കണ്ണിന് ചുറ്റും ഡാര്‍ക്ക് സര്‍ക്കിളുണ്ടോ; പരിഹാരത്തിന് ഡയറ്റില്‍ ഇവ ശ്രദ്ധിക്കാം

വിശ്രമമില്ലാത്ത ജോലിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും ഉത്കണ്ഠയുമൊക്കെയായി കണ്ണിന് ചുറ്റും കറുത്ത വലയങ്ങള്‍ വന്നുതുടങ്ങിയോ? ജീവിതശൈലിയാണ് ഇത്തരം ഡാര്‍ക്ക് സര്‍ക്കിളിന് കാരണമായിത്തീരുന്നത്. ഉറക്കക്കുറവും ഇതിന് പിന്നിലുണ്ട്.
കണ്‍തടങ്ങളിലെ കറുപ്പ് അകറ്റാന്‍ ഇനി ഡയറ്റില്‍ ശ്രദ്ധിക്കാം. പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അത്യന്താപേക്ഷിതമായ കാര്യമാണ്. കണ്ണിന് ചുറ്റുമുള്ള ഡാര്‍ക്ക് സര്‍ക്കിളില്‍ നിന്നും രക്ഷനേടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.
ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചീര. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ മുഖചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തും.
രക്തചംക്രമണം വര്‍ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും ചീര ഗുണം ചെയ്യും.
വാള്‍നട്‌സും ചര്‍മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. തക്കാളി കഴിക്കുന്നതും കണ്ണിന്റെ കറുത്ത വലയങ്ങളെ കുറയ്ക്കാന്‍ ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് അതിന് സഹായിക്കുന്നത്.
ബദാം കഴിക്കുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ ഇയുടെ മികച്ച ഉറവിടമാണ് ബദാം. ഇത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മത്തിന്റെ ആരോഗ്യം മികച്ചതാക്കും. അകാലവാര്‍ധക്യം തടയാന്‍ ഉത്തമമാണ് പപ്പായ. പപ്പായ കഴിക്കുന്നതും കണ്ണിന് ചുറ്റുമുള്ള കറുത്ത വലയങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും.
കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിന്‍ സിയാല്‍ സമ്പന്നമായ ഓറഞ്ചും നല്ലതാണ്. ചര്‍മ്മത്തില്‍ നിന്ന് ഫ്രീ റാഡിക്കലുകളെ ഇല്ലതാക്കാനും കണ്ണിന്റെ ചുറ്റുമുള്ള ചര്‍മത്തിന്റെ ആരോഗ്യം നല്ലതാക്കാനും ഇത് ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods that cure dark circles under eyes