സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ്  ഈ ബീന്‍സുകള്‍. 

ചീര അല്ലെങ്കില്‍ പാലക് ചീര എന്നിവയും കുട്ടികള്‍ക്ക് കൊടുക്കേണ്ടതുണ്ട്. പ്രോട്ടീന്‍, കാത്സ്യം, വൈറ്റമിനുകള്‍, അവശ്യമായി വേണ്ട ധാതുക്കള്‍ എന്നിവയെല്ലാം ഇതില്‍ വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

പുറമേ നിന്നുള്ള ബേക്കറി ഭക്ഷ്യവസ്തുക്കളാണ് കുട്ടികള്‍ പൊതുവേ കഴിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുക. ഇതിന് പകരം അവര്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കുന്ന പലഹാരങ്ങള്‍ നല്‍കുന്നത് നല്ലതാണ്. അതില്‍ ഡ്രൈ ഫ്രൂട്ട്‌സും നട്ട്‌സുകളും ചേര്‍ക്കുന്നതും ഗുണം ചെയ്യും. പതിവായി ഇവ കുട്ടികള്‍ക്ക് നല്‍കിയാല്‍ കാത്സ്യം വൈറ്റമിന്‍ -ഡി എന്നിവ ലഭിക്കാന്‍ നല്ലതാണ്. ഇത്  കഴിക്കുന്നത് കുട്ടികളുടെ എല്ലുകള്‍ക്ക് ബലം നല്‍കും.


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.) 

Content Highlights: kids health,food,bone health,milk,yogurt,Spinach, Nuts,beans