വയറുവേദനയും ഗ്യാസ്ട്രബിളുമുണ്ടോ? ഈ ഭക്ഷണങ്ങളാകാം കാരണം; ഡയറ്റില്‍ ശ്രദ്ധിക്കാം

ഭക്ഷണം കഴിച്ചാല്‍ പതിവായി അസ്വസ്ഥതകള്‍ തോന്നാറുണ്ടോ? വയറുവേദന, വയര്‍ വീര്‍ത്തുകെട്ടല്‍, ഗ്യാസ്പ്രശ്‌നങ്ങള്‍, മലബന്ധം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ബുദ്ധിമുട്ടിക്കാറുണ്ടോ? എങ്കില്‍ കുടലിന്റെ ആരോഗ്യത്തിന്‍ പ്രത്യേകം ശ്രദ്ധ വെക്കേണ്ടതുണ്ട്. കുടലിലെ സൂക്ഷ്മ ബാക്ടീരിയാണ് ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സംരംക്ഷിക്കുന്നത്. ചില ഭക്ഷണങ്ങള്‍ ബാക്ടീരിയയെ നശിപ്പിക്കുകയും കുടലിന്റെ ആരോഗ്യം കേടാക്കുകയും ചെയ്യും. അത്തരത്തില്‍ കുടലിന്റെ ആരോഗ്യത്തെ വഷളാക്കുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
പുറത്തുനിന്ന് പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം നഷ്ടപ്പെടുത്തും. സംസ്‌കരിച്ച ഭക്ഷണങ്ങളിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ കുടലിന്റെ ആരോഗ്യത്തെ നശിപ്പിക്കും. പല ദഹന പ്രശ്‌നങ്ങള്‍ക്കും ഇത് വഴിതെളിക്കും. അതിനാല്‍ അത്തരം ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കുടലിന്റെ ആരോഗ്യത്തിന് നല്ലതല്ല.റെഡ് മീറ്റിന്റെ അമിത ഉപയോഗവും വയറിന്റെ ആരോഗ്യം വഷളാക്കാം.കോഫിയില്‍ അടങ്ങിയിരിക്കുന്ന കഫൈനും കുടലിന്റെ ആരോഗ്യത്തിന് നല്ലതല്ല. അമിതമായ കാപ്പികുടി കുറയ്ക്കുന്നതാകും നല്ലത്.
പഞ്ചസാരയുടെ അമിത ഉപയോഗവും നല്ലതല്ല. ഇത് ആരോഗ്യകരമായ ബാക്ടീരിയയെ ഇല്ലാതാക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് കുടലിന്റെ ആരോഗ്യത്തിന് നല്ലത്. കൃത്രിമ മധുരപലഹാരങ്ങളും കേക്ക്, പേസ്ട്രി, സോഡ, മിഠായികള്‍ തുടങ്ങിയവയും ഡയറ്റില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.
പൂരിത കൊഴുപ്പും കുടലിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
വലിയ അളവില്‍ ഉപ്പ്, കൊഴുപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നല്ലത്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: these foods destroy gut health