റസ്റ്ററന്റില്‍നിന്നെങ്കിലും ഒരിത്തിരി എടുത്ത് കഴിക്കാന്‍ മറക്കേണ്ട, പെരുംജീരകത്തിന് ഗുണങ്ങളേറെയാണ്

റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിച്ച്, ബില്ലിങ് സെക്ഷനില്‍ എത്തുമ്പോള്‍ അവിടെ വെച്ചിരിക്കുന്ന പെരുംജീരകം എടുത്ത് ചവയ്ക്കുന്നവരാണോ നിങ്ങൾ? രുചികരമായ ഭക്ഷണം കഴിച്ചശേഷം പെരുംജീരകമെടുത്ത് കഴിക്കാൻ പലര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ഭക്ഷണത്തിനൊടുവില്‍ ഒന്ന് കൊറിക്കാന്‍ അത് കിട്ടിയേ തീരൂ.
പോഷകഗുണങ്ങള്‍
കാണാന്‍ കുഞ്ഞനാണെങ്കിലും ഒട്ടേറെ പോഷകഗുണങ്ങളുണ്ട് പെരുംജീരകത്തിന്. വിറ്റാമിന്‍ സി, എ, ഫൈബര്‍, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകള്‍ ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ശരീരത്തെ തണുപ്പിക്കാനും ക്ഷീണം, നിര്‍ജലീകരണം തടയാനും പെരുംജീരകം കഴിക്കുന്നത് നല്ലതാണ്.
പെരുംജീരകമിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ഇതിനും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പെരുംജീരകം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ചശേഷം കുടിക്കുന്നതും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിലെ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഇത് സഹായിക്കും. ഇത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ ഉപകരിക്കും. മെറ്റബോളിസം കൂട്ടാനും ഇത് നല്ലതാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പതിവായി കുടിക്കാം.
പെരുംജീരകവെള്ളത്തിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും കൊളാജന്‍ ഉത്പാദനം കൂട്ടും. ഇത് ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നു. മുഖക്കുരു, മറ്റ് ചര്‍മ പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കാനും ഈ വിത്തിലെ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉപയോഗിക്കാം.
പെരുംജീരകം ചവയ്ക്കുന്നുകൊണ്ടുള്ള ഗുണങ്ങള്‍
പെരുംജീരകം പച്ചയ്ക്ക് ചവയ്ക്കുമ്പോള്‍ അതിലെ പ്രകൃതിദത്ത ഘടകങ്ങള്‍ ഉമിനീരിനോട് ചേരുന്നു. ഇത് ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ്. അതിലെ നാരുകള്‍ ദഹനത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുമെന്ന് 2023-ലെ ഒരു ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നുണ്ട്. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാല്‍ ഭക്ഷണം വിഘടിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ പറയുന്നു.
പെരുംജീരകവെള്ളം
പെരുംജീരകം രാത്രി മുഴുവന്‍ കുതിര്‍ത്തുവെച്ച് രാവിലെ ആ വെള്ളം കുടിക്കുന്നത് വളരെ പ്രയോജനകരമാണെന്നാണ് സൗദി സൊസൈറ്റി ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച 2015-ലെ ഒരു ലേഖനം വ്യക്തമാക്കുന്നത്. ഇത് വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍ തുടങ്ങിയ വെള്ളത്തില്‍ ലയിക്കുന്ന പോഷകങ്ങളെ വേര്‍തിരിച്ചെടുക്കുന്നു. ഈ രീതി ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും ശരീരം വേഗത്തില്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാലാണ് വയറുവേദന, അസിഡിറ്റി എന്നിവ കുറയ്ക്കുന്നതിന് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.
പെരുംജീരകവെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ വിഷാംശം ചെറിയ തോതില്‍ നീക്കം ചെയ്യാനും, വിഷവസ്തുക്കളെ പുറന്തള്ളാനും കരളിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കും. ഒരുപാട് ഭക്ഷണം കഴിച്ചശേഷം ഈ പാനീയം കുടിക്കുന്നത് വളരെ ഉപകാരപ്രദമാണ്.
പെരുംജീരകം ചവയ്ക്കുന്നതാണോ പെരുംജീരകവെള്ളം കുടിക്കുന്നതാണോ ദഹനത്തിന് നല്ലത്?
അസിഡിറ്റി, വയറുവേദന, അല്ലെങ്കില്‍ വയറിലെ അസ്വസ്ഥതകള്‍ എന്നിവയ്ക്ക് തല്‍ക്ഷണ ആശ്വാസം നല്‍കാന്‍ പെരുംജീരകവെള്ളമാണ് നല്ലത്. കാരണം അത് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. ഈ വെള്ളം വയറിലെ ആവരണത്തെ ശാന്തമാക്കാനും കുടലിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ദീര്‍ഘകാല ദൗത്യമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ പെരുംജീരകം ചവയ്ക്കുന്നത് കാലക്രമേണ നാരുകളും ദഹന ഗുണങ്ങളും നല്‍കുന്നു.
ശരീരഭാരം കുറയ്ക്കാന്‍
പെരുംജീരകം ചവയ്ക്കുന്നതും പെരുംജീരകവെള്ളം കുടിക്കുന്നതും നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പക്ഷേ ഒരേ രീതിയിലല്ലെന്ന് മാത്രം. പെരുംജീരകവെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം വര്‍ധിപ്പിക്കാനും മെറ്റബോളിസത്തെ പിന്തുണയ്ക്കാനും ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കുറയ്ക്കാനും സഹായിക്കും. വയറുവീര്‍ക്കല്‍ പെട്ടെന്ന് കുറയ്ക്കാന്‍ ഇത് നല്ലതാണ്.
പെരുംജീരകം ചവയ്ക്കുമ്പോള്‍ അതിലെ നാരുകളുടെ അംശം കൂടുതല്‍ നേരം വിശപ്പില്ലാതെയിരിക്കാന്‍ സഹായിക്കും. പെരുംജീരകം ദഹനത്തിനും മെറ്റബോളിസത്തിനും സഹായിക്കുന്നതും ഭക്ഷണത്തില്‍ നിന്നുള്ള പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ ഇടയാക്കുന്നതും വിശപ്പ് കുറയ്ക്കാനിടയാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പെരുംജീരകവെള്ളം കുടിക്കാന്‍ ഏറ്റവും നല്ല സമയം ഏതാണ്?
രാവിലെ വെറുംവയറ്റില്‍ പെരുംജീരകവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും, മെറ്റബോളിസം വര്‍ധിപ്പിക്കാനും, വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. വേനല്‍ക്കാലത്ത് ഈ വെള്ളം കുടിക്കുകയാണെങ്കില്‍ അത് ശരീരം തണുപ്പിക്കാനും ചൂട് സംബന്ധമായ ദഹന പ്രശ്‌നങ്ങള്‍ തടയാനും സഹായിക്കും. എന്നിരുന്നാലും, ഭക്ഷണത്തിന് തൊട്ടുപിന്നാലെ പെരുംജീരകവെള്ളം കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തില്‍ പെരുംജീരകം ഉള്‍പ്പെടുത്തുകയാണെങ്കില്‍ സമീകൃതാഹാരത്തിനും ചിട്ടയായ വ്യായാമത്തിനും ഒപ്പം അതുപയോഗിക്കാന്‍ ശ്രദ്ധിക്കുക.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Health Benefits of fennel seed