പഴമയുടെ സ്വാദ്; ഫാസ്റ്റ് ഫുഡിൽ നിന്നും കഞ്ഞിക്കലത്തിലേക്ക്

#ലയന ടി.എം.
കഞ്ഞി | ഫോട്ടോ: റിദിന്‍ ദാമു /  മാതൃഭൂമി
കഞ്ഞി | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

ഗൂഗിൾ മാപിൽ 'റെസ്റ്റോറന്റ് നിയർ മി' എന്ന് സെർച്ച് ചെയ്യുമ്പോൾ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ മാത്രം കണ്ടിരുന്ന സ്ഥാനത്തിപ്പോൾ കഞ്ഞിക്കട റെസ്റ്റോറന്റുകളും സ്ഥാനം പിടിച്ചിരിക്കുകയാണ്. ബിരിയാണിയും മന്തിയും തലപൊക്കിനിൽക്കുന്ന ഈ ഫാസ്റ്റ് ഫുഡ്ക്കാലത്ത് കഞ്ഞിക്കടകളും ഒട്ടും പുറകിലല്ല എന്നതിന്റെ തെളിവാണിത്. കേരളത്തിലെ പഴയ രുചികൾ പുതുതലമുറയിൽ പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുകയാണ്. കഞ്ഞി നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങളിൽ ഒന്നാണ്. രാത്രിയുടെ വിളക്കുകളിൽ മങ്ങിയ വെളിച്ചത്തിലിരുന്ന് മൺകലങ്ങളിൽ വിളമ്പിയ ചൂട് കഞ്ഞി കോരിക്കുടിച്ചൊരു ബാല്യകാലം ഓർമയിലുണ്ടാകും. ന്യൂജെൻ ട്രെൻഡായി മാറിയ കഞ്ഞിക്കടയിലിരുന്ന് കഞ്ഞി കോരിക്കുടിക്കുമ്പോൾ പഴമയിലേക്കുള്ള മടക്കം കൂടിയാണ്. 

ഇത്തരത്തിൽ പഴമയുടെ താളം ചേർത്താണ് ഓരോ കഞ്ഞിക്കടയുടെയും സജ്ജീകരണം. കഞ്ഞിക്കടകളിലെ ഇരിപ്പിടം മുതൽ പഴമയെ ഓർമിപ്പിക്കുന്ന ചാക്കും മുളകൊണ്ടുമുള്ള അലങ്കാരപ്പണികളും ചിത്രപ്പണികളും കഞ്ഞി കുടിക്കുന്ന മൺകലപാത്രങ്ങളും ആകർഷണീയമാണ്. പഴയ ചായക്കടകൾ അനുസ്മരിക്കുംവിധം ബെഞ്ചും ഡെസ്‌കുമാണ് മിക്ക കഞ്ഞിക്കടകളിലെയും ഇരിപ്പിടം. മൊത്തത്തിൽ നൊസ്റ്റാൾജിക് ഫീൽ കൊണ്ടുവരാനായി കഞ്ഞിക്കടകളിൽ പലഭാഗങ്ങളിലായി റാന്തലുകളും സ്ഥാനം പിടിച്ചു. ഇതിനുപുറമെ പലതരം വെറൈറ്റി കഞ്ഞികളാണ് ഓരോ കഞ്ഞിക്കടകളുടെയും ഹൈലൈറ്റ്. മറ്റു ഭക്ഷണസാധനങ്ങളിൽ വ്യത്യസ്തത കൊണ്ടുവന്നതുപോലെ നമ്മുടെ നാടൻ വിഭവമായ കഞ്ഞിയിലും ഈ പരീക്ഷണം കൊണ്ടുവന്നു. 

ചീരക്കഞ്ഞി, ഗോതമ്പ് കഞ്ഞി, മോഹക്കഞ്ഞി, തൈര്കഞ്ഞി, പയർകഞ്ഞി, പലതരം ധാന്യങ്ങൾകൊണ്ടുള്ള മില്ലെറ്റ് കഞ്ഞി, ജീരകക്കഞ്ഞി തുടങ്ങിയവയാണ് കഞ്ഞിക്കടയിലെ താരങ്ങൾ. മോഹക്കഞ്ഞി തേടിയെത്തുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാർ എന്നതും ശ്രദ്ധേയമാണ്. ഇഞ്ചി, മുളക്, കപ്പ, തൈര് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഒരു ഒന്നൊന്നര വിഭവമാണ് മോഹക്കഞ്ഞി. ഔഷധഗുണങ്ങളിൽപെട്ട കഞ്ഞിയാണ് ജീരകക്കഞ്ഞി. ജീരകവും ഉലുവയും അരച്ച തേങ്ങാക്കൂട്ടും ചേർത്തുണ്ടാകുന്നതാണ് ജീരകക്കഞ്ഞി. കഞ്ഞിയിഷ്ടക്കാരിൽ ചെറിയ കുട്ടികൾക്കും ന്യൂജെനിനും ഏറെ പ്രിയപ്പെട്ടതും കാഴ്ചയിലും രുചിയിലും കേമനുമാണ് ചീരക്കഞ്ഞി. ചോറും തൈരും ജീരകവും ചേർത്തുണ്ടാക്കുന്നതാണ് തൈര്കഞ്ഞി. നാടൻ പച്ചക്കറികൾ ഉപയോഗിച്ചുള്ള മെഴുക്കുവരട്ടിയും കടല റോസ്റ്റ്, ഉണക്കമീൻ ചമ്മന്തി, പയർ, ഗ്രീൻപീസ് തുടങ്ങി വൈവിധ്യമാർന്ന ചമ്മന്തികളും തുടങ്ങി കഞ്ഞിക്കൊപ്പം നൽകുന്നു. ഓരോ ദിവസവും ഈ വിഭവങ്ങൾ മാറിക്കൊണ്ടിരിക്കും.
         
ഒരുകാലത്ത് കേരളത്തിലെ ഒരു വിഭാഗം ജനങ്ങളുടെ പ്രാതൽ പഴങ്കഞ്ഞിയായിരുന്നു. രുചിയ്ക്ക് പുറമെ ഇവ ഗുണത്തിലും മുൻപിലാണ്. 'കഞ്ഞിയിലൂടെ ആരോഗ്യം' എന്ന എന്ന പഴയ ചിന്താഗതി ഇന്ന് പുതുതലമുറ ഏറ്റെടുത്തിരിക്കുകയാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കഞ്ഞി പ്രതിവിധിയാകുന്നു. കഞ്ഞിയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നറിഞ്ഞ് അതിരാവിലെ കഞ്ഞി കുടിക്കുന്നവരേറെയാണ്. ചോറ് വെള്ളത്തിലിട്ട് ഏറെനേരം വെയ്ക്കുമ്പോൾ ലാക്ടിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേൺ, പൊട്ടാസ്യം, അയേൺ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വർദ്ധിപ്പിയ്ക്കും. മറ്റു ഭക്ഷണങ്ങളെ അപേക്ഷിച്ച് പഴങ്കഞ്ഞിയിൽ ബി6, ബി12 തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. കഞ്ഞി കുടിക്കുന്നതിലൂടെ ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുകയും ഇത് ശരീരത്തിന്റെ ക്ഷീണമകറ്റാൻ സഹായിക്കുകയും ചെയ്യുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.  

ഇതിനൊപ്പം തന്നെ ചർമ്മത്തിനുണ്ടാകുന്ന പലതരത്തിലുള്ള പ്രശ്‌നങ്ങൾക്കും കഞ്ഞി പ്രതിവിധി കാണുന്നു. ബ്ലഡ് പ്രഷർ, ഹൈപ്പർ ടെൻഷനിൽ നിന്നും മറികടക്കാനും ദഹനശേഷി വർധിപ്പിക്കാനും അൾസറിൽ നിന്നും ശരീരത്തെ സംരക്ഷിക്കാനും പഴങ്കഞ്ഞി നല്ലതാണ്. ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്ത് പഴമയുടെ സൗന്ദര്യവും ആരോഗ്യഗുണങ്ങളും അളക്കിയ കഞ്ഞിക്കടകൾ പുതുതലമുറക്ക് പഴമയുടെ നിമിഷങ്ങളൊരുക്കുകയാണ്. 

Content Highlights: different kinds of porridge, kanjikkadakal