പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികള്‍ നിര്‍ബന്ധമായും വേണം ; കാരണം ഇതാണ്

representative image|photo:canva
representative image|photo:canva

രു ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന പ്രധാനപ്പെട്ടൊരു ഭക്ഷണമാണ് പ്രഭാതഭക്ഷണം. പലരും ജോലിതിരക്കുകള്‍ മൂലം കഴിക്കാതിരിക്കുകയോ എളുപ്പത്തില്‍ കഴിക്കാവുന്ന എന്തെങ്കിലും ഭക്ഷണം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതും കണ്ടുവരാറുണ്ട്. എന്നാല്‍ പ്രാതലിന്റെ കാര്യം നിസാരമായി കരുതരുത്. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം പ്രഭാതഭക്ഷണമായി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ നിര്‍ബന്ധമായും പ്രാതലില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതുമുണ്ട്. പ്രാതലില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അറിഞ്ഞിരിക്കാം.

പച്ചക്കറികള്‍ പ്രാതലില്‍ ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. കൂടാതെ ഹൃദ്രോഗം പ്രതിരോധിക്കാനും നല്ല  മാനസികാവസ്ഥ നിലനിര്‍ത്താനും അത് ശരീരത്തെ സഹായിക്കും.
പ്രാതലില്‍  പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത്  പൊണ്ണത്തടിയും പ്രമേഹവും പോലുള്ളവ തടയുന്നതിന് സഹായിക്കുമെന്ന് ന്യൂട്രിയന്റില്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.

യുഎസില്‍ പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ മാത്രമേ ആവശ്യത്തിന് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുള്ളൂ എന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൂണ്ടികാട്ടുന്നുണ്ട്. പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് മാനസികാവസ്ഥ നല്ലതാക്കുവാനും ക്ഷീണം അകറ്റുന്നതിനും ഗുണം ചെയ്യും.

പ്രഭാതഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തോടെയിരിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. പച്ച നിറത്തിലുള്ള ഇലക്കറികള്‍ ടൈപ്പ് 2 പ്രമേഹസാധ്യത കുറയ്ക്കുമെന്ന് ദി ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രാതലില്‍ പച്ചക്കറി സാലഡ് രൂപത്തിലോ സ്മൂത്തിയായോ കഴിക്കുന്നതും നല്ലതാണ്.

പ്രഭാതഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് നല്ല ദഹനവ്യവസ്ഥ മെച്ചപ്പെട്ടതാക്കും. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ലയിക്കാത്ത നാരുകള്‍ കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

രാവിലെ കഴിക്കുന്ന ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഏറ്റവും വലിയ ഗുണം ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും എന്നതാണ്.  പച്ചക്കറികളില്‍ പൊതുവേ കലോറി കുറവാണ്.  ശരീരഭാരം കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും അത്യന്താപേക്ഷിതമാണെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
 

Content Highlights: health benefits of include vegetables in breakfast